ദമ്മാം: ചെമ്മീനുകളുടെ പ്രജനന കാല സംരക്ഷണത്തിനായി എല്ലാവർഷവും ഏർപ്പെടുത്തുന്ന ആറുമാസം നീണ്ട ട്രോളിങ് നിരോധനത്തിന് ജൂലൈ 31ഓടെ സമാപനമായി. ഇനി ചെമ്മീൻ ചാകരയുടെ കാലമാണ്. കടലിലേക്ക് പോകുന്ന ബോട്ടുകൾക്ക് ഇനി ചെമ്മീനുകളുടെ കൊയ്ത്തുകാലമാണ്.
സൗദി കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫിൽ ഗവർണറേറ്റിെൻറ നേതൃത്വത്തിൽ ഉത്സവാന്തരീക്ഷത്തിലാണ് പുതിയ ചാകരക്കാലത്തിന് തുടക്കമിടുന്നത്. ഇത്തവണയും പതിവുതെറ്റിക്കാതെ ജുലൈ 31 അർധരാത്രിയോടെ പരിസ്ഥിതി-ജല-കൃഷി മന്ത്രാലയം ഡയറക്ടർ ജനറൽ അമർ ബിൻ അലി അൽ മുതൈരിയുടെ ആശീർവാദത്തോടെയാണ് ബോട്ടുകൾ കടലിലേക്ക് പുറപ്പെട്ടത്.
300 ലധികം ബോട്ടുകൾ കടലിൽ പോയെങ്കിലും വളരെക്കുറച്ച് ബോട്ടുകൾ മാത്രമേ പിറ്റേദിവസം ചെമ്മീനുകളുമായി തിരികെയെത്തിയത്. അധികം ബോട്ടുകളും ഉൾക്കടലിൽ ഒരാഴ്ചയിലധികം മത്സ്യബന്ധനം നടത്തിയതിനുശേഷമാണ് തിരികെയെത്തുക. അതുകൊണ്ടുതന്നെ വരും ആഴ്ചകളിലായിരിക്കും ചെമ്മീൻ വിപണി കൃത്യമായി സജീവമാവുക.
കഴിഞ്ഞ ദിവസം ആദ്യമായി വിപണികളിൽ എത്തിയ പരിമിതമായ ചെമ്മീന് ആവശ്യക്കാർ ഏറെയായിരുന്നു. വർഷങ്ങൾക്കു മുമ്പുള്ള സാഹചര്യമല്ല ഇന്ന് വിപണിയിൽ ഉള്ളത്.
നേരത്തേ സീസണുകളിൽ മാത്രം ലഭിച്ചിരുന്ന ചെമ്മീൻ ഇന്ന് വർഷത്തിൽ എല്ലാ ദിവസവും ലഭ്യമാണ് എന്ന പ്രത്യേകതയുണ്ട്. രാജ്യത്ത് പലഭാഗങ്ങളിലും നിരവധി ഫാമുകളിൽ ചെമ്മീൻ വളർത്തുന്നുണ്ട്. ഇത് ഏതാണ്ട് നിത്യേനയെന്നോണം വിപണികളിൽ എത്തുന്നുണ്ട്.
ഒപ്പം യമനിൽനിന്നും ചെമ്മീൻ സൗദി വിപണിയിൽ എത്തുന്നുണ്ട്. എന്നാലും സൗദിയിലെ കടലിൽനിന്ന് ലഭിക്കുന്ന ചെമ്മീനുകൾക്ക് പ്രിയം ഏറെയാണ്. കഴിഞ്ഞ വർഷം 10,000 ടൺ ചെമ്മീൻ വിപണിയിൽ എത്തിയെന്ന് കിഴക്കൻ പ്രവിശ്യയിലെ ഫിഷറീസ് റിസർച് സെൻററിലെ ഫിഷ് ഫാം മേധാവി വലീദ് അൽഷ്വാർഡ് പറഞ്ഞു.
ഇത്തവണ ഉൽപാദനം കൂടാനാണ് സാധ്യതയെന്നാണ് വിലയിരുത്തുന്നത്. തുടക്ക സമയമായതിനാൽ പൊതുവിൽ ഇടത്തരം ചെമ്മീനുകളാണ് വലയിൽ പെടുന്നത്. ഈ മാസം അവസാനമെത്തുമ്പോഴേക്കും വലിയ ചെമ്മീൻ എത്തിത്തുടങ്ങും എന്നാണ് കരുതുന്നത്.
പ്രകൃതി വിഭവങ്ങളെ കൃത്യമായി സംരക്ഷിക്കുകയും അത് കൂടുതൽ ഗുണകരമായി ഉപയോഗിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ആറു മാസം നീളുന്ന ട്രോളിങ് നിരോധനത്തിന് പിന്നിലുള്ളതെന്ന് മേഖലയിലെ പരിസ്ഥിതി-ജല-കൃഷി മന്ത്രാലയം ഡയറക്ടർ ജനറൽ അമർ ബിൻ അലി അൽ മുതൈരി പറഞ്ഞു.
ചെമ്മീനുകളുടെ പ്രജനന ശേഷി വർധിപ്പിക്കാനും അത് സംരക്ഷിക്കാനുമുള്ള അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ആറുമാസം ചെമ്മീൻ പിടിക്കുന്നത് നിരോധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രോളിങ് നിരോധനം അവസാനിച്ചത് മുതൽ മന്ത്രാലയത്തിെൻറ കിഴക്കൻ പ്രവിശ്യയിൽ വടക്ക് ഖഫ്ജി മുതൽ അൽ അഹ്സയുടെ തെക്ക് ഉഖൈർ വരെ വ്യാപിച്ചുകിടക്കുന്ന മേഖലയുടെ തീരത്തുള്ള എല്ലാ ചെമ്മീൻ ബോട്ടുകൾക്കും മത്സ്യബന്ധന പെർമിറ്റ് നൽകുന്നത് തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
16 കിലോയുടെ വില ഇത്തവണ ചെറിയ ചെമ്മീന് 400 റിയാൽ, ഇടത്തരം വലുപ്പമുള്ളവക്ക് 500 റിയാൽ, വലുതിന് 700 റിയാൽ, ഏറ്റവും വലിയ വലുപ്പത്തിന് 1,000 റിയാൽ എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആറുമാസത്തെ നിരോധനത്തെ തുടർന്ന് ചെമ്മീൻ പിടിക്കാൻ അനുമതി നൽകിയത് ബുദ്ധിപരമായ നടപടിയാണെന്നും മത്സ്യത്തൊഴിലാളികൾക്കും വ്യാപാരികൾക്കും കച്ചവടക്കാർക്കും ഈ സീസൺ അവസരമാണെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറഞ്ഞു.
അറബ് യുവാക്കൾ സഹിതം ഏറെ ആഹ്ലാദത്തോടും പ്രതീക്ഷയോടുമാണ് ചെമ്മീൻ ചാകരയെ വരവേൽക്കുന്നത്. പതുക്കെ ചുടുപിടിച്ചു തുടങ്ങുന്ന വിപണന ചൂട് അവസാനിക്കുമ്പോഴേക്കും സജീവതയുടെ മൂർധന്യതയിലെത്തും. ഏറ്റവും രുചികരമായ ചെമ്മീൻ എന്ന ഖ്യാതി നേടിയ ഖത്വീഫിലെ വിപണിയിൽ ഇത്തവണ തുടക്കം മുതൽ തെന്ന ഓൺൈലെൻ വഴിയുള്ള കച്ചവടങ്ങൾ സജീവമായതായി ഈ മേഖലയിൽ ജോലിചെയ്യുന്ന സഹീദ് ഹമദാനി പറഞ്ഞു.
പുതിയ കാലത്തിന്റെ മാറ്റങ്ങളെ അതീവ യുക്തിയോടെ ഉപയോഗപ്പെടുത്തുകയാണ് സ്വദേശി യുവാക്കളെന്നും അദ്ദേഹം നിരീക്ഷിച്ചു. പലപ്പോഴും ചെമ്മീൻ പിടിക്കപ്പെടുന്ന ഉടനെ കടലിൽ വെച്ചുതന്നെ വിപണനവും നടക്കുന്നുണ്ട്. പതിനായിരക്കണക്കിന് മലയാളികൾ ജോലി ചെയ്തിരുന്ന ഏഷ്യയിലെ തന്നെ വലിയ മത്സ്യചന്തയിലെത്തിയ ഖത്വീഫിൽ ഇപ്പോൾ നാമമാത്രമായ മലയാളികൾ മാത്രമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.