ജിദ്ദ: പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിച്ച വിദ്യാർഥികൾക്ക് വിജയാശംസകൾ നേർന്ന് സൗദി മന്ത്രിസഭ. ജിദ്ദയിൽ ചൊവ്വാഴ്ച സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് രാജ്യത്തെ മുഴുവൻ വിദ്യാർഥികൾക്കും ആശംസകൾ നേർന്നത്.
വിദ്യാഭ്യാസ മേഖലയിൽ രാജ്യം കാണിക്കുന്ന വലിയ താൽപര്യവും ഗുണനിലവാരത്തിലുള്ള നിരന്തര ശ്രദ്ധയും മന്ത്രിസഭ ഊന്നിപ്പറഞ്ഞു. ഈ രംഗത്ത് കൈവരിച്ച നേട്ടങ്ങളും വിജയങ്ങളും അതാണ് പ്രതിഫലിപ്പിക്കുന്നത്. അതിൽ ഏറ്റവും ഒടുവിലത്തേത് സൗദിയിലെ നിരവധി സർവകലാശാലകൾ അന്താരാഷ്ട്ര റാങ്കിങ്ങിൽ എത്തിയതായും മന്ത്രിസഭ പറഞ്ഞു.
റിയാദ് നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ പ്രധാന, റിങ് റോഡ് ജങ്ഷനുകൾ വികസിപ്പിക്കുന്നതിനുള്ള പരിപാടി നടപ്പാക്കുന്നതിനെ മന്ത്രിസഭ അഭിനന്ദിച്ചു. ഗതാഗത സൗകര്യം വികസിപ്പിക്കാനും തലസ്ഥാനത്തെ ഗതാഗതം സുഗമമാക്കാനും സഹായിക്കുന്നതാണ് ഈ പദ്ധതികൾ. ജനസംഖ്യ വളർച്ചക്കും നഗര-സാമ്പത്തിക പദ്ധതികൾക്കും ഒപ്പം ആഗോള തലസ്ഥാനങ്ങളിൽ അതിന്റെ പ്രമുഖ സ്ഥാനം ഉറപ്പിക്കുന്നതാണ്.
സൗദിയും ലോകാരോഗ്യ സംഘടനയും തമ്മിലുള്ള ആദ്യത്തെ തന്ത്രപരമായ സംഭാഷണത്തിന്റെ ഫലങ്ങളെയും ഉഭയകക്ഷി ഏകോപനം തുടരുന്നതിനും സംയുക്ത സംരംഭങ്ങൾ തിരിച്ചറിയുന്നതിനുമുള്ള കരാറിനെയും മന്ത്രിസഭ പ്രശംസിച്ചു. പ്രാദേശികവും ആഗോളതലത്തിലുള്ളതുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണക്കുന്നതിനുള്ള പ്രതിബദ്ധതയും ആരോഗ്യ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നതിൽ തുടരുന്ന സഹകരണവും മന്ത്രിസഭ ഊന്നിപ്പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തുണ്ടായ എല്ലാ പ്രവർത്തനങ്ങളും ചർച്ച ചെയ്തു. പ്രത്യേകിച്ച് ലോകരാജ്യങ്ങളുമായും സംഘടനകളുമായും സഹകരണം ശക്തിപ്പെടുത്തുന്നതിന് വിവിധ തലങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളും അവലോകനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.