ഹരിതവഴിയിൽ ജീവിതം സമർപ്പിച്ച ഇബ്രാഹിം ഹാജിക്ക്​ പ്രവാസഭൂമികയുടെ കണ്ണീരണിഞ്ഞ യാത്രാമൊഴി

ദമ്മാം: മൂന്നര പതിറ്റാണ്ടിലധികം ദമ്മാമിന്റെ പ്രവാസഭൂമികയിൽ ഹരിതവഴിയിലെ മാതൃകയായി ജീവിതം അടയാളപ്പെടുത്തി മടങ്ങിയ കണ്ണുർ ശ്രീകണ്ഠാപുരം, പഴയങ്ങാടി സ്വദേശി ഇബ്രാഹിം മൗലവിയുടെ വേർപാടറിഞ്ഞ്​ പ്രവാസ ലോകവും കണ്ണീരണിഞ്ഞു. കഴിഞ്ഞ ദിവസം കണ്ണൂർ നാറാത്ത്​ ഉണ്ടായ വാഹനാപകടത്തിലാണ്​ ഇബ്രാഹിം ഹാജി മരണമടഞ്ഞത്​.

മൂന്ന്​ വർഷങ്ങൾക്ക്​ മുമ്പാണ്​ അദ്ദേഹം പ്രവാസത്തിന്​ വിരാമമിട്ട്​ നാട്ടിലേക്ക്​ മടങ്ങിയത്​. ദമ്മാമിൽ കെ.എം.സി.സി പ്രസ്​ഥാനത്തെ കെട്ടിപ്പടുത്തി വളർത്തുന്നതിന്​ ജീവിതം സമർപ്പിച്ചപ്പോഴും അധികാര വഴികളിൽ നിന്ന്​ മാറി നടന്ന കർമ്മയോഗിക്ക്​ അർഹമായ അംഗീകാരം നൽകിയാണ്​ അവസാനം കെ.എം.സി.സി പ്രവർത്തകർ അദ്ദേഹത്തെ യാത്രയയച്ചത്​. നാട്ടിലും സജീവമായ രാഷ്​ട്രീയ പ്രവർത്തനത്തിനൊപ്പം ജീവിതം നട്ടുപിടിപ്പിക്കാനുള്ള ശ്രമത്തിനിടയിലാണ്​ അദ്ദേഹത്തെ മരണം കൂട്ടിക്കൊണ്ട്​ പോയത്​.

പ്രവാസ ജീവിതത്തിലുടനീളം വലിയ സൗഹൃദ വലയം സൂക്ഷിച്ച ഇബ്രാഹിം മൗലവിയുടെ വേർപാട്​ സാമൂഹിക മാധ്യമങ്ങളിലുടെയാണ്​ അതിരാവി​ലെ തന്നെ പ്രവാസ ലോകത്ത്​ എത്തിയത്​. ഗൾഫിലുടനീളമുള്ള അനേകം പേരാണ്​ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചത്​. നാട്ടിൽ നിന്ന്​ കിട്ടിയ ദീനി വിദ്യാഭ്യാസത്തിന്റെ മൂല്ല്യങ്ങൾ ജീവിതത്തിൽ എക്കാലവും സൂക്ഷിച്ച അദ്ദേഹംആഢംബരത്തിന്റെയും അത്യാർത്തിയുടേയും പിറകെ പോകാതെ ജീവിതം ലാളിത്യത്തിലും മൂല്ല്യബോധത്തിലും ചിട്ടപ്പെടുത്തുകയായിരുന്നു.

സൈക്കിളിൽ മിഠായിക്കച്ചവടക്കാരനായി ദമ്മാമിലെ ഇടവഴികളിലുടെ സഞ്ചരിക്കുന്നതിനൊപ്പം ഹരിതരാഷ്​ട്രീയ​ത്തിന്റെ പ്രപചാരകനായി അദ്ദേഹം സ്വയം മാറുകയായിരുന്നു. ചന്ദ്രിക ദിന പത്രം ദമ്മാമിൽ പ്രചരിപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക്​ കെ.എം.സി.സി പ്രവർത്തകർക്ക്​ ഇന്നും ആവേശം പകരുന്നതാണ്​. സ്വന്തം ജീവിതത്തിന്റെ അറ്റങ്ങൾ കൂട്ടിമുട്ടിക്കാനുള്ള യാത്രയിലും മറ്റുള്ളവരുടെ ജീവിതത്തിൽ വെളിച്ചം പകരാനും, സഹായിക്കാനും ഈ മനുഷ്യൻ ഓടി നടന്നു. സമസ്​തയുടേയും ലീഗ്​ രാഷ്​ട്രീയത്തിന്റെയും വിട്ടുവീഴ്​ചയില്ലാത്ത പ്രവർത്തകനായിത്തുടരുമ്പോഴും അധികാര വഴികളിലേക്ക്​ പോരടിച്ചെത്താൻ അദ്ദേഹം തുനിഞ്ഞില്ല. പക്ഷെ അദ്ദേഹത്തെ തിരിച്ചറിഞ്ഞ പ്രവർത്തകർ അവസാന കാലങ്ങളിൽ വലിയ ഉത്തരവാദിത്തങ്ങൾ തന്നെ അദ്ദേഹത്തെ ഏൽപിച്ചു.

ദമ്മാം കെ.എം.സി.സിയുടെ സെക്രട്ടറി, ട്രഷറർ, ചെയർമാൻ, കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പ്രസിഡണ്ട്, ചെയർമാൻ എസ്.കെ.ഐ.സിയുടെ വൈസ് പ്രസിഡന്റ്, ട്രഷറർ, ചെയർമാൻ എന്നീ നിലകളിലേക്ക് അദ്ദേഹം എപ്പോഴും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കെ.എം.സി.സിയുടെ ചരി​ത്രത്തിലെ എക്കാലത്തേയും മികച്ച ഹജ്ജ് സേവനത്തിന്റെ മുൻ നിരയിൽ പ്രായത്തെ വെല്ലുന്ന നിശ്ചയ ദാർഢ്യവുമായി അദ്ദേഹം നിലകൊണ്ടു. സംഘടനാ പ്രവർത്തന വഴികളിലെ സമാനതകളില്ലാത്ത ജീവിതമായിരുന്നു മൗലവിയുടേതെന്ന്​ പ്രവാസ സുഹൃത്തുക്കൾ ഒരുപോലെ ഏറ്റു പറഞ്ഞു.

എനിക്ക്​ ഇവിടെ നിന്ന്​ പരിയാനാവുന്നില്ലല്ലോ എന്ന വിതുമ്പലോടെയാണ്​ ദമ്മാമിൽ മൂന്ന്​ വർഷം മുമ്പ്​ സംഘടിപ്പിച്ച യാത്രയയപ്പ്​ യോഗത്തിൽ അദ്ദേഹം വിടചോദിച്ചത്​. എന്റെ മരണവാർത്തയറിഞ്ഞാൽ നിങ്ങൾ എനിക്ക്​ വേണ്ടി പ്രാർത്ഥിക്കണം എന്ന്​ മാത്രമായിരുന്നു അവസാനം സഹപ്രവർത്തകരോട്​ അദ്ദേഹം ആവശ്യപ്പെട്ടത്​. വ്യാഴാഴ്​ച ദമ്മാമിൽ കെ.എം.സി.സി പ്രവർത്തകർ ഒത്തുകൂടി അദ്ദേഹത്തെ അനുസ്​മരിക്കുകയും പ്രാർഥിക്കുകയും മയ്യത്ത്​ നമസ്​കരിക്കുകയും ചെയ്​തു.

Tags:    
News Summary - Tearful farewell of Ibrahim Haji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.