ദമ്മാം: കേരള സാഹിത്യ അക്കാദമി മുൻ അധ്യക്ഷയായ പ്രശസ്ത എഴുത്തുകാരി പി. വത്സലയുടെയും സുപ്രീംകോടതിയിലെ ആദ്യ വനിത ജസ്റ്റിസും തമിഴ്നാട് മുൻ ഗവർണറുമായ ജസ്റ്റിസ് എം. ഫാത്തിമ ബീവിയുടെയും നിര്യാണത്തിൽ നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചനം അറിയിച്ചു.
പാവപ്പെട്ട മനുഷ്യന്റെ വിയർപ്പും മണ്ണിന്റെ മണവും കലർന്ന കഥാപരിസരങ്ങൾ നിറഞ്ഞ ഒട്ടേറെ നോവലുകളിലൂടെയും ചെറുകഥകളിലൂടെയും മലയാളി വായനക്കാരനെ അതിശയിപ്പിച്ച എഴുത്തുകാരിയാണ് പി. വത്സല. വിയോഗം മലയാള സാഹിത്യലോകത്തിന് വലിയൊരു നഷ്ടമാണെന്ന് നവയുഗം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വനിതകൾ കടന്നുവരാൻ മടിച്ചിരുന്ന ഒരു കാലത്താണ് അഭിഭാഷകവൃത്തി ജീവിതവഴിയായി ജസ്റ്റിസ് എം. ഫാത്തിമ ബീവി തെരഞ്ഞെടുത്തത്. 1989ൽ രാജ്യത്തെ ആദ്യത്തെ വനിത ജസ്റ്റിസായി സുപ്രീംകോടതിയിൽ നിയമിതയായപ്പോൾ ചരിത്രം വഴിമാറുകയായിരുന്നു.
റിട്ടയറായ ശേഷം ദേശീയ മനുഷ്യാവകാശ കമീഷൻ അംഗമായും പ്രവർത്തിച്ചിരുന്ന ജസ്റ്റിസ് എം. ഫാത്തിമ ബീവിയെ കേരള സർക്കാർ ‘കേരള പ്രഭ’ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. ജസ്റ്റിസ് എം. ഫാത്തിമ ബീവി വിടവാങ്ങുമ്പോൾ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ ഒരു ഉജ്ജ്വലമായ അധ്യായമാണ് അവസാനിക്കുന്നത് എന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.