റിയാദ്: മൃതദേഹം വേണ്ടെന്നു വീട്ടുകാർ നിലപാടെടുത്തതോടെ യു.പി സ്വദേശിയുടെ ഖബറടക്കം നീണ്ടത് അഞ്ചുമാസം. റിയാദിന് സമീപം ദവാദ്മിയിൽ തീപിടിത്തത്തിൽ മരിച്ച ഗുഫ്രാൻ മുഹമ്മദ് എന്ന 31കാരന്റെ ചേതനയറ്റ ശരീരമാണ് അവഗണനമൂലം മോർച്ചറിയിൽ തണുത്ത് മരവിച്ചുകിടന്നത്.
ദവാദ്മി പട്ടണത്തിൽനിന്ന് 15 കി.മീ. അകലെ കൃഷിത്തോട്ടത്തിലെ താമസസ്ഥലത്ത് 2021 സെപ്റ്റംബർ 13ന് വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീപിടിത്തത്തിലായിരുന്നു മരണം.
ദവാദ്മിയിൽ തന്നെ ഖബറടക്കുന്നതിനുള്ള കുടുംബത്തിന്റെ അനുമതിപത്രം ഒപ്പിട്ട് കിട്ടാത്തതാണ് ഖബറടക്കം വൈകാനിടയായത്. കുടുംബവുമായി നിരന്തരം സാമൂഹിക പ്രവർത്തകർ ബന്ധപ്പെട്ടപ്പോൾ തങ്ങൾക്ക് മൃതദേഹം ആവശ്യമില്ലെന്നും പണം നൽകാതെ ഒപ്പിടില്ലെന്ന നിലപാടുമാണ് വീട്ടുകാർ കൈക്കൊണ്ടത്.
പല രീതിയിലും അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും വീട്ടുകാർ വഴങ്ങിയിരുന്നില്ല. ജോലിക്ക് കയറി മൂന്നാംമാസമാണ് ഗുഫ്രാന് അപകടം സംഭവിക്കുന്നത്. മൃതദേഹം സൗദിയിൽ മറവുചെയ്യുകയാണെങ്കിൽ കുടുംബത്തിന് ചെറിയ സഹായം നൽകാമെന്ന് സ്പോൺസറും പറഞ്ഞിരുന്നു. പക്ഷേ, പണം കിട്ടാതെ ഒപ്പിടില്ലെന്ന വീട്ടുകാരുടെ വാശി മൂലം പവർ ഓഫ് അറ്റോണി കിട്ടാതെ പണം അയക്കില്ലെന്ന തീരുമാനം സ്പോൺസറുമെടുത്തു.
മാസങ്ങൾ കുടുംബവുമായി സംസാരിച്ചിട്ടും ഫലം കണ്ടില്ല. തുടർന്ന് ഇന്ത്യൻ എംബസി അധികൃതർ അവിടത്തെ ജില്ല കലക്ടറുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാൻ മാർഗം തേടി. ജില്ല കലക്ടർ വീട്ടുകാരോട് നേരിട്ട് സംസാരിച്ച് പവർ ഓഫ് അറ്റോണി അയപ്പിച്ച് നിയമനടപടികൾ പൂർത്തിയാക്കി.
ഖബറടക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കുന്നതുവരെ കഴിഞ്ഞ അഞ്ചുമാസവും പ്രവർത്തിച്ചത് സാമൂഹിക പ്രവർത്തകരായ നിഹ്മത്തുല്ലയും ഹുസൈൻ അലി ദവാദ്മിയുമാണ്. രണ്ടുദിവസത്തിനകം ഖബറടക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.