ജുബൈൽ : സൗദിയിൽ നാടക വ്യവസായം അഭിവൃദ്ധിപ്പെടുത്തുന്നതിന് പുതിയ പദ്ധതികളുമായി തിയറ്റർ ആൻഡ് പെർഫോമിങ് ആർട്സ് അതോറിറ്റി. നാടകവേദിയിലെ പ്രതിഭകളെ കണ്ടെത്തൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, വിനോദത്തിൻെറ നിലവാരം ഉയർത്തൽ എന്നിവ ലക്ഷ്യമിട്ടുള്ള പദ്ധതികളുമായാണ് അതോറിറ്റി രംഗത്ത് വന്നിരിക്കുന്നത്.
സൗദിയിൽ നൂതനമായ നാടക വ്യവസായം സമാരംഭിക്കുന്നതിനു വ്യക്തമായ പദ്ധതികളാണ് അതോറിറ്റിക്ക് മുന്നിലുള്ളത്. വിവിധ നാടകാവിഷ്കാരങ്ങൾക്ക് പിന്തുണ നൽകുക, നാടകത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുക, അവ പരിപാലിക്കുക, ഓരോ നഗരത്തിൻെറയും സാമൂഹികവും ഭൂമിശാസ്ത്രപരവുമായ സവിശേഷതകൾക്ക് അനുസരിച്ച് നാടകത്തെ ചിട്ടപ്പെടുത്തുക, രാജ്യത്തെ കലാകാരന്മാരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക തുടങ്ങി വിവിധ ലക്ഷ്യങ്ങളാണ് അതോറിറ്റി ഉയർത്തിക്കാട്ടുന്നത്.
അഭിനയ മേഖലയിലെ കലാകാരന്മാർക്ക് വിജയകരമായ ഭാവി കെട്ടിപ്പടുക്കുന്നതിനും പ്രേക്ഷകരെ പ്രചോദിപ്പിക്കുന്ന ഉള്ളടക്കം സൃഷ്ടിക്കുന്നതിനും പ്രതിഭകളെ പ്രാപ്തരാക്കുകയും അതുവഴി കലാ മേഖലയുടെ വികാസം സാധ്യമാക്കുകയുമാണ് പദ്ധതി ലക്ഷ്യം വെക്കുന്നതെന്ന് അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ സുൽത്താൻ അൽ ബസായ് പറഞ്ഞു. ജീവനക്കാരുടെ അവബോധ കാമ്പയിനൊപ്പം വിഷൻ 2030 ൻെറ സാക്ഷാത്കാരം കൂടിയാണിത്. സാംസ്കാരിക മന്ത്രി പ്രിൻസ് ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ അൽ സഊദ്, ഉപമന്ത്രി ഹമീദ് ബിൻ മുഹമ്മദ് ഫയസ് എന്നിവർ പദ്ധതിക്ക് ശക്തമായ പിന്തുണ നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.