യാംബു: പ്രവാസികൾക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കാൻ ഇന്ത്യൻ കോൺസുലേറ്റ്, വി.എഫ്.എസ് ഉദ്യോഗസ്ഥർ ഈ മാസം 25, 26 തിയതികളിൽ യാംബു മേഖല സന്ദർശിക്കും. യാംബു നഗരത്തിൽ കൊമേർഷ്യൽ പോർട്ടിന് എതിർ വശത്തുള്ള ഹയാത്ത് റദ് വ ഹോട്ടലിലാണ് സംഘം ക്യാമ്പ് ചെയ്യുക.
രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് വരെ കോൺസുലേറ്റ് ഉദ്യോഗസ്ഥരിൽ നിന്ന് ആവശ്യമായ സേവനങ്ങൾ ലഭിക്കും. പാസ്പോർട്ട് പുതുക്കാനും രേഖകളുടെ അറ്റസ്റ്റേഷനും ക്യാമ്പിൽ സൗകര്യമുണ്ടാവും. എന്നാൽ രേഖകളുടെ അറ്റസ്റ്റേഷൻ 25 ന് വെള്ളിയാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് മൂന്ന് വരെ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തിവെച്ച കോൺസുലാർ ടൂർ നീണ്ട ഇടവേളക്ക് ശേഷമാണ് യാംബുവിൽ പുനരാരംഭിക്കുന്നത്. ജനുവരി 29 നായിരുന്നു സംഘം അവസാനമായി യാംബുവിൽ സന്ദർശനം നടത്തിയത്. ഈ മാസം 11,12 തിയതികളിൽ യാംബുവിൽ തീരുമാനിച്ച കോൺസുലാർ സന്ദർശനം മക്ക മേഖലയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ റദ്ദാക്കിയിരുന്നു.
പാസ്പോർട്ട് പുതുക്കാനും രേഖകളുടെ അറ്റസ്റ്റേഷനുമായി ധാരാളം പേർ അന്ന് ഓൺലൈൻ വഴി അപ്പോയിന്റ്മെന്റ് എടുത്തും പാസ്പോർട്ട് അപേക്ഷ സമർപ്പിച്ചും കാത്തിരുന്നിരുന്നു. എന്നാൽ സന്ദർശനം പെട്ടെന്ന് റദ്ദാക്കിയത് മേഖലയിലെ പ്രവാസി ഇന്ത്യക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. പാസ്പോർട്ട് പുതുക്കൽ, രേഖകളുടെ അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾ ആവശ്യമുള്ള യാംബു മേഖലയിലെ പ്രവാസി ഇന്ത്യക്കാർ ഈ അവസരം പരമാവധി ഉപയോഗിക്കണമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു.
സേവനം ആവശ്യമുള്ളവർ തങ്ങളുടെ അത്യവശ്യമായ വിവരങ്ങൾ ഉൾപ്പെടുത്തി https://www.vfsglobal.com/india/saudiarabia/Shedule-your-Appointment.html എന്ന വെബ് പോർട്ടൽ വഴി മുൻകൂട്ടി അപ്പോയിൻന്റ്മെന്റ് എടുക്കണം. മുൻകൂട്ടി ബുക്കിങ് നടത്താത്തവർക്ക് സേവനം ലഭിക്കില്ല. ക്യാമ്പിൽ വരുന്നവർ കോവിഡ് മുൻകരുതൽ പൂർണമായും പാലിക്കണം. 'തവക്കൽനാ' ആപ്പിൽ തങ്ങളുടെ ആരോഗ്യ വിവരങ്ങളുടെ അപ്ഡേറ്റ് ആയ സ്റ്റാറ്റസ് കാണിക്കണം, സാമൂഹിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ തുടങ്ങിയവ കർശനമായും പാലിക്കണമെന്നും കോൺസുലേറ്റ് അറിയിച്ചിട്ടുണ്ട്.
സൗദി അധികൃതർ നൽകുന്ന നിയമ നിർദേശങ്ങൾ പൂർണമായും പാലിച്ചു വേണം സേവനം ഉപയോഗപ്പെടുത്തേണ്ടതെന്നും കോൺസുലേറ്റ് അധികൃതർ അറിയിച്ചു. ആറു മാസത്തിൽ കുറഞ്ഞ കാലാവധിയുള്ള പാസ്പോർട്ട് പുതുക്കാൻ ഈ അവസരം ഉപയോഗപ്പെടുത്താൻ യാംബു മേഖലയിലെ പ്രവാസി ഇന്ത്യക്കാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പ്രദേശത്തെ സാമൂഹിക, സന്നദ്ധ പ്രവർത്തകർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.