ബഹ്​റൈനിൽ അറബ്​ ഉച്ചകോടിയിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സംസാരിക്കുന്നു

ഫലസ്​തീനെതിരായ ക്രൂരമായ ആക്രമണം അവസാനിപ്പിക്കണം -സൗദി കിരീടാവകാശി

റിയാദ്​: ഫലസ്​തീനികൾക്കെതിരായ ക്രൂരമായ ആക്രമണം അവസാനിപ്പിക്കണമെന്നും സംയുക്ത പ്രശ്നപരിഹാര നീക്കങ്ങൾക്ക് അന്താരാഷ്ട്ര സമൂഹം തയാറാവണമെന്നും സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ ആവശ്യപ്പെട്ടു. ബഹ്​റൈനിൽ നടന്ന 33ാമത്​ അറബ്​ ഉച്ചകോടിക്കിടെ നടത്തിയ പ്രസംഗത്തിലാണ്​ കിരീടാവകാശി ഇക്കാര്യം ആവശ്യപ്പെട്ടത്​​. ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനും അന്താരാഷ്ട്ര അംഗീകാരത്തിനും സൗദി അറേബ്യ പിന്തുണ നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അറബ് വിഷയങ്ങളിലും സംയുക്ത വികസനത്തിലും സൗദി വലിയ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്​. പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളിൽ, പ്രത്യേകിച്ച് ഫലസ്തീൻ വിഷയങ്ങളിൽ പൊതുവായ നിലപാടുകൾ രൂപപ്പെടുത്താൻ സൗദി ശ്രമിച്ചിട്ടുണ്ട്​. ഗസ്സക്കെതിരായ ഇസ്രായേൽ ആക്രമണത്തെ സൗദി ശക്തമായി അപലപിക്കുകയും അതിനായി ഉച്ചകോടി വിളിച്ചുകൂട്ടുകയും ഇസ്രായേൽ അതിക്രമത്തെ അപലപിച്ച് പ്രമേയം പുറത്തിറക്കുകയും ചെയ്​തു​. വിദേശകാര്യ മന്ത്രിമാരുടെ സംയുക്ത അറബ്-ഇസ്‌ലാമിക മന്ത്രിതല സമിതി രൂപവത്​കരിക്കുന്നതിനും ഗസ്സക്കെതിരായ ആക്രമണം തടയാനുള്ള നീക്കങ്ങൾ ആരംഭിക്കുന്നതിനും ഈ ഉച്ചകോടി കാരണമായി. ഫലസ്തീനെ സഹായിക്കാൻ സൗദി ജനകീയ കാമ്പയിൻ ആരംഭിക്കുകയും സഹായങ്ങൾ ഏഴ് കോടി റിയാൽ കവിയുകയും ചെയ്​തതായും കിരീടാവകാശി പറഞ്ഞു.

ഗസ്സയിലേക്ക് സഹായം എത്തിക്കുന്നതിന് കര, കടൽ ബ്രിഡ്​ജുകൾക്കായി സൗദി പ്രവർത്തിച്ചു. മേഖലയിലെ ദാരുണ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ അന്താരാഷ്ട്ര സംഘടനകളുടെ ശ്രമങ്ങൾക്കുള്ള പിന്തുണ സൗദി തുടർന്നു. ഗസ്സയിലെ മാനുഷിക സാഹചര്യത്തെ അഭിസംബോധന ചെയ്യുന്ന ശ്രമങ്ങളെ ഇനിയും പിന്തുണക്കും. തർക്കങ്ങൾ സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കാനാണ് സൗദി ആവശ്യപ്പെടുന്നതെന്നും കിരീടാവകാശി പറഞ്ഞു.

ഗസ്സയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുകയും മാനുഷിക സഹായം എത്തിക്കുകയും വേണം. കിഴക്കൻ ജറുസലേം തലസ്ഥാനമായി 1967 ജൂൺ നാലിലെ അതിർത്തിയിൽ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീൻ ജനതയുടെ അവകാശം ഉറപ്പുനൽകുന്ന വിധത്തിൽ അന്താരാഷ്ട്ര പ്രമേയങ്ങളുടെയും അറബ് സമാധാന സംരംഭത്തിന്റെയും അടിസ്ഥാനത്തിൽ ഫലസ്തീൻ പ്രശ്‌നത്തിന് നീതിയുക്തവും സമഗ്രവുമായ പരിഹാരം കണ്ടെത്താൻ പ്രവർത്തിക്കേണ്ടതുണ്ട്. മേഖലയിലെ എല്ലാ സംഘർഷങ്ങളും സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കാനാണ്​ സൗദി ആഗ്രഹിക്കുന്നത്​. ഈ നിലപാടിൽ നിന്നാണ്​ യമനിലേക്ക് മാനുഷിക സഹായം നൽകുന്നത് തുടരുകയും പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കണ്ടെത്താൻ യമൻ പാർട്ടികൾ തമ്മിൽ ചർച്ച നടത്തുകയും ചെയ്യുന്നത്. സുഡാനിലെ രാഷ്​ട്രീയ പ്രതിസന്ധിക്ക്​ പരിഹാരം കാണാൻ ഇരുകക്ഷികളുമായി നടത്തുന്ന ചർച്ചകളും ഇതിന്റെ ഭാഗമാണെന്നും കിരീടാകാശി പറഞ്ഞു​.

ചെങ്കടൽ വഴിയുള്ള ചരക്ക് കടത്തിന്റെ സുരക്ഷക്കുള്ള പ്രാധാന്യം സൗദി അറേബ്യ ഊന്നിപ്പറയുന്നു. നാവിഗേഷൻ സ്വാതന്ത്ര്യം എന്നത് ലോകത്തിന്റെ മുഴുവൻ താൽപര്യങ്ങളുമായി ബന്ധപ്പെട്ട ഒരു അന്താരാഷ്ട്ര ആവശ്യമാണ്. സമുദ്ര സഞ്ചാരത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഏതൊരു പ്രവർത്തനവും അവസാനിപ്പിക്കാൻ സൗദി​ ആവശ്യപ്പെടുന്നു. മേഖലയിലെ വെല്ലുവിളികളെ അതിജീവിക്കുന്നതിനും വികസനം, സമൃദ്ധി, സുസ്ഥിരത എന്നിവ തുടരുന്നതിനുമുള്ള ഞങ്ങളുടെ സംയുക്ത ശ്രമങ്ങൾ തുടരുമെന്നും കിരീടാവകാശി തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.

അറബ്​ ഉച്ചകോടിയിൽ പങ്കെടുക്കുന്ന സൗദി പ്രതിനിധി സംഘത്തിന്റെ തലവനായി, സൽമാൻ രാജാവിന്റെ നിർദേശപ്രകാരമാണ്​ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ വ്യാഴാഴ്​ച ഉച്ചയോടെ ബഹ്‌റൈനിലെത്തിയത്​. കിരീടാവകാശിക്കും സൗദി സംഘത്തിനും ഊഷ്​മള സ്വീകരണമാണ്​ ബഹ്‌റൈനിൽ ലഭിച്ചത്​. ഏഴ് മാസത്തിലേറെയായി ഇസ്രായേൽ ഗസ്സയിൽ നടത്തിക്കൊണ്ടിക്കുന്ന ക്രൂരമായ ​ആക്രമണത്തെ തുടർന്ന്​ മേഖലയിലെ സങ്കീർണ സാഹചര്യങ്ങൾക്കിടയിലാണ് ഉച്ചകോടി നടന്നത്​.

Tags:    
News Summary - The brutal attack on Palestine must stop -Saudi crown prince

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.