റിയാദ്: മസ്തിഷ്ക മരണം സംഭവിച്ച സൗദി യുവതിയുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള പിതാവിന്റെ തീരുമാനം വഴി പുതുജീവൻ ലഭിച്ചത് അഞ്ചുപേർക്ക്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് 20 കാരിയായ യുവതിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചത്. മകളുടെ ജീവിതം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട പിതാവ് അവയവ ദാന തീരുമാനം സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റ് (സ്കോട്) അധികൃതരെ അറിയിക്കുകയായിരുന്നു.
യുവതിയിൽനിന്ന് ഹൃദയം, വൃക്കകൾ, ശ്വാസകോശം, കരൾ എന്നീ അവയവങ്ങളാണ് സ്കോട് സ്വീകരിച്ചത്. ഇതിന്റെ പ്രയോജനം അഞ്ച് രോഗികൾക്കാണ് ലഭിച്ചതെന്ന് ട്രാൻസ്പ്ലാൻറ് സെന്റർ അധികൃതർ വ്യക്തമാക്കി.
ഇതിനിടെ ഖുൻഫുദ ജനറൽ ആശുപത്രിയിൽ മസ്തിഷ്‌കമരണം സംഭവിച്ച ഒരാളുടെ അവയവങ്ങൾ റിയാദ് കിങ് ഫൈസൽ സ്‌പെഷ്ലിസ്റ്റ് ആശുപത്രിയിൽ മരണം മുന്നിൽ കണ്ട് കഴിയുകയായിരുന്ന രോഗിക്ക് നൽകി. ഖുൻഫുദ പ്രവിശ്യാ അധികൃതരുമായി ബന്ധപ്പെട്ട് കൃത്യമായ ആസൂത്രണത്തോടെ നിർവഹിച്ച ഈ ദൗത്യം വിജയിച്ചതായി ആരോഗ്യമന്ത്രാലയ വക്താവ് വെളിപ്പെടുത്തി.
അവയവ ദാതാവിന്റെ കുടുംബവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ, ശസ്ത്രക്രിയയ്ക്ക് മുമ്പ് നടത്തേണ്ട ആശുപത്രിയിലെ മുന്നൊരുക്കങ്ങൾ, ഫീൽഡ് ആംബുലൻസ് ടീമും ട്രാഫിക് വിഭാഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ 'സ്കോട്ടും' ആരോഗ്യമന്ത്രാലയവും ഏകോപിച്ചാണ് നിർവഹിച്ചതെന്ന് വക്താവ് പറഞ്ഞു. ശസ്ത്രക്രിയ സമയത്ത് എയർ ഇക്വേഷൻ സംവിധാനംവഴി പ്രത്യേക പരിശീലനം നേടിയ മെഡിക്കൽ സംഘത്തിെൻറ സഹായം ലഭിച്ചതായി മന്ത്രാലയ വക്താവ് അറിയിച്ചു.
1993-ൽ സ്ഥാപിതമായ നാഷനൽ കിഡ്നി ഫൗണ്ടേഷൻ 'സ്കോട്' എന്ന് പേര് മാറ്റി പ്രവർത്തനം വിപുലമാക്കിയത് സൽമാൻ രാജാവ് അധികാരമേറ്റ ശേഷമാണ്. ശ്രദ്ധേയമായ ചില ശസ്ത്രക്രിയകളിലൂടെ നിരവധി ജീവനുകൾ നിലനിർത്താൻ ഈ സംവിധാനം വഴി സാധിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും അവയവദാന പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.