റിയാദ്: ഉടമയടക്കം ഒമ്പതോ അതിൽ കുറവോ ജീവനക്കാരുള്ള ചെറുകിട സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളെ ലെവിയിൽ നിന്ന് ഒഴിവാക്കിയ ഇളവ് മൂന്ന് വർഷത്തേക്ക് കൂടി നീട്ടി. ചൊവ്വാഴ്ച സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ സമ്മേളനത്തിന്റേതാണ് തീരുമാനം. നേരത്തെ നീട്ടി നൽകിയ കാലാവധി ഫെബ്രുവരി 25ന് (ശഅ്ബാൻ മധ്യത്തോടെ) അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടിയത്. ഇത് ലക്ഷക്കണക്കിന് വിദേശികളടക്കമുള്ള തൊഴിലാളികൾക്കും സ്വദേശി വാണിജ്യ സംരംഭകർക്കും വലിയ ആശ്വാസം നൽകുന്നതാണ്.
വിദേശി ജീവനക്കാരുടെ പ്രതിമാസ വർക്ക് പെർമിറ്റ് ഫീസാണ് ലെവി. ഇത് അടയ്ക്കുന്നതിൽ നിന്ന് ചെറുകിട സ്ഥാപനങ്ങളെ ഒഴിവാക്കിയ തീരുമാനം അടുത്തൊരു മൂന്ന് വർഷത്തേക്ക് കൂടി നീട്ടിയത് ചെറുകിട സംരംഭങ്ങളുടെ വളർച്ചക്കും തൊഴിൽ വിപണിയിൽ അവയുടെ ഇടപെടൽ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുമെന്നാണ് വിലയിരുത്തൽ. രാജ്യത്തെ ചെറുകിട, ഇടത്തരം വാണിജ്യ സംരംഭങ്ങളുടെ എണ്ണം എകദേശം 12.6 ലക്ഷമായി ഉയർന്നിട്ടുണ്ട്.
ഉടമയടക്കം ആകെ ഒമ്പതോ അതിൽ കുറവോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് ഇളവ്. ഇത് നീട്ടാനുള്ള മന്ത്രിസഭാ തീരുമാനം ഉടൻ നടപ്പാക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഒമ്പതോ അതിൽ കുറവോ തൊഴിലാളികളുള്ള ചെറുകിട സ്ഥാപനത്തിൽ തൊഴിലുടമ അതിലെ ജീവനക്കാരനാകുകയും സോഷ്യൽ ഇൻഷുറൻസിൽ (ഗോസി) രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിൽ രണ്ട് വിദേശി ജീവനക്കാർക്കാണ് ലെവി ഇളവ് ലഭിക്കുന്നത്.
എന്നാൽ തൊഴിലുടമക്ക് പുറമെ മറ്റൊരു സൗദി പൗരൻ കൂടി സ്ഥാപനത്തിലുണ്ടാകുകയും ഇരുവരും സോഷ്യൻ ഇൻഷുറൻസിൽ (ഗോസി) രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിൽ നാല് വിദേശി ജോലിക്കാർക്ക് ലെവിയിൽ ഇളവ് ലഭിക്കും. ഒരു സ്ഥാപനത്തിൽ ലെവിയിൽ നിന്ന് ഒഴിവാക്കാവുന്ന പരമാവധി വിദേശി തൊഴിലാളികളുടെ എണ്ണം നാല് മാത്രമാണെന്നും മാനവ വിഭവശേഷി മന്ത്രാലയം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.