ബുറൈദ: കഴിഞ്ഞ ഞായറാഴ്ച തുർക്കിയയിലെ റെയ്സിലുണ്ടായ (റീസ) വാഹനാപകടത്തിൽ പരിക്കേറ്റ പൗരന്മാരെ റെഡ് ക്രസന്റ് ആരോഗ്യ മന്ത്രാലയ സംയുക്ത സംഘം സൗദിയിലെത്തിച്ചു. ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെയും പ്രത്യേക താൽപര്യപ്രകാരം വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ മുൻകൈയെടുത്താണ് പരിക്കേറ്റവരെ രണ്ടു ചെറുവിമാനങ്ങളിലായി നാട്ടിലെത്തിച്ചത്.
ഈ മാസം 21നാണ് തുർക്കിയയുടെ കരിങ്കടൽ തീര പട്ടണമായ റെയ്സിൽ 23 അംഗ വിനോദയാത്ര സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് റോഡരികിലെ ഭിത്തിയിലിടിച്ചു മറിഞ്ഞത്. സംഘത്തിൽ സ്ത്രീകളും നാലു കുട്ടികളുമുണ്ടായിരുന്നു. വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച 18 പേരുടെ കാര്യത്തിൽ അങ്കാറ എംബസി ഏറെ ജാഗ്രത പുലർത്തിയിരുന്നു. ഈ അപകടത്തിന്റെ തലേന്ന് തുർക്കിയയുടെ വ്യത്യസ്ത പ്രദേശങ്ങളിൽ നടന്ന രണ്ട് അപകടങ്ങളിലായി 34 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സൗദി കുടുംബങ്ങൾ അപകടത്തിൽപെട്ട വാർത്ത ബന്ധുക്കളിൽ വലിയ ആശങ്ക ഉയർത്തിയ സാഹചര്യത്തിലാണ് രാഷ്ട്രനേതൃത്വത്തിന്റെ ഇടപെടലുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.