മക്ക: അല്ലാഹുവിന്റെ അതിഥികളായി മക്കയില്‍ എത്തുന്ന ഹാജിമാരെ സേവിക്കാൻ ഈ വർഷവും തനിമ വനിത വളന്റിയർ വിങ് സജീവം. അസീസിയയിൽ ഇന്ത്യൻ ഹാജിമാർക്ക് ഒരുക്കിയ താമസ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഇവരുടെ സേവന പ്രവർത്തനങ്ങൾ. ബന്ധുക്കൾ കൂടെയില്ലാതെ എത്തുന്ന (നോൺ മെഹ്‌റം) സ്ത്രീകൾക്കാണ് ഇവരുടെ സേവനം ഏറെ പ്രയോജനപ്പെടുന്നത്. ഓരോ ദിവസവും അത്തരം തീർഥാടകർ താമസിക്കുന്ന കെട്ടിടങ്ങളിലെത്തി ആവശ്യമായ സേവനങ്ങളും സഹായങ്ങളും ഉറപ്പു വരുത്തിയാണ് വളന്റിയർമാർ മടങ്ങുന്നത്. ഇവരുടെ പരിചരണവും സാമീപ്യവും ഹാജിമാർക്ക് ഏറെ ആശ്വാസവും മാനസിക ഉന്മേഷവും നൽകുന്നുണ്ട്. രോഗികളായ ഹാജിമാരെ റൂമുകളിലും ആശുപത്രികളിലും ശുശ്രൂഷിക്കുക, ഹാജിമാർക്ക് ഭക്ഷണമെത്തിക്കുക, ഡിസ്പെൻസറികളിലും മറ്റും എത്തുന്ന ഭാഷാ പ്രശ്നങ്ങളുള്ള ഹാജിമാർക്ക് മൊഴിമാറ്റം നടത്തി സഹായിക്കുക തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ഇവർ ചെയ്തു വരുന്നു.
അറഫാ, മിന എന്നിവിടങ്ങളിലും വനിതകൾ സേവനത്തിന് ഉണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു. മക്കയിലെ വീട്ടമ്മമാരും ആരോഗ്യരംഗത്തും മറ്റും ജോലി ചെയ്തു വരുന്ന സ്ത്രീകളുമാണ് ഒഴിവുസമയം മാറ്റിവെച്ച് തനിമ വളന്റിയർ വിങ്ങിനു കീഴിൽ സേവനത്തിനെത്തുന്നത്. ആദ്യ ഹാജി മക്കയിൽ എത്തിയത് മുതൽ തുടങ്ങിയ സേവനങ്ങൾ അവസാന ഹാജി മക്ക വിടുന്നത് വരെ നീളും. കോൺസുലേറ്റിന്റെ നിർദേശപ്രകാരം കഴിഞ്ഞ രണ്ടു വെള്ളിയാഴ്ചകളിൽ നടന്ന ഹറം ഫ്രൈഡേ ഓപറേഷനിൽ തനിമയുടെ വനിത വളന്റിയർമാരുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമായിരുന്നു. വനിത കോഓഡിനേറ്റർ ഷാനിബ നജാത്താണ് വനിത വളന്റിയർ വിങ്ങിന് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.