റിയാദ്: ഒന്നരമാസമായി റിയാദിലെ ആശുപത്രി മോർച്ചറിയിൽ അജ്ഞാത നിലയിൽ കിടന്ന മൃതദേഹം മലയാളിയുടേതാണെന്ന് കണ്ടെത്തി.റിയാദ് കെ.എം.സി.സിയുടെ ഇടപെടലിെൻറ ഫലമായാണ് തിരുവനന്തപുരം ശാസ്തവട്ടം സ്വദേശി രത്നകുമാർ (58) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞത്. ഒന്നരമാസം മുമ്പ് റിയാദിലെ താമസസ്ഥലത്ത് വെച്ചായിരുന്നു രത്നകുമാർ മരിച്ചത്. എന്നാൽ, മരിച്ച വ്യക്തിയെ കുറിച്ച് ആശുപത്രി അധികൃതർക്ക് കൃത്യമായ വിവരം ലഭിച്ചിരുന്നില്ല. ഒന്നര മാസം മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിൽ റിയാദിൽ സംസ്കരിക്കുന്നതിന് തയാറെടുക്കുമ്പോഴാണ് റിയാദ് ഇന്ത്യൻ എംബസി ഇടപെട്ടത്.
എംബസി അധികൃതർ ഇൗ വിഷയം റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂരിനെ അറിയിക്കുകയും ആളാരാണെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
സ്പോൺസറുമായി വർഷങ്ങളായി ബന്ധമില്ലാതിരുന്ന രത്നകുമാറിെൻറ വിഷയത്തിൽ ഇടപെടാൻ സ്പോൺസർ തയാറായില്ല. ഇഖാമയിലെ പേരിലെയും പാസ്പോർട്ട് നമ്പറിെൻറയും വ്യത്യാസവും കൂടുതൽ പ്രയാസമുണ്ടാക്കി. തുടർന്ന് ഇൗ വിവരം സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ഫിറോസ് കൊട്ടിയം മുസ്ലിം ലീഗ് ചിറയിൻകീഴ് മണ്ഡലം ജനറൽ സെക്രട്ടറി ഷഹീർ ജി. അഹമ്മദിനെ ബന്ധപ്പെടുകയും കുടുംബത്തെ കണ്ടെത്തി മരണവിവരം അറിയിക്കുകയുമായിരുന്നു. 25 വർഷമായി സൗദിയിലുള്ള രത്നകുമാർ 19 വർഷമായി നാട്ടിൽ പോകാതെ റിയാദിൽതന്നെ കഴിയുകയായിരുന്നു.
പിതാവ്: കുഞ്ഞികൃഷ്ണൻ, മാതാവ്: തങ്കമ്മ, ഭാര്യ: മോളി, മക്കൾ: സോനു, സാനു.മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് സിദ്ദിഖ് തൂവൂർ, ഫിറോസ് കൊട്ടിയം, ശിഹാബ് പുത്തേഴത്ത്, ഷഹീർ ജി. അഹമ്മദ്, നൗഷാദ് തുടങ്ങിയവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.