അഖില, സുബി, മുഹമ്മദ് ഖാദിർ അഖീൽ

ത്വാഇഫ്‌ വാഹനാപകടം: നഴ്സുമാരായ അഖിലയുടെയും സുബിയുടെയും മൃതദേഹങ്ങൾ നാട്ടിലേക്കയച്ചു

ത്വാഇഫ്: കഴിഞ്ഞ മാസം 28ന് സൗദിയിലെ ത്വാഇഫിനടുത്ത് അൽമോയയിൽ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മലയാളി നഴ്സുമാരായ അഖിലയുടെയും സുബിയുടെയും മൃതദേഹങ്ങൾ നാട്ടിലേക്കയച്ചു. അപകടത്തിൽ മരിച്ച ബസ് ഡ്രൈവര്‍ ബീഹാർ സ്വദേശി മുഹമ്മദ് ഖാദിർ അഖീലിൻെറ മൃതദേഹം നേരത്തെ അൽമോയ മഖ്ബറയിൽ ഖബറടക്കിയിരുന്നു.

റിയാദ് അൽ ഖർജിൽ നിന്നും ജിദ്ദയിലേക്ക് വരുന്നതിനിടെ ത്വാഇഫിൽ നിന്നും 200 കിലോമീറ്റർ അകലെ അൽമോയയിൽ വെച്ച് ബസ് താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം. റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ അദാൽ കമ്പനിക്ക് കീഴിൽ നഴ്സുമാരായിരുന്ന കൊല്ലം ആയൂർ സ്വദേശിനി സുബി ഗീവർഗീസ് ബേബി (33), കോട്ടയം വൈക്കം വെച്ചൂർ സ്വദേശിനി അഖില മുരളി (29) എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് പുലർച്ചെയാണ് നാട്ടിലേക്ക് കൊണ്ടുപോയത്. 1.40ന് ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും ഇത്തിഹാദ് വിമാനത്തിൽ അബൂദാബി വഴി കൊച്ചിയിലേക്കാണ് കൊണ്ടുപോയത്. ബുധനാഴ്‌ച പുലർച്ചെ 1.20 ന് കൊച്ചിയിലെത്തുന്ന മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശങ്ങളിലെത്തിച്ചു സംസ്കരിക്കും.

അൽമോയ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളുമായി ബന്ധപ്പെട്ട തുടർനടപടികൾ ത്വാഇഫ്കെ.എം.സി.സി പ്രസിഡൻറും കോൺസുലേറ്റ് കമ്മ്യൂണിറ്റി വെൽഫയർ കമ്മിറ്റി അംഗവുമായ നാലകത്ത് മുഹമ്മദ് സാലിഹ്, ജിദ്ദ നവോദയ ത്വാഇഫ് കമ്മിറ്റി ഭാരവാഹി മോബിൻ തോമസ്‌, ബ്രദേഴ്സ് ത്വാഇഫ് പ്രസിഡൻ്റും കോൺസുലേറ്റ് കമ്മ്യൂണിറ്റി വെൽഫെയർ കമ്മിറ്റി അംഗവുമായ പന്തളം ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്.

ഫെബ്രുവരി മൂന്നിനാണ് ഇവർ റിയാദിൽ എത്തിയിരുന്നത്. അവിടെ നിന്നും ക്വാറൻറീൻ പൂർത്തിയാക്കി ജിദ്ദയിലെ വിവിധ ആശുപത്രികളിൽ ജോലിക്ക് പ്രവേശിക്കാൻ വരുന്നതിനിടയിലായിരുന്നു അപകടം. ഡ്രൈവറടക്കം എട്ട് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ബാക്കിയുള്ള അഞ്ചു നഴ്‌സുമാരിൽ പത്തനംതിട്ട അർത്തുങ്കൽ സ്വദേശിനി ആൻസി ജിജി ത്വാഇഫ് കിങ് ഫൈസൽ ആശുപത്രിയിലും തമിഴ്നാട് സ്വദേശിനികളായ കുമുദ അറുമുഖം, റോമിയാ കുമാർ എന്നിവർ ത്വാഇഫ് കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലും ചികിത്സയിലാണ്. ശസ്ത്രക്രിയ കഴിഞ്ഞ ആൻസി ജിജിക്ക് വേണ്ട വിദഗ്ധ ചികിത്സക്ക് കമ്പനി രംഗത്തുണ്ട്. നിസാര പരിക്കേറ്റ കൊല്ലം പുനലൂർ സ്വദേശിനി പ്രിയങ്ക, തമിഴ്നാട് സ്വദേശിനി വജിത റിയാസ് എന്നിവർ നേരത്തെ ആശുപത്രി വിട്ടിരുന്നു.

Tags:    
News Summary - Taif accident: dead bodies of nurses sent home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.