ജിദ്ദ: ജിദ്ദയിലെ പഴയ ഡിസ്ട്രിക്റ്റുകളിലെ കെട്ടിടങ്ങൾ പൊളിക്കലും നീക്കം ചെയ്യലും റമദാനിനോടനുബന്ധിച്ച് താത്കാലികമായി നിർത്തിവെക്കുമെന്ന് ജിദ്ദ നഗരസഭ വ്യക്തമാക്കി. ജിദ്ദ നഗരസഭ വക്താവ് മുഹമ്മദ് അൽബുഖ്മിയെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റമദാനിനു ശേഷം മുൻകൂട്ടി നിശ്ചയിച്ച ഷെഡ്യൂൾ അനുസരിച്ച് ജോലികൾ പുനരാരംഭിക്കുമെന്നും വക്താവ് പറഞ്ഞു.
പ്രധാന നഗരങ്ങൾ വ്യവസ്ഥാപിതമാക്കുക, ഉയർന്ന നിലവാരമുള്ള ഇൻഫ്രാസ്ട്രക്ചറുകളും മികച്ച ഡിസൈനുകളും നൽകുക, പൗരന്മാരുടെ സുരക്ഷയ്ക്ക് ഭീഷണിയായവ ഇല്ലാതാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ചേരിപ്രദേശങ്ങൾ നീക്കം ചെയ്യുന്നത്. ജിദ്ദയിലെ പഴയ ഡിസ്ട്രിക്റ്റുകളുടെ എണ്ണം 60 ൽ എത്തിയിട്ടുണ്ടെന്നാണ് കണക്ക്. വിവിധ ഭാഗങ്ങളിൽ നിന്നായി 50,000 ത്തിലധികം പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ ലക്ഷ്യമിടുന്നതായി ജിദ്ദ നഗരസഭ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
നിരവധി പഴയ കെട്ടിടങ്ങൾ ഇതിനകം പൊളിച്ചു മാറ്റിയിട്ടുണ്ട്. ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. പൊളിച്ചു മാറ്റുന്ന പ്രദേശത്തെ താമസക്കാരായ സ്വദേശി പൗരന്മാരെ സുരക്ഷിതമായ സ്ഥലങ്ങളിൽ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ നഗരസഭക്ക് കീഴിൽ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.