ജിദ്ദ: സൗദി അറേബ്യക്ക് പുറത്തുനിന്നുവരുന്ന 12 വയസ്സും അതിൽ കൂടുതലുമുള്ള തീർഥാടകർക്ക് ഉംറക്ക് അനുമതി നൽകിയതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. നേരത്തേ 18 വയസ്സ് മുതലുള്ളവർക്കായിരുന്നു അനുമതി. ഉംറ തീർഥാടകർക്ക് നിലവിലുണ്ടായിരുന്ന പരമാവധി 50 വയസ്സ് എന്ന പ്രായപരിധി ഈയിടെയായി മന്ത്രാലയം എടുത്തുകളഞ്ഞു.
ഇനിമുതൽ 12 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വിദേശത്തുനിന്ന് ഉംറ തീർഥാടനത്തിനും ഇരുഹറമുകളിലെയും നമസ്കാരങ്ങൾക്കും റൗദ സന്ദർശനത്തിനും അനുമതിയുണ്ട്.
സൗദിക്കകത്തുനിന്നുള്ള ആഭ്യന്തര തീർഥാടകരിൽ 12 വയസ്സ് മുതൽ പ്രായമുള്ളവർക്ക് നേരത്തേ തന്നെ അനുമതി നൽകിയിരുന്നു.
ആഭ്യന്തര, വിദേശ തീർഥാടകരെല്ലാവരും ഇഅ്തമർനാ, തവക്കൽനാ ആപ്പുകൾ വഴി അനുമതി നേടിയിരിക്കണം. 'തവക്കൽനാ' ആപ്പിൽ ആരോഗ്യനില 'രോഗപ്രതിരോധശേഷി' ഉള്ളതാണെങ്കിൽ മാത്രമേ അനുമതി ലഭിക്കൂ. വിദേശത്തുനിന്ന് വരുന്നവർ സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിന് മുമ്പ് 'ഖുദൂം' പോർട്ടലിൽ വാക്സിൻ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. കൂടാതെ, രാജ്യത്ത് എത്തിയശേഷം തവക്കൽനാ, ഇഅ്തമർനാ ആപ്ലിക്കേഷനുകളിലും രജിസ്റ്റർ ചെയ്യണം. കോവിഡ് വ്യാപനം തടയാനുള്ള എല്ലാ മുൻകരുതൽ നടപടികളും പ്രതിരോധ പ്രോട്ടോകോളുകളും കൃത്യമായി പാലിക്കലും നിർബന്ധമാണ്.
സാമൂഹിക അകലം പാലിക്കൽ നടപടികൾ എടുത്തുകളഞ്ഞെങ്കിലും തീർഥാടകർ പള്ളിക്കകത്ത് മാസ്ക് ധരിക്കൽ നിർബന്ധമാണ്. ഇരുഹറമുകളിലെയും മുഴുവൻ സ്ഥലവും തീർഥാടകർക്കും നമസ്കരിക്കാൻ എത്തുന്നവർക്കും ഉപയോഗിക്കാനുള്ള അനുമതി നേരത്തേ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.