റിയാദ്: ഒരുകാലത്ത് സൗദിയിൽ മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ടെലിവിഷൻ പരിപാടിയായിരുന്ന ‘താഷ് മ താഷ്’ തിരിച്ചെത്തി. ആദ്യ എപ്പിസോഡ് റമദാൻ ഒന്നിന് എം.ബി.സി ചാനലിൽ സംപ്രേഷണം ചെയ്തു. ഇഷ്ട ഹാസ്യസീരിയൽ വീണ്ടും കാണാനായതിന്റെ ആഹ്ലാദം ആരാധകർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. റമദാനിൽ ഇഫ്താറിന് ശേഷം ഹ്രസ്വസമയത്ത് ചാനലിൽ വന്നിരുന്ന ഈ നർമരസത്തിൽ ചാലിച്ച സാമൂഹിക വിമർശന പരിപാടിക്ക് ദേശ-ഭാഷ വ്യത്യാസമില്ലാതെ ആരാധകരുണ്ടായിരുന്നു. ഭാഷ ഒരു പ്രശ്നമല്ലാതെ ഏതൊരാൾക്കും ആസ്വദിക്കാൻ കഴിയുംവിധം തയാറാക്കിയതായിരുന്നു പരിപാടി.
ആനുകാലിക സംഭവങ്ങൾ, കുടുംബത്തിലെ തമാശകൾ, സൗദി ജീവിതശൈലികളിലെ അമളികൾ, വിദേശികളും സൗദികളും തമ്മിലുള്ള ഇടപഴകലുകൾ, അതിനിടയിലെ തമാശകൾ തുടങ്ങി ദൈനംദിന ജീവിതത്തിലെ ചെറിയ സംഭവങ്ങൾ പോലും ഫലിതത്തിൽ ചാലിച്ച് അവതരിപ്പിച്ച താഷ് മ താഷ് ഒരുതവണ കാണാനിടയായാൽ അടുത്ത എപ്പിസോഡുകൾക്കുവേണ്ടി കാത്തിരിക്കുന്നത്ര ആകർഷകമായിരുന്നു. ടിക് ടോക്, സ്നാപ് ചാറ്റ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ ഇന്ന് വരുന്ന പല തമാശകളും താഷ്മ മ താഷ് നേരത്തെ ആവിഷ്കരിച്ചുകഴിഞ്ഞതാണ്.
മലയാള ചാനലുകളും അതിലെ ഹാസ്യപരിപാടികളും ഇന്നത്തെ പോലെ അത്ര സജീവമാകാത്ത കാലത്തായിരുന്നു പ്രവാസി മലയാളികൾക്കിടയിൽ ഈ പരിപാടിക്ക് വലിയ സ്വീകാര്യത കിട്ടിയത്. ലളിതമായ ഭാഷയിൽ അറബിഭാഷ തീരെ അറിയാത്തവർക്കുപോലും ആശയം പിടികിട്ടുന്ന രീതിയിലായിരുന്നു സംവിധാനം അബ്ദുൽ ഖാലിക് അൽഗാനിം ‘താഷ് മ താഷ്’ ഒരുക്കിയിരുന്നത്. 2021 മേയ് മാസത്തിൽ ഖാലിക് മരിച്ചു. ഇപ്പോൾ ബഹ്റൈൻ സംവിധായകൻ മുഹമ്മദ് അൽ ഖഫസാണ് ‘താഷ് മ താഷ്’ പുതിയരീതിയിൽ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. നാസർ അൽഖസബി, അബ്ദുല്ല അൽസദൻ എന്നിവരാണ് ആദ്യകാലം മുതലേയുള്ള പ്രധാന അഭിനേതാക്കൾ. സൗദിയെ കൂടാതെ ജോർഡൻ, സിറിയ, ഇറാഖ്, ഈജിപ്ത്, ലെബനൻ എന്നീ രാജ്യക്കാരുമായ 109ഓളം കലാകാരന്മാർ ഈ പരിപാടിയിലെ കഥാപാത്രങ്ങൾക്കും മുമ്പും ഇപ്പോഴും ജീവൻനൽകുന്നു.
ദിനചര്യകൾ അടിമുടിമാറുന്ന റമദാൻ മാസത്തിൽ ഭക്ഷണവിഭവങ്ങൾ ഒരുക്കുക, ആരാധനകർമങ്ങളിൽ മുഴുകുക എന്നതിനൊപ്പം കുടുംബസദസ്സിലും സൗഹൃദം സംഗമ സ്ഥലങ്ങളായ മജ്ലിസുകളിലും ആളുകൾ ആസ്വദിക്കുന്ന പ്രത്യേക ‘റമദാൻ വിഭവം’ കൂടിയാണ് താഷ് മ താഷ്. സമൂഹം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ ലളിതമായി പ്രേക്ഷകരുടെ ശ്രദ്ധനേടുംവിധം അവതരിപ്പിക്കുകവഴി സമൂഹത്തിൽ വലിയ സ്വാധീനംചെലുത്താൻ ഈ പരിപാടിക്ക് കഴിഞ്ഞിരുന്നു.
മൂന്ന് പതിറ്റാണ്ട് മുമ്പ് ടെലിവിഷനിലെത്തിയ ഈ പരിപാടിക്ക് 2011ലാണ് താൽക്കാലിക തിരശ്ശീല വീണത്. തുടർന്ന് പ്രധാന അഭിനേതാക്കളായ അൽഖസബിയും അൽസദാനും വ്യത്യസ്ത വഴികളിൽ കലാജീവിതം തുടർന്നു. നിരവധി പരമ്പരകളിലും നാടകങ്ങളിലും ടി.വി ഷോകളിലും അവർ സജീവമായിരിക്കെയാണ് താഷ് മ താഷ് തിരിച്ചുവരുന്നത്. 2022 നവംബറിൽ, ജനറൽ എൻറർടെയിൻമെൻറ് അതോറിറ്റി ചെയർമാൻ തുർക്കി അൽ അൽ-ഷൈഖ് ‘താഷ് മാ താഷ്’ ഇത്തവണ റമദാനിൽ മടങ്ങിയെത്തുമെന്നും അതിനായുള്ള തയാറെടുപ്പുകൾ അണിയറയിൽ ആരംഭിച്ചുവെന്നും ട്വീറ്റ് ചെയ്തിരുന്നു. ഈ പ്രഖ്യാപനത്തെ ആരാധകർ ആവേശപൂർവമാണ് സ്വാഗതംചെയ്തത്.
അതോറിറ്റിയും എം.ബി.സി സ്റ്റുഡിയോയും ചേർന്നാണ് പുതിയ എപ്പിസോഡുകൾ നിർമിക്കുന്നത്. ആരാധകരുടെ പ്രതീക്ഷക്ക് നിറംപകരുംവിധം അറബ് സദസ്സുകളിൽ ചിരിപടർത്തിയാണ് ആദ്യ എപ്പിസോഡ് അവസാനിച്ചത്. എട്ട് വർഷം മുമ്പ് സൗദി തലസ്ഥാനത്തെ ഒരു കുടുംബം മരുഭൂമിയിലേക്ക് ഉല്ലാസയാത്ര പോകുന്നതാണ് ഇതിവൃത്തം. യാത്രികർ അപ്രതീക്ഷിതമായുണ്ടായ ഇടിമിന്നലിലും മഴയിലുംപെട്ട് ദിക്കറിയാതെ മരുഭൂമിയിൽ കുടുങ്ങിപ്പോകുന്നു.
തുടർന്ന് എട്ടുവർഷത്തിന് ശേഷം അവർ നഗരത്തിലേക്ക് മടങ്ങിയെത്തുന്നു. അപ്പോഴേക്കും അത്ഭുതകരമായ മാറ്റത്തിന് രാജ്യം സാക്ഷ്യംവഹിച്ചുകഴിഞ്ഞിരുന്നു. സ്ത്രീകൾ വാഹനമോടിക്കുന്നതും ഏത് മേഖലയിലും കാണപ്പെട്ട സ്ത്രീശാക്തീകരണവും ഉൾപ്പെടെ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ അവരെ ആശ്ചര്യപ്പെടുത്തി. അവിശ്വസനീയമായ കാഴ്ച കണ്ടതിന്റെ അടക്കംപറച്ചിലും കലാകാരന്മാരുടെ ശരീരഭാഷയുമെല്ലാം ആസ്വാദകരെ രസിപ്പിക്കുംവിധമായിരുന്നു. പുതുതലമുറയിലെ പ്രേക്ഷകരെയും ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ‘താഷ് മ താഷിന് കഴിയുന്നുണ്ടെന്നതാണ് ശ്രദ്ധേയമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.