ജിദ്ദ: മണിക്കൂർ അടിസ്ഥാനത്തിൽ സ്വദേശികൾക്ക് വഴങ്ങുന്ന ജോലികൾ ലഭ്യമാക്കാൻ ആരംഭിച്ച 'മറിൻ തൊഴിൽ പ്ലാറ്റ്ഫോ (Marn Work Platform)' മിലെ തൊഴിൽ കരാറുകളുടെ എണ്ണം 10,000 കവിഞ്ഞു. സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തെ ഉദ്ധരിച്ച് 'അൽഇഖ്തിസാദിയ' പത്രമാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വദേശിവത്കരണത്തെ പിന്തുണക്കുക, രാജ്യത്തെ പൗരന്മാർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ നൽകുക, തൊഴിലില്ലായ്മ നിരക്ക് കുറക്കുക, കുറഞ്ഞ ജോലി സമയവും കൂടുതൽ വഴക്കമുള്ളതുമായ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നിവ ലക്ഷ്യമിട്ട് അടുത്തിടെയാണ് മറിൻ തൊഴിൽ പ്ലാറ്റ്ഫോം ആരംഭിച്ചത്. 2022 അവസാനത്തോടെ പ്ലാറ്റ്ഫോമിലൂടെ കരാറുകളുടെ എണ്ണം 57,000 എത്താനാണ് ലക്ഷ്യമിടുന്നതെന്നും മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.
ജനറൽ സെയിൽസ് മാൻ, ഫുഡ് സെയിൽസ് മാൻ, ടെക്നിക്കൽ സർവിസ് കൺസൾട്ടൻറ്, ഫുഡ് സർവിസ് സൂപ്പർവൈസർ, അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻറ് തുടങ്ങിയ ജോലികളാണ് പ്ലാറ്റ്ഫോമിലൂടെ ഏറ്റവും കൂടുതൽ നൽകിയത്. കെട്ടിട നിർമാണം, ലോജിസ്റ്റിക് സേവനങ്ങൾ, എൻജിനീയറിങ് കൺസൾട്ടൻസി, മൊത്ത- ചില്ലറ കച്ചവടം, കെട്ടിട മെയിൻറനൻസ് സേവനങ്ങൾ, കാൻറീൻ, കഫറ്റീരിയ പ്രവർത്തനം, മണി എക്സ്ചേഞ്ച്, ഡിസൈൻ, പ്രോഗ്രാമിങ് എന്നീ മേഖലകളാണ് സംവിധാനം ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തിയത്. തൊഴിലന്വേഷകർക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വഴങ്ങുന്ന ജോലി ലഭിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നതിനുമാണ്. പൗരന്മാരെ സ്ഥിരംജീവനക്കാരാക്കി മാറ്റാനും അവരുടെ കഴിവുകളും അനുഭവവും ഉയർത്താനും പ്രാപ്തരാക്കാനും ഉദ്ദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.