യാംബു: സൗദിയിൽ തണുപ്പുകാലം കടുക്കുന്നു. മിക്കയിടങ്ങളിലും താപനില താഴ്ന്നു. ചില മേഖലകളിൽ മൂടൽമഞ്ഞ് ശക്തമായി. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അതോറിറ്റി മുന്നറിയിപ്പ് നൽകി. താപനില താഴുന്നത് തുടരുന്നതിനാൽ രാത്രികാലങ്ങളിൽ കൂടുതൽമൂടൽ മഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മക്ക, മദീന മേഖലകളിൽ വരും ദിവസങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ട്.
ദൂരക്കാഴ്ച കുറയുമെന്നതിനാൽ വാഹനമോടിക്കുന്നവർ ശ്രദ്ധ പുലർത്തണമെന്നും കേന്ദ്രം അറിയിച്ചു. ജീസാൻ, അസീർ, അൽബാഹ, തബൂക്ക് എന്നിവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ രാത്രിയിലും പുലർച്ചെയിലും മൂടൽമഞ്ഞ് ശക്തിപ്പെടാൻ സാധ്യതയുണ്ട്. നിലവിൽ തബൂക്കിലെ പർവതനിരകളിൽ മഞ്ഞുവീഴ്ചയുണ്ടായിട്ടുണ്ട്. അൽജൗഫ്, തബൂക്ക്, ഹാഇൽ എന്നിവിടങ്ങളിൽ തണുപ്പും മൂടൽമഞ്ഞും ശക്തിപ്പെടുകയാണ്. തബൂക്ക് മേഖലയിലെ താഴ്വരകളും മലനിരകളും മഞ്ഞുപുതച്ച് മനോഹര കാഴ്ച സമ്മാനിച്ചു. വരും ദിവസങ്ങളിൽ ചെങ്കടലിലെ വടക്കുപടിഞ്ഞാറ് ദിശയിൽ ഉപരിതല കാറ്റിന്റെ ചലനം മണിക്കൂറിൽ 15 മുതൽ 45 കിലോമീറ്റർ വേഗതയിലായിരിക്കും. ചെങ്കടലിലെ തിരമാലകളുടെ ഉയരം ഒന്ന് മുതൽ രണ്ട് മീറ്റർ വരെയാവും. മധ്യഭാഗത്ത് രണ്ടര മീറ്ററിലെത്തുമെന്നും കാലാവസ്ഥ റിപ്പോർട്ട് സൂചിപ്പിച്ചു.
അറേബ്യൻ ഉൾക്കടലിലെ ഉപരിതല കാറ്റിന്റെ ചലനം വടക്കുപടിഞ്ഞാറായി മണിക്കൂറിൽ 20 മുതൽ 50 വരെ കിലോമീറ്റർ വേഗതയിലാകുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.
ശൈത്യകാലത്തിന്റെ വരവോടെ സൗദിയിൽ വിവിധ പ്രദേശങ്ങളിൽ കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ പ്രകടമാണ്. പൊതുവെ സുഖകരമായ കാലാവസ്ഥയാണ് ഇനി മുതൽ മൂന്നുമാസം രാജ്യത്ത് അനുഭവപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.