സൗദിയിലേക്കുള്ള ഫിലിപ്പിനോ ഗാർഹിക തൊഴിലാളി വിസകൾക്ക് താൽക്കാലിക വിലക്ക്

ജിദ്ദ: സൗദി അറേബ്യയിലേക്കുള്ള ഫിലിപ്പിനോ ഗാർഹിക തൊഴിലാളികൾക്കുള്ള വിസ നടപടികൾ സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഈ ആഴ്ച മുതൽ താൽക്കാലികമായി നിർത്തിവെച്ചു. ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നത് കൈകാര്യം ചെയ്യുന്നതിനായി മന്ത്രാലയം ആരംഭിച്ച മുസാനദ് വെബ് പൊട്ടലിൽ ഫിലിപ്പിനോ ഗാർഹിക തൊഴിലാളികളുടെ പുതിയ തൊഴിൽ കരാറുകൾക്കും വിസകൾക്കുമുള്ള എല്ലാ അപേക്ഷകളും അഞ്ച് ദിവസമായി മരവിപ്പിച്ചതായി പ്രാദേശിക പത്രമാണ് റിപ്പോർട്ട് ചെയ്തത്.

ഇത് നിരവധി പ്രാദേശിക റിക്രൂട്ട്‌മെന്റ് ഓഫീസുകളിലെ ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുകയും ചെയ്തു. സൗദിയിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനുള്ള ഫിലിപ്പീൻസ് തൊഴിൽ മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. തൊഴിലാളികളെ അയക്കാനുള്ള തീരുമാനം ഫിലിപ്പീൻസ് പുനഃപരിശോധിച്ചാൽ മാത്രമേ പുതിയ കരാറുകൾക്കും വിസകൾക്കുമുള്ള നിയന്ത്രണം എടുത്തുകളയുകയുള്ളൂ.

ഫിലിപ്പിനോ ഗാർഹിക തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനുള്ള ചെലവ് മൂല്യവർധിത നികുതി ഉൾപ്പെ 21,000 റിയാലിനും 22,000 റിയാലിനും ഇടയിലാണെന്നും രണ്ട് തൊഴിലുടമകൾക്കിടയിൽ ഒരു ഗാർഹിക തൊഴിലാളിയുടെ സേവനം കൈമാറുന്നതിനുള്ള ചെലവ് 25,000 റിയാൽ മുതൽ 30,000 റിയാൽ വരെയാണ്. സേവന കൈമാറ്റത്തിന് ഗാർഹിക തൊഴിലാളികളുടെ അംഗീകാരം ആവശ്യമാണ്. പുരുഷ ഫിലിപ്പിനോ പ്രൊഫഷണൽ തൊഴിലാളികൾക്കായുള്ള അഭ്യർത്ഥനകളുടെ എണ്ണത്തിൽ ഈയിടെയായി വർദ്ധനവുണ്ടായിട്ടുണ്ടെന്ന് സൗദി നിക്ഷേപകനായ ഡോ. സാലിഹ് അൽഖഹ്താനി പറഞ്ഞു.

നേരത്തെ നൽകിയ ഗാർഹിക തൊഴിലാളി വിസകളുടെ നടപടിക്രമങ്ങൾ ഫിലിപ്പീൻസിന്റെ ഭാഗത്ത് നിന്ന് വളരെ സാവധാനത്തിലാണ് നീങ്ങുന്നതെന്നും ചില ഇടപാടുകൾ മൂന്ന് മുതൽ നാല് മാസം വരെ എടുക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫിലിപ്പിനോ ഗാർഹിക തൊഴിലാളികളും അവരുടെ വിദേശ തൊഴിലുടമകളും തമ്മിലുള്ള കരാർ ബന്ധത്തെ നിയന്ത്രിക്കുന്ന ഫിലിപ്പൈൻസ് തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ നിയന്ത്രണങ്ങൾ അംഗീകരിച്ചതിനെ തുടർന്നാണ് റിക്രൂട്ട്‌മെന്റ് പ്രക്രിയ താൽക്കാലികമായി നിർത്തിവച്ചതെന്ന് റിയാദിലെ ഫിലിപ്പീൻസ് എംബസി അറിയിച്ചു.

Tags:    
News Summary - Temporary ban on Filipinos domestic worker visas to Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.