അൽഖോബാർ: ‘സൂപ്പർ ബ്ലൂ മൂൺ’ എന്ന അപൂർവ പ്രതിഭാസം സൗദി അറേബ്യയുടെ ആകാശത്തും തെളിഞ്ഞു. ബുധനാഴ്ച രാത്രിയാണ് രാജ്യത്തെ മിക്ക ഇടങ്ങളിലും പൂർണ ചന്ദ്രൻ തിളങ്ങുന്ന ഈ വിസ്മയക്കാഴ്ച ദൃശ്യമായത്. ആകാശത്ത് ചന്ദ്രൻ അദ്വിതീയവും ആകർഷകവുമായ നീലനിറം കൈവരിക്കുകയും അതിന്റെ സൗന്ദര്യം കാഴ്ചക്കാരെയും നിരീക്ഷകരെയും ഏറെ ആകർഷിക്കുകയും ചെയ്തു. ഈ പ്രതിഭാസം സാംസ്കാരികവും ജ്യോതിശാസ്ത്രപരമായും പ്രാധാന്യമുള്ള അപൂർവ സംഭവമായാണ് കണക്കാക്കുന്നത്.
ജിദ്ദ ആസ്ട്രോണമി സൊസൈറ്റിയുടെ അഭിപ്രായത്തിൽ മിക്ക മാസങ്ങളിലും ഒരു പൗർണമി മാത്രമേ സംഭവിക്കുന്നുള്ളൂ. എന്നാൽ ഇന്നലെ രണ്ട് പൗർണമികളാണ് സംഭവിച്ചത്. സൂപ്പർമൂൺ സമയത്ത് ചന്ദ്രൻ ഭൂമിയുടെ ഏറ്റവും അടുത്ത അകലത്തിലാണ് ഉണ്ടാവുക. അപ്പോൾ സാധാരണയേക്കാൾ 14 ശതമാനം വലുതും തെളിച്ചമുള്ളതുമായ കാഴ്ചാനുഭവമായി ചന്ദ്രൻ മാറും. രാത്രിക്ക് പഴക്കമേറുന്തോറും ചന്ദ്രനെ വലയംചെയ്യുന്ന ശനി ഗ്രഹത്തെ ദൂരദർശിനിയിലൂടെ കണ്ടെത്താൻ നക്ഷത്രനിരീക്ഷകർക്ക് കഴിയുമെന്ന് നാസയിലെ ജ്യോതിശാസ്ത്രജ്ഞർ പറഞ്ഞു.
ശരാശരി രണ്ടര വർഷത്തിലൊരിക്കൽ മാസത്തിന്റെ പ്രാരംഭ മണിക്കൂറുകൾക്കുള്ളിൽ ചന്ദ്രൻ പൂർണഘട്ടത്തിൽ പ്രവേശിക്കുമ്പോഴാണ് ‘ബ്ലൂ മൂൺ’ പ്രതിഭാസം സംഭവിക്കുന്നത്. തെക്കുകിഴക്കൻ ചക്രവാളത്തിൽനിന്ന് സൂര്യാസ്തമയത്തോടൊപ്പം ഉദിക്കുകയും തെക്കുകിഴക്കുനിന്ന് പിറ്റേദിവസത്തെ സൂര്യോദയത്തോടെ അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ബ്ലൂ മൂണിന്റെ ദൃശ്യമായ വലുപ്പം പ്രതിമാസ പൗർണമികളുടെ ശരാശരി വലുപ്പത്തേക്കാൾ ഏകദേശം ഏഴു ശതമാനം കൂടുതലാണ്.
കൂടാതെ തെളിച്ചം ഏകദേശം 15 ശതമാനം കൂടുതൽ തീവ്രമാണ്. ചന്ദ്രൻ ആകാശത്ത് ഉയരത്തിലായിരിക്കുമ്പോൾ അതിന്റെ പ്രകടമായ വലുപ്പത്തിലുള്ള വ്യത്യാസം എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയില്ല. വ്യാഴാഴ്ച പുലർച്ച 4.45ഓടെ സൂര്യനിൽനിന്ന് 180 ഡിഗ്രി ചരിഞ്ഞ് ചന്ദ്രൻ അതിന്റെ പൂർണതയുടെ നിമിഷത്തിലെത്തി. ഈ ആഗസ്റ്റോടെ അത് ഭൂമിയെ ചുറ്റിപ്പറ്റിയുള്ള ഭ്രമണപഥത്തിന്റെ പകുതിയിലധികം പൂർത്തിയാക്കിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.