ജുബൈൽ: സൗദി അറേബ്യയുടെ സമ്പന്നമായ പൈതൃകവും സാംസ്കാരിക ചരിത്രവും രാജ്യത്തുടനീളം ചിതറിക്കിടക്കുന്ന ശിലാ ലിഖിതങ്ങളിൽനിന്നും വായിച്ചെടുക്കാം. പുരാതനകാലം മുതലുള്ള മത, രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക അവസ്ഥകളുടെ പ്രാതിനിധ്യം വ്യക്തമാക്കുന്ന പാറകളിലെ കൊത്തുപണികൾ നൂറ്റാണ്ടുകൾക്ക് മുമ്പുള്ള തലമുറയുടെ ജീവിതവും വിളിച്ചോതുന്നവയാണ്. അറേബ്യൻ ഉപദ്വീപിെൻറ തെക്ക് ഭാഗത്തെ പൂർവികർ ബി.സി 6000ൽ മൃഗങ്ങളെ വേട്ടയാടാനും വളർത്താനും തുടങ്ങിയതായി ശിലകളിൽ കൊത്തിയിരിക്കുന്ന ചിത്രങ്ങളിൽനിന്ന് വ്യക്തമാകുന്നു.
കൊത്തുപണികളിൽ ചിലത് 12000 ബി.സി പഴക്കമുള്ളവയാണ്. പാൽ, മാംസം, തൊലികൾ, രോമങ്ങൾ എന്നിവക്കായി മനുഷ്യൻ ഉപയോഗിച്ച മൃഗങ്ങളുടെ നിരവധി ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
വേട്ടയാടലിനായി ഉപയോഗിക്കുന്ന ആദ്യത്തെ മൃഗങ്ങളിൽ ഒന്നാണ് നായ. ഇതും, ഉപജീവനത്തിനായി കഴുതകളെയും കാളകളെയും ഒട്ടകങ്ങളെയും വളർത്തിയിരുന്നതായും ചിത്രങ്ങൾ വ്യക്തമാക്കുന്നു.
അറേബ്യൻ ഉപദ്വീപിെൻറ വടക്കുപടിഞ്ഞാറൻ ഭാഗത്ത് ചിതറിക്കിടക്കുന്ന പാറകളിലെ ചിത്രരചനകൾ ബി.സി 4000 മുതൽ 2000 വരെയുള്ള കാലഘട്ടത്തിൽ ഈ പ്രദേശത്തെ ജനങ്ങളുടെ വേട്ടയാടലും കാലികൾ മേയുന്ന രീതിയും പരാമർശിക്കുന്നു. സൗദി അറേബ്യയിലെ കാലാവസ്ഥ ചൂട് വളരെ കൂടിയതും വരണ്ടതുമായി മാറിയപ്പോൾ കന്നുകാലികൾ ക്രമേണ അപ്രത്യക്ഷമാവുകയും പകരം വരണ്ട അന്തരീക്ഷത്തിന് അനുയോജ്യ മൃഗങ്ങളായ ഒട്ടകങ്ങൾ, കാട്ടാട്, ആട് എന്നിവ സമൃദ്ധമാവുകയും ചെയ്തു. വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലാണ് ഇൗ മൃഗങ്ങളുടെ ആവാസവ്യവസ്ഥ കൂടുതലായി അഭിവൃദ്ധിപ്പെട്ടതും.
തബൂക്കിെൻറ വടക്കുകിഴക്കൻ പ്രദേശങ്ങളിലെ പാറകളിലാണ് ഒട്ടകങ്ങളെ ആദ്യം ചിത്രീകരിച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഹാഇലിന് 40 കിലോമീറ്റർ കിഴക്കായി അൽ മാലിഹി പർവതനിരയിലെ പാറകളിൽ ഒട്ടകങ്ങൾ, ഒട്ടകപ്പക്ഷികൾ, സിംഹങ്ങൾ എന്നിവയുടെ ചിത്രങ്ങളുണ്ട്. ഈ മൃഗങ്ങളുടെ ചിത്രങ്ങൾ സമർപ്പിച്ച് യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ ഹാഇൽ ശൈല ചിത്രങ്ങൾ രജിസ്റ്റർ ചെയ്യാൻ സൗദിഅറേബ്യ നീക്കം തുടങ്ങിയിരിക്കുകയാണ്.
ഖസീം പ്രവിശ്യയിൽ ഒട്ടകപ്പക്ഷികൾ, സിംഹങ്ങൾ, പശുക്കൾ, ഒട്ടകങ്ങൾ എന്നിവയുടെ ചിത്രങ്ങൾ ധാരാളമായി രേഖപ്പെടുത്തിയിട്ടുണ്ട്.
െഎനു അൽ ജുവ മേഖലയിലെ പാറകളിൽ വേട്ടക്കാർ, കാട്ടാട്, ഒട്ടകപ്പക്ഷികൾ, ഒട്ടകങ്ങൾ എന്നിവയുടെ ചിത്രങ്ങൾ കാണാം. ഉഖ്ലത്ത് അൽ സുഖൈർ മേഖലയിലെ തമിയ പർവതത്തിൽ ഒട്ടകങ്ങളുടെയും കാട്ടാടുകളുടെയും ചിത്രങ്ങൾ കാണാം. അൽ ബുഖൈരിയ പ്രദേശത്തെ പാറകളിൽ സിംഹത്തിെൻറ ചേതോഹരമായ ചിത്രങ്ങളുണ്ട്.
സമാന ശ്രേണിയിലുള്ള മൃഗചിത്രങ്ങൾ ദാവദ്മി പ്രവിശ്യയിലെ മധ്യമേഖലയിലെ പാറകളിൽ കാണാം. ശിലാരേഖകൾ വേട്ടക്കാരെൻറയും മൃഗങ്ങളുടെയും ചലനത്തെയും വേട്ടയാടലിന് ഉപയോഗിക്കുന്ന ആയുധങ്ങളെയും കൃത്യമായി ചിത്രീകരിക്കുന്നു. സൗദി സാംസ്കാരിക മന്ത്രാലയം വിഷൻ 2030െൻറ ഭാഗമായി വിവിധ വിദേശ ദൗത്യങ്ങളുമായി സഹകരിച്ച് രാജ്യത്തിലെ പുരാവസ്തു, ചരിത്ര മേഖലകൾ സംരക്ഷിക്കുന്നതിനും രേഖപ്പെടുത്തുന്നതിനും ശ്രമം നടത്തുന്നതായി കിങ് സഊദ് സർവകലാശാലയിലെ ചരിത്രവിഭാഗം പ്രഫ. ഡോ. സൽമ ഹവ്സാവി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.