റിയാദ്: ബുധനാഴ്ച റിയാദിലെ ആശുപത്രിയിൽ നിര്യാതനായ ഒ.ഐ.സി.സി സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും പ്രവാസി സമൂഹിക പ്രവർത്തകനുമായ സത്താർ കായംകുളത്തിന്റെ (58) മൃതദേഹം നാട്ടിൽ ഖബറടക്കി. വ്യാഴാഴ്ച രാത്രി റിയാദിൽനിന്ന് ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ കൊണ്ടുപോയ മൃതദേഹം വെള്ളിയാഴ്ച രാവിലെ 9.15ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി.
സഹോദരൻ അബ്ദുൽ റഷീദിന്റെ നേതൃത്വത്തിൽ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധിയാളുകൾ മൃതദേഹം ഏറ്റുവാങ്ങി സ്വദേശമായ കായംകുളത്തെ എരുവയിലേക്ക് കൊണ്ടുപോകാൻ വിമാനത്താവളത്തിലെത്തിയിരുന്നു. വൈകീട്ട് ആറോടെ കായംകുളം എരുവ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കി.
32 വർഷമായി റിയാദിൽ പ്രവാസിയായിരുന്ന സത്താറിനെ ജുലൈ 26നാണ് പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ശുമൈസി കിങ് സഊദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്നര മാസമായി ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതിനിടെ ബുധനാഴ്ച വൈകിട്ട് 5.15 ഓടെ രക്തസമ്മർദം താഴ്ന്ന് അന്ത്യം സംഭവിക്കുകയായിരുന്നു.
കായംകുളം എരുവ കൊല്ലന്‍റയ്യത്ത് പരേതരായ ജലാലുദ്ദീന്റെയും ആയിഷാകുഞ്ഞിന്റെയും ഏഴുമക്കളിൽ ഒരാളാണ്. റിയാദിൽ അർറിയാദ് ഹോൾഡിങ് കമ്പനിയിൽ 27 വർഷം ജോലി ചെയ്തു. ഭാര്യ: റഹ്മത്ത് അബ്ദുൽ സത്താർ, മക്കൾ: നജ്മ അബ്ദുൽ സത്താർ (ഐടി എൻജിനീയർ, ബംഗളുരു), നജ്ല അബ്ദുൽ സത്താർ (പ്ലസ് വൺ വിദ്യാർഥിനി), നബീൽ മുഹമ്മദ് (അഞ്ചാം ക്ലാസ് വിദ്യാർഥി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.