മക്ക: ഈ വർഷത്തെ ഹജ്ജ് സേവനത്തിന് തയാറായ വളന്റിയർമാരുടെ പരിശീലന ക്യാമ്പ് മക്ക അസീസിയിലെ തനിമ സെന്ററിൽ തനിമ വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് ഫസൽ കൊച്ചി ഉദ്ഘാടനം നിർവഹിച്ചു. സേവനത്തെ ആരാധനയായി കാണണമെന്നും ദൈവപ്രീതി മാത്രമായിരിക്കണം സേവനരംഗത്ത് നമ്മെ മുന്നോട്ടു നയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജിനെത്തുന്ന ഓരോ ഹാജിയും അല്ലാഹുവിന്റെ അതിഥികളാണ്. അവരെ സേവിക്കുമ്പോൾ സൂക്ഷ്മത പുലർത്തണമെന്നും അധ്യക്ഷ പ്രഭാഷണം നിർവഹിച്ച തനിമ വളന്റിയർകൺവീനർ അബ്ദുൾ ഹകീം ആലപ്പുഴ പറഞ്ഞു. വളന്റിയർമാരെ ഹജ്ജ് സേവനത്തിന്റെ പ്രാധാന്യമുണർത്തി അബ്ദുൽ മജീദ് വേങ്ങര ഖുർആൻ ക്ലാസ് നടത്തി. ഈ വർഷത്തെ ഹജ്ജ് സേവന പ്രവർത്തനങ്ങളുടെ മാർഗരേഖയും, നിർദ്ദേശങ്ങളും തനിമ മക്ക ഹജ്ജ് വളന്റിയർ വിംങ് കോഓർഡിനേറ്റർ സഫീർ അലി മഞ്ചേരി സദസ്സിൽ അവതരിപ്പിച്ചു. വളന്റിയർ നേതാക്കളായ ടി.കെ ശമീൽ , ഷാനിബ നജാത് എന്നിവർ പുതിയ വളന്റിയർമാർക്ക് പ്രചോദനമാകുംവിധം കഴിഞ്ഞകാല ഹജ്ജനുഭവങ്ങൾ സദസിൽ പങ്കുവെച്ചു
വനിതകളടക്കമുള്ള വളന്റിയർമാർ 2 ഷിഫ്റ്റുകളായാണ് രംഗത്തിറക്കുക. ഹജ്ജിന്റെ ദിനങ്ങളിൽ സൗദിയുടെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള നൂറുകണക്കിന് വളന്റിയർമാരും സേവനത്തിന്റെ ഭാഗമാകുന്നുണ്ട്. ആദ്യ ഹാജി മക്കയിലെത്തിയത് മുതൽ അവസാന ഹാജി മക്ക വിടുന്നതുവരെയും നീണ്ടുനിൽക്കുന്നതാണ് തനിമയുടെ സേവന പ്രവർത്തനങ്ങൾ. ഹറമിന്റെ വിവിധ ഭാഗങ്ങളിലും, ബസ്സ് സ്റ്റോപ്പ് പോയന്റുകളിലും, ഹാജിമാർ താമസിക്കുന്ന ബിൽഡിങ്ങുകൾ കേന്ദ്രീകരിച്ചും വളന്റിയർമാർ സേവനരംഗത്തുണ്ടാവും. രോഗികളായ ഹാജിമാരെ പരിചരിക്കുന്നതിന് പ്രത്യേകം ടീം രൂപീകരിച്ചു പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യൻ ഹജ്ജ് മിഷന്റെ പരിപൂർണമായ സഹകരണത്തോടെയായിരിക്കും ഈ വർഷവും തനിമയുടെ വളന്റിയർ സേവനം. ഹറമിനടുത്തും അസീസിയയിലും വഴിതെറ്റുന്ന ഹാജിമാരെ താമസ്ഥലത്തെത്തിക്കുക, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്ലൈൻ തുടങ്ങിയ സേവനങ്ങളും തനിമ വളന്റിയർമാർ നടത്തുന്നുണ്ട്. അനീസുൽ ഇസ്ലാം സ്വാഗതവും മുന അനീസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.