റിയാദ്: ചെറിയ പെരുന്നാൾ അവധി ആരംഭിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ നഗരത്തിലേക്ക് എത്തിത്തുടങ്ങി. വസ്ത്രങ്ങൾ, കളിക്കോപ്പുകൾ, സുഗന്ധവസ്തുക്കൾ, സമ്മാനങ്ങൾ, മധുരപലഹാരങ്ങൾ തുടങ്ങി പെരുന്നാൾ ആഘോഷിക്കാൻ ആവശ്യമായ സാധനങ്ങൾ വാങ്ങാൻ നല്ല തിരക്കാണ് റിയാദിലെ മാർക്കറ്റുകളിൽ അനുഭവപ്പെടുന്നത്. ദവാദ്മി, സാജൻ, ദുർമ, ഹുത്ത സുദൈർ, അൽ ഖർജ്, ഹുറൈംല, മറാത്ത് തുടങ്ങി റിയാദിനോട് ചേർന്നുകിടക്കുന്ന ചെറുപട്ടണങ്ങളിൽ നിന്നെല്ലാം വലിയൊരു വിഭാഗം സ്വദേശികളും വിദേശികളും പെരുന്നാൾ സാധനങ്ങൾ വാങ്ങാൻ റിയാദിലേക്കാണ് വരുന്നത്.
രാജ്യത്തെതന്നെ ഏറ്റവും വലിയ സുഗന്ധവസ്തുക്കളുടെയും ആഡംബര വസ്ത്രങ്ങളുടെയും പരമ്പരാഗത കമ്പോളമായ റിയാദിലെ ദീരയിലേക്ക് രണ്ടു ദിവസമായി ഉപഭോക്താക്കളുടെ പ്രവാഹമാണ്. തിരക്ക് നിയന്ത്രിക്കാൻ മാർക്കറ്റിലേക്കുള്ള പല വഴികളും വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കാതെ കാൽനടക്കാർക്കു മാത്രമായി ട്രാഫിക് പൊലീസ് ഇടപെട്ട് പരിമിതപ്പെടുത്തിയിട്ടുണ്ട്.
കുട്ടികളുടെ കളിക്കോപ്പുകളും പെരുന്നാൾ ഒരുക്കങ്ങളെ വർണാഭമാക്കുന്ന അലങ്കാരവസ്തുക്കളും ലഭിക്കുന്ന അൽ സുവൈലം തെരുവിലാണ് ഏറ്റവും കൂടുതൽ ജനത്തിരക്ക് അനുഭവപ്പെടുന്നത്. അവിടേക്കും കാൽനടയായി മാത്രമേ പ്രവേശിക്കാനാകൂ. പച്ചക്കറി, പഴവർഗങ്ങൾ, ഭക്ഷണവസ്തുക്കൾ, ചോക്ലറ്റുകൾ തുടങ്ങിയ സാധനങ്ങൾ ലഭിക്കുന്ന അതീഖ, അസീസിയ മാർക്കറ്റുകളിലേക്കും മാംസമാർക്കറ്റിലേക്കും ഉപഭോക്താക്കളുടെ ഒഴുക്കുണ്ട്.
സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്ക് ബുധനാഴ്ചയോടെ അവധി ആരംഭിച്ചു. ഇതോടെ തിരക്ക് ഇരട്ടിയായി. നഗരത്തിലെ പ്രധാന ഹൈവേകളിലെല്ലാം രാത്രി ഒമ്പതിനുശേഷം ഉറുമ്പരിക്കും വേഗത്തിലാണ് വാഹനങ്ങൾ നീങ്ങുന്നത്. മലയാളികൾ ഉൾപ്പെടെ വിദേശികൾ തിങ്ങിപ്പാർക്കുന്ന ബത്ഹ രണ്ടു ദിവസമായി അഭൂതപൂർവമായ തിരക്കിനാണ് സാക്ഷ്യംവഹിക്കുന്നത്.
ബത്ഹ നഗരം ഉറങ്ങാതെയാണ് സന്ദർശകരെയും ഉപഭോക്താക്കളെയും സ്വീകരിക്കുന്നത്. ഇനിയുള്ള ദിവസങ്ങളിൽ പുലരുവോളം ബത്ഹയിൽ ആൾത്തിരക്കുണ്ടാകും. റിയാദ് നഗരത്തിലെ പ്രധാന മാളുകളിലെല്ലാം തിരക്ക് വർധിച്ചിട്ടുണ്ട്. മാളുകളിലെ ചെറുകിട വൻകിട ഔട്ട്ലെറ്റുകളെല്ലാം ഉപഭോക്താക്കളെ സ്വീകരിക്കാൻ മികച്ച ഒരുക്കം നടത്തിയിട്ടുണ്ട്. വ്യത്യസ്തമായ ഉൽപന്നങ്ങൾ എത്തിച്ചും ആകർഷകമായ വിലക്കുറവ് പ്രഖ്യാപിച്ചും സീസൺ ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് വ്യാപാരികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.