യാംബു: ‘മയക്കുമരുന്നിനെതിരെ യുദ്ധം’ എന്ന കാമ്പയിനിന്റെ ഭാഗമായി നടപടികൾ തുടരുന്നു. മയക്കുമരുന്ന് കൈവശം െവച്ചതിന് വനിതയുൾപ്പടെ രണ്ട് സൗദി പൗരന്മാർക്ക് 17 വർഷത്തെ തടവുശിക്ഷ വിധിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
പ്രതികൾ മയക്കുമരുന്ന് സ്വയം ഉപയോഗിക്കുകയും വിൽക്കുകയും ചെയ്തതായി കണ്ടെത്തി. ശുചിമുറിയിൽ പ്രത്യേക സൗകര്യമൊരുക്കിയാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നതത്രെ. ഏകദേശം 100 സൈക്കോട്രോപിക് ലഹരിവസ്തുക്കൾ, ഹാഷിഷ് മയക്കുമരുന്ന്, ലഹരി വിതരണ ഉപകരണങ്ങൾ, ഭാരം അളക്കാനുള്ള ഉപകരണം എന്നിവയും അവിടെ നിന്ന് കണ്ടെത്തി. പ്രതികളെ ഉടൻ തന്നെ പിടികൂടി കോടതിയിലേക്ക് റഫർ ചെയ്യുകയായിരുന്നെന്നും പബ്ലിക് പ്രോസിക്യൂഷൻ വക്താക്കൾ അറിയിച്ചു.
രാജ്യത്തെ മറ്റൊരു പ്രദേശത്തുനിന്ന് മയക്കുമരുന്ന് പിടിക്കപ്പെട്ട പ്രതിക്ക് 12 വർഷത്തെ തടവുശിക്ഷയും മയക്കുമരുന്ന് വിതരണത്തിന് കൂട്ടുനിന്ന മറ്റൊരു പൗരന് അഞ്ചു വർഷത്തെ തടവും ശിക്ഷിച്ചതായും അധികൃതർ അറിയിച്ചു. മയക്കുമരുന്നുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനകളിൽ പിടിക്കപ്പെട്ട ഒരു പ്രതിക്ക് ഒരു ലക്ഷം റിയാൽ പിഴ ചുമത്തിയതായും നാർകോട്ടിക് പ്രോസിക്യൂഷൻ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി. സൗദിയുടെ വിവിധ ഭാഗങ്ങളിൽ പരിശോധനകൾ വീണ്ടും ശക്തമാക്കിയിരിക്കുകയാണ് അധികൃതർ.
പട്രോളിങ് സംഘം രാജ്യത്തിന്റെ മുക്കും മൂലയും അരിച്ചുപെറുക്കുകയാണ്. സംശയാസ്പദമായ ഏതെങ്കിലും സാഹചര്യത്തിൽ ആരെങ്കിലും കണ്ടാൽ നടപടിയെടുക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്.
സൗദിയുടെ വിവിധ പ്രദേശങ്ങളിൽ നടന്ന പരിശോധനകളിൽനിന്ന് നിരവധി മയക്കുമരുന്നുകളാണ് അധികൃതർ പിടികൂടിയത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്ന പൊതുജനങ്ങൾക്ക് 1910@zatca.gov.sa എന്ന ഇമെയിൽ വിലാസത്തിൽ അറിയിക്കണം എന്നാണ് അധികൃതർ അറിയിച്ചത്. രാജ്യത്തിനകത്തുനിന്ന് 1910 എന്ന നമ്പറിലും വിദേശത്തുനിന്ന് +966114208417 എന്ന നമ്പറിൽ വിളിച്ച് റിപ്പോർട്ട് ചെയ്യാമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.