തനിമ മക്ക സംഘടിപ്പിച്ച ഓൺലൈൻ സൗഹൃദസംഗമം
മക്ക: മക്കയിലെ പ്രമുഖ മത, രാഷ്ട്രീയ സംഘടന പ്രതിനിധികളെ പങ്കെടുപ്പിച്ച് തനിമ മക്ക ഓൺലൈൻ സൗഹൃദസംഗമം സംഘടിപ്പിച്ചു. വർത്തമാനകാല സാഹചര്യത്തിൽ ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും ഇസ്ലാംമതത്തെയും മുസ്ലിംകളെയും അരികുവത്കരിക്കാൻ നടത്തുന്ന രാഷ്ട്രീയശ്രമങ്ങളെ മുഖ്യപ്രഭാഷണം നടത്തിയ ഉമർ ഫാറൂഖ് ചൂണ്ടിക്കാണിച്ചു.
എല്ലാ വിഷയങ്ങളിലും ചില മുസ്ലിം സംഘടനകളെ ചൂണ്ടിക്കാണിച്ച് ഇസ്ലാമിനെത്തന്നെ തെറ്റിദ്ധരിപ്പിക്കുന്ന ഇടതുപക്ഷത്തിന്റെ നടപടി അപകടകരമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. തനിമ മക്ക പ്രസിഡൻറ് അബ്ദുൽ ഹക്കീം പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്ന ഉത്തരേന്ത്യൻ മോഡൽ വർഗീയ വോട്ട്ബാങ്ക് രാഷ്ട്രീയം കേരളത്തിൽ നടത്താനുള്ള ശ്രമമാണ് ഇടതുപക്ഷം ഏതാനും നാളുകളായി നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഷാനിയാസ് കുന്നിക്കോട് (ഒ.ഐ.സി.സി) പ്രഭാഷണത്തിൽ സൂചിപ്പിച്ചു.
മക്ക ദഅവ സെൻററിനെ പ്രതിനിധാനം ചെയ്ത് അൻവർ സിദ്ദീഖ് സംസാരിച്ചു. ഇസ്ലാമിനെയും മുസ്ലിംകളെയും സംബന്ധിച്ചിടത്തോളം ഇത്തരം സാഹചര്യങ്ങൾ ചരിത്രത്തിൽ ഉണ്ടായിരുന്നതാണെന്നും ഭാവിയിലും പ്രതീക്ഷിക്കേണ്ടതാണെന്നും ഇസ്ലാമിക സന്ദേശം കൂടുതൽ പേരിലേക്ക് എത്തിക്കാനുള്ള അവസരമാക്കി സന്ദർഭം മാറ്റേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. മക്ക കെ.എം.സി.സി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ പങ്കെടുത്തു. അബ്ദുൽ നാസർ ഖിറാഅത്ത് നടത്തി. നസീം ത്വാഇഫ് സ്വാഗതവും അനീസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.