റിയാദ്: രോഗവും പലതരം ദുരിതങ്ങളും വേട്ടയാടിയ നിരാലംബന് തുണയായി മനുഷ്യസ്നേഹികൾ. ഇഖാമയുടെ കാലാവധി കഴിഞ്ഞതിനാൽ മൂന്നര വർഷമായി നാട്ടിൽ പോയിട്ടില്ല. രണ്ടുവൃക്കകളെയും രോഗം കാർന്നുതിന്നുന്നതിനാൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് ചെയ്താണ് അതിജീവനം. ഒന്നര മാസമായി ആശുപത്രിയിൽ. ദിവസങ്ങൾ കഴിയുംതോറും ചികിത്സാബില്ല് കൂടികൊണ്ടേയിരുന്നു. ഈ പണം കെട്ടാൻ സ്വയം ത്രാണിയില്ല. സഹായിക്കാനും ആരുമില്ല. സ്പോൺസർ തിരിഞ്ഞുനോക്കുന്നില്ല. നാട്ടിൽ ഉറ്റവരുടെ അടുത്തെത്താനാണെങ്കിൽ രേഖകളൊന്നുമില്ലാത്തത് വഴിമുടക്കുന്നു. മലയാളി സാമൂഹികപ്രവർത്തകരുടെ ശ്രദ്ധ പതിയും വരെ ഇതായിരുന്നു തമിഴ്നാട് തിരുന്നൽവേലി പാളയംകോട്ടൈ സുടലൈ കോയിൽ സ്ട്രീറ്റ് സ്വദേശി ജാഗിർ ഹുസൈന്റെ (48) അവസ്ഥ.
1,30,000 റിയാലിന്റെ ചികിത്സാ ബില്ല് റിയാദിലെ ആസ്റ്റർ സനദ് ആശുപത്രി തൽക്കാലം വേണ്ടെന്ന് വെച്ചു. ശിഹാബ് കൊട്ടുകാടിെൻറ നേതൃത്വത്തിൽ സാമൂഹികപ്രവർത്തകർ നടത്തിയ ശ്രമം എല്ലാ നിയമതടസ്സങ്ങളും ഒഴിവാക്കി നാട്ടിലേക്കുള്ള വഴി തുറപ്പിച്ചു. ഇന്ത്യൻ എംബസി യാത്രാ ചെലവ് വഹിക്കാൻ തയാറായി. ഒടുവിൽ വീൽച്ചെയറിന്റെ സഹായത്താൽ നാട്ടിലേക്ക് വിമാനം കയറി.
അഞ്ചുവർഷമായി റിയാദിലെ വർക്ക്ഷോപ്പിൽ ജീവനക്കാരനായിരുന്നു. മൂന്നര വർഷം മുമ്പ് ഇഖാമയുടെ കാലാവധി കഴിഞ്ഞു. പുതുക്കി നൽകാൻ തൊഴിലുടമ തയാറായില്ല. അതിനിടയിലാണ് വൃക്കകളിൽ രോഗം മുളപൊട്ടിയത്. തീർത്തും അവശനായപ്പോൾ ആരോ ആസ്റ്റർ സനദ് ആശുപത്രിയിൽ എത്തിച്ചു. ഒന്നര മാസം അവിടെ കിടന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് ചെയ്തു. ഓരോ ദിവസവും ആശുപത്രി ബില്ല് കൂടിവന്നു. ഇതാര് നൽകുമെന്ന് ആശുപത്രി അധികൃതർക്കും ഒരു പിടിയുമില്ലായിരുന്നു.
തൊഴിലുടമയെ വിളിച്ചുചോദിച്ചെങ്കിലും അയാൾ കൈമലർത്തി. ഇതിനിടയിലാണ് വലിയ ആശ്വാസമായി ശിഹാബ് കൊട്ടുകാടിന്റെ ഇടപെടൽ. പിന്നീടെല്ലാം വേഗത്തിലായി. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ രേഖകളൊക്കെ ശരിയാക്കി. ആശുപത്രി മാനേജ്മെൻറ് പ്രതിനിധികളായ ഷംസീർ, സുജിത് അലി മൂപ്പൻ, ജീന എന്നിവർ ഇടപെട്ട് ആശുപത്രി ബില്ലിൽ താൽക്കാലിക ആശ്വാസമുണ്ടാക്കി ഡിസ്ചാർജ് നൽകി. എംബസി വെൽഫയർ വിങ് മേധാവി എം.ആർ. സജീവ് ഇടപെട്ട് വിമാനയാത്രക്കുള്ള പണം അനുവദിച്ചു. കൂടെ പോകാൻ ഒരു യാത്രക്കാരനെയും ലഭിച്ചു.
സൗദി എയർലൈൻസ് വിമാനത്തിൽ എത്തിയ ജാഗിറിനെ സ്വീകരിക്കാൻ തിരുന്നൽവേലിയിൽനിന്ന് കുടുംബം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയിരുന്നു. തിരുന്നൽവേലിയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശിഹാബ് കൊട്ടുകാടിനൊപ്പം സഹായത്തിന് ഉണ്ടായിരുന്നത് തമിഴ്നാട് സ്വദേശികളായ ലോക്നാഥൻ, സിക്കന്ദർ എന്നിവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.