ത്വാഇഫ്: ത്വാഇഫ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ അഡീഷനൽ ലോഞ്ച് ഗവർണർ അമീർ സഊദ് ബിൻ നഹർ ഉദ്ഘാടനം ചെയ്തു. ഹജ്ജിനോടനുബന്ധിച്ച് തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനാണ് പുതിയ ലോഞ്ച് പ്രവർത്തനമാരംഭിച്ചത്. പ്രതിവർഷം അഞ്ചു ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എൻജി. സ്വാലിഹ് അൽ ജാസർ, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡൻറ് അബ്ദുൽ അസീസ് അൽ ദുവൈലെജ്, എയർപോർട്ട് ക്ലസ്റ്റർ കമ്പനി സി.ഇ.ഒ എൻജി. അലി മസാരി എന്നിവർ ഉദ്ഘാടനവേളയിൽ സന്നിഹിതരായിരുന്നു.
പുതിയ ലോഞ്ചിന്റെ നിർമാണത്തിന് അഞ്ച് മാസമെടുത്തതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡൻറ് അബ്ദുൽ അസീസ് അൽ ദുവൈലെജ് പറഞ്ഞു. പുതിയ ലോഞ്ച് വിമാനത്താവളത്തിന്റെ മൊത്തം ശേഷിയെ ഇരട്ടിയാക്കും. 10 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. വിസ്തീർണം ഏകദേശം 6,400 ചതുരശ്ര മീറ്ററാണ്. സഞ്ചാരികളെ സ്വീകരിക്കുന്നതിന് ഒമ്പത് പ്ലാറ്റ്ഫോമുകളുണ്ട്. 20 പാസ്പോർട്ട് കൗണ്ടറുകളും സുരക്ഷ പരിശോധനക്കായി മൂന്ന് കൗണ്ടറുകളും ഉണ്ട്. മൂന്ന് വൈഡ് ബോഡി എയർക്രാഫ്റ്റ് ഉൾപ്പെടെ വിമാനത്താവളത്തിലെ പാർക്കിങ് ലോട്ടുകളുടെ എണ്ണം 13 ആകും.
വിമാനത്താവളത്തിലെ സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനായി, റീട്ടെയിൽ സ്റ്റോറുകൾ, ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ, റസ്റ്റാറൻറുകൾ, കഫേകൾ എന്നിവക്ക് അനുവദിച്ചിട്ടുള്ള വാണിജ്യ ഇടങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. യാത്രക്കാരുടെ അനുഭവം സമ്പന്നമാക്കുന്നതിനും കാത്തിരിപ്പ് സമയങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ നൽകുന്നതിനുമായി 200ലധികം പാർക്കിങ് സ്ഥലങ്ങളുമുണ്ടെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.