ജിദ്ദ: മക്കയുടെ ചരിത്രത്തിൽ തന്നെ എക്കാലത്തെയും വലിയ രീതിയിലുള്ള വിപുലീകരണ പ്രവർത്തനങ്ങളാണ് നിലവിൽ മസ്ജിദുൽ ഹറാമിൽ നടക്കുന്നതെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബിഅ പറഞ്ഞു. പള്ളിയുടെയും പരിസരങ്ങളുടെയും വിപുലീകരണത്തിനുള്ള ചെലവ് ഇതിനോടകം 20,000 കോടി റിയാൽ കവിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
കെയ്‌റോയിലെ സൗദി എംബസിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ഹജ്ജോ, ഉംറയോ നിർവഹിക്കാൻ സൗദിയിലെത്തുന്ന വനിതാ തീർഥാടകരെ അനുഗമിക്കാൻ ഇനി മഹ്‌റം (രക്തബന്ധു) ആവശ്യമില്ലെന്ന് ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള മുസ്ലിംകൾക്ക് നൽകുന്ന ഉംറ വിസകളുടെ എണ്ണത്തിന് ക്വാട്ടയോ, പരിധിയോ നിശ്ചയിച്ചിട്ടില്ല.
ഏത് തരത്തിലുള്ള വിസയുമായി രാജ്യത്തേക്ക് വരുന്ന ഏതൊരു മുസ്ലിമിനും നിലവിൽ ഉംറ നിർവഹിക്കാവുന്നതാണ്. ഹജ്ജിന്റെയും ഉംറയുടെയും ചെലവ് കുറക്കുന്നതിന് ആലോചന ഉണ്ടോ എന്ന ചോദ്യത്തിന് ആ വിഷയം നിരവധി ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. സൗദിയിലെ ഇരു ഹറമുകൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിശ്വാസികൾക്ക് ഹജ്ജ് മന്ത്രാലയം നൽകുന്ന സേവനങ്ങളുടെ ഡിജിറ്റലൈസേഷനും ആധുനിക സാങ്കേതികവിദ്യകളുടെ പരിചയപ്പെടുത്തലും ഉപയോഗവും സംബന്ധിച്ച് സമീപകാലത്ത് രാജ്യം നടത്തിയ ശ്രമങ്ങളെക്കുറിച്ചും മന്ത്രി പരാമർശിച്ചു.
തീർഥാടകർക്കുള്ള ചില സേവനങ്ങൾ നൽകുന്നതിന് നിലവിൽ റോബോട്ടുകളെ ഉപയോഗിക്കുന്നതും, ചുരുങ്ങിയ സമയത്തിനുള്ളിൽ ഉംറ പെർമിറ്റ് ബുക്ക് ചെയ്യാനും ശേഷം മണിക്കൂറിനുള്ളിൽ വിസ ലഭ്യമാക്കാനുമെല്ലാം സാഹചര്യമൊരുക്കി തീർഥാടകർക്കും വിശുദ്ധ പള്ളികൾ സന്ദർശിക്കുന്നവർക്കും നിരവധി സൗകര്യങ്ങൾ ലഭ്യമാക്കുന്ന 'നുസ്‌ക്' പ്ലാറ്റ്‌ഫോം വികസിപ്പിച്ചതടക്കമുള്ള കാര്യങ്ങളെല്ലാം ഇതിൽ ഉൾപ്പെടുന്നതായും മന്ത്രി ഡോ. തൗഫീഖ് അൽ റബിഅ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.