മക്ക: സൂര്യൻ തിങ്കളാഴ്ച കഅ്ബക്ക് നേർ മുകളിലെത്തും. ഉച്ചക്ക് 12.27ന് മക്ക മസ്ജിദുൽ ഹറാമിലെ ദുഹ്ർ ബാങ്ക് വിളി സമയത്താണ് സൂര്യൻ കഅ്ബക്ക് നേർ മുകളിലെത്തുക. ഈ വർഷത്തെ രണ്ടാമത്തേതും അവസാനത്തേതുമായിരിക്കും ഇത്. കഴിഞ്ഞ മെയ് 27നാണ് സൂര്യൻ കഅ്ബക്ക് നേർ മുകളിലെത്തുന്ന ഈ വർഷത്തെ ആദ്യത്തെ പ്രതിഭാസമുണ്ടായത്. ഇൗ സമയത്ത് കഅ്ബക്ക് നിഴൽ ഉണ്ടാകില്ല. അടുത്ത വർഷം മെയ് മാസത്തിലാണ് വീണ്ടും കഅബക്ക് മുകളിൽ സൂര്യനെത്തുക.
സൂര്യൻ കഅ്ബക്ക് മുകളിലെത്തുന്ന നിമിഷം സൂര്യന്റെ പരമാവധി ഉയരം 90 ഡിഗ്രിയിൽ ആയിരിക്കുമെന്ന് ജിദ്ദ ആസ്ട്രോണമി സൊസൈറ്റി വ്യക്തമാക്കി. മക്ക സമയം ഉച്ചക്ക് 12.27ന് മസ്ജിദുൽ ഹറാമിൽ ദുഹ്ർ നമസ്കാരത്തിന് ബാങ്ക് വിളിക്കുന്ന സമയത്തായിരിക്കും ഇത്. ആ സമയം നിഴൽ പൂജ്യമായിരിക്കുകയും കഅ്ബയുടെ നിഴൽ അപ്രത്യക്ഷമാകുകയും ചെയ്യുമെന്നും സൊസൈറ്റി പറഞ്ഞു. വടക്കോ തെക്കോ 23.5 ഡിഗ്രിയിൽ താഴെ അക്ഷാംശങ്ങളിൽ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങൾ വർഷത്തിൽ രണ്ടുതവണ ഈ സംഭവത്തിന് സാക്ഷ്യം വഹിക്കുന്നുവെന്ന് ആസ്ട്രോണമി സൊസൈറ്റി പ്രസിഡൻറ് എൻജിനീയർ മാജിദ് അബു സാഹിറ പറഞ്ഞു.
ഈ ജ്യോതിശാസ്ത്ര പ്രതിഭാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപയോഗം ഖിബ്ല ദിശ നിർണയിക്കലായിരുന്നു. മക്കയിൽനിന്ന് അകലെയുള്ള പ്രദേശങ്ങളിൽ ഖിബ്ല നിർണയിക്കാൻ ഈ പ്രതിഭാസത്തെ പഴമക്കാർ അവലംബിച്ചിരുന്നു. ഭൂമിയുടെ ഉപരിതലത്തിൽ ലംബമായി ഒരു വടി നാട്ടിയായിരുന്നു അവർ ഖിബ്ല നിർണയിച്ചിരുന്നത്. ഈ സമയത്ത് നിഴലിന്റെ വിപരീത ദിശയിലായിരുക്കും കഅ്ബയുടെ കൃത്യസ്ഥാനമെന്നും അബു സാഹിറ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.