ജുബൈൽ: ഹൗസ് ഡ്രൈവർ വിസയിലെത്തി രണ്ട് വർഷം ആടുജീവിതം നയിച്ച യുവാവ് സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. കൊല്ലം അഞ്ചാലമൂട് സ്വദേശി അൻസാരിക്ക് ഇന്ത്യൻ സോഷ്യൽ ഫോറം ജുബൈൽ സിറ്റി ബ്ലോക്കാണ് തുണയായത്. രണ്ടു വർഷം മുമ്പാണ് ഹൗസ് ഡ്രൈവർ വിസയിൽ ദമ്മാമിലെത്തിയത്. എന്നാൽ സ്പോൺസറുടെ നിർദേശപ്രകാരം ദമ്മാമിൽനിന്ന് 15 കിലോമീറ്റർ അകലെയായി മരുഭൂമിയിൽ ആടുമേക്കൽ ജോലി ചെയ്യാൻ നിർബന്ധിതനാവുകയായിരുന്നു.
കൃത്യമായ ശമ്പളമോ താമസരേഖയോ കൊടുത്തിരുന്നില്ല. ജോലി സ്ഥലം വിട്ട് പുറത്ത് പോകാനും അനുവദിച്ചിരുന്നില്ല. കൂടെ ജോലി ചെയ്തിരുന്ന യമൻ സ്വദേശിയുടെ ഫോണിൽനിന്ന് നാട്ടിൽ ബന്ധപ്പെട്ട് കാര്യങ്ങൾ അറിയിക്കുകയായിരുന്നു. വിഷമത്തിലായ കുടുംബം എസ്.ഡി.പി.ഐ പ്രവർത്തകരുടെ സഹായം തേടി. ഇന്ത്യൻ സോഷ്യൽ ഫോറം ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജുബൈൽ സിറ്റി പ്രസിഡൻറ് സയീദ് ആലപ്പുഴയുടെ നേതൃത്വത്തിൽ അൻസാരിയുടെ താമസസ്ഥലം കണ്ടെത്തുകയും അടിയന്തര സഹായങ്ങൾ എത്തിക്കുകയും ചെയ്തു.
തുടർന്ന് സ്പോൺസറുമായി നിരന്തരം ചർച്ച നടത്തി നാട്ടിലേക്ക് പോകാനുള്ള വഴി ഒരുക്കുകയായിരുന്നു. അൻസാരിയുടെ മടക്കയാത്രക്ക് സഹായങ്ങൾ നൽകി സോഷ്യൽ ഫോറത്തോടൊപ്പം ബാബു, അൻഷാദ് ആലപ്പുഴ, സക്കറിയ, ഫൈസൽ എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.