എട്ടുവർഷമായി സൗദി ജയിലിൽ കഴി​യവേ മരിച്ച തമിഴ്​നാട് സ്വദേശിയുടെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും

റിയാദ്: എട്ടുവർഷമായി സൗദി അറേബ്യയിലെ ജയിലിൽ കഴിയവേ മരിച്ച തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ പൂർത്തിയായി. രംഗനാഥൻ മോഹനന്റെ (59) മൃതദേഹം നാട്ടിലയക്കാൻ മലയാളി സാമൂഹികപ്രവർത്തകരാണ്​ ഇടപെൽ നടത്തുന്നത്​. 1991 ഒക്ടോബറിലാണ് രംഗനാഥൻ മോഹനൻ സൗദിയിലെത്തുന്നത്. ഒരു ഓയിൽ കമ്പനിയിൽ സയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു. 19 വർഷമായി ആ കമ്പനിയിൽ ജോലി ചെയ്​തു. ഓയിൽ മൊത്ത വിപണനക്കാരായിരുന്ന ഈ കമ്പനിയിൽ നിന്ന് ഓയിൽ എടുത്ത് മറ്റു സ്ഥാപനങ്ങളിൽ വിൽപ്പന നടത്തുന്നതായിരുന്നു രംഗനാഥ​െൻറ ജോലി. കണക്കിൽ ക്രമക്കേടുകൾ ശ്രദ്ധയിൽപെട്ട കമ്പനി നിയമനടപടികൾ സ്വീകരിക്കുകയും രംഗനാഥനെ ജയിലിൽ അടക്കുകയും ചെയ്​തു.

എട്ടു വർഷമായി റിയാദിലെ ജയിലിൽ കഴിയവേ ഇക്കഴിഞ്ഞ ഏപ്രിൽ എട്ടിനാണ്​ മരണപ്പെടുന്നത്. സൗദിയിൽ ബന്ധുക്കൾ ആരും ഇല്ലാത്തതിനാൽ മൃതശരീരം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയാക്കാനായി ഇന്ത്യൻ എംബസി കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ്​ തുവൂരിനെ ചുമതലപ്പെടുത്തി. ഫോറൻസിക് വകുപ്പ്, പൊലീസ്, സിവിൽ അഫയേഴ്‌സ് എന്നിവിടങ്ങളിൽ നിന്നുള്ള നടപടികൾ പൂർത്തിയാക്കി എക്സിറ്റ് ലഭിക്കാനായി പാസ്​പോർട്ട് വകുപ്പിലെത്തിയപ്പോഴാണ് ഇദ്ദേഹത്തിന്റെ പേരിൽ 1,145,898 സൗദി റിയാൽ (2,38,00000 രൂപ) സാമ്പത്തിക ബാധ്യതയുള്ളതായി അറിയാൻ കഴിഞ്ഞത്. ഒന്നര ലക്ഷം രൂപ മാത്രമാണ് ബാധ്യത എന്നാണ്​ രംഗനാഥൻ കുടുംബത്തോട് പറഞ്ഞിരുന്നത്.

ഇന്ത്യൻ എംബസിയുടെ അനുമതിപത്രവുമായി റിയാദ് ഗവർണറുടെ ഓഫീസിൽ സിദ്ദീഖ് പരാതി നൽകി. സ്ഥാപന ഉടമകളെ നേരിൽ കാണുകയും വിഷയം സംസാരിക്കുകയും ചെയ്തു. പകുതി തുക ഒഴിവാക്കാമെന്നായി ആദ്യം. പിന്നീട് മുക്കാൽ ഭാഗം ഒഴിവാക്കി കാൽ ഭാഗം നല്കാൻ പറ്റുമോ എന്ന് ചോദിച്ചു.

കുടുംബത്തിന്റെ അവസ്ഥ അവരെ ബോധ്യപ്പെടുത്തി. നാട്ടിൽ സ്വത്തുണ്ടോ എന്നതിന്റെ ആധികാരികമായ രേഖ നൽകാൻ ആവശ്യപെട്ടു. ന്യായമായ ആവശ്യമെന്നു തോന്നിയത് കൊണ്ട് അപ്പോൾ തന്നെ മകനുമായി സംസാരിച്ച്‌ രേഖ എത്രയും വേഗം നല്കാൻ ഞാൻ ആവശ്യപ്പെടുകയായിരുന്നു. നിരന്തര പ്രയത്നങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസം രേഖകൾ ശരിയാവുകയായിരുന്നു. റിയാദ് ഗവർണറേറ്റ്, വിദേശ മന്ത്രാലയം, നീതിന്യായ മന്ത്രാലയം എന്നിവിടങ്ങളിൽ അപേക്ഷ നൽകിയതി​െൻറ ഫലമായി കേസ് പിൻവലിക്കപ്പെടുകയും പാസ്പോർട്ട്​ വകുപ്പിൽ നിന്ന് ഫൈനൽ എക്സിറ്റ് വിസ ലഭിക്കുകയും ചെയ്​തു.

അടുത്ത ദിവസം തന്നെ നാട്ടിലെത്തിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചു. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള എല്ലാ ചെലവുകളും ഇന്ത്യൻ എംബസി വഹിച്ചു. എംബസി ഫസ്​റ്റ്​ സെക്രട്ടറി എം.ആർ. സജീവ്, സെക്കൻഡ് സെക്രട്ടറി അനിൽ റതൂരി, ഹരീഷ്, മുബാറക്ക്, റെനീഫ്, ശിവ പ്രസാദ്, ദമ്മാമിലെ സാമൂഹികപ്രവർത്തകൻ വെങ്കിടേഷ്, റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജീവകാരുണ്യ വിഭാഗം കൺവീനർ ശിഹാബ് പുത്തേഴത്ത്, ദഖ്​വാൻ വയനാട് എന്നിവർ വിവിധ ഘട്ടങ്ങളിൽ സഹായത്തിനുണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.