ജിദ്ദ: വാണിജ്യറോഡുകൾക്ക് സമീപം സ്ഥിതിചെയ്യുന്ന, നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങൾ മറയ്ക്കണമെന്ന മുനിസിപ്പൽ മന്ത്രാലയത്തിന്റെ പുതിയ നിയമം മക്കയിൽ നടപ്പാക്കിത്തുടങ്ങി. മക്ക മുനിസിപ്പാലിറ്റിയാണ് ഇതിന് തുടക്കംകുറിച്ചത്. പൊതുവായ കാഴ്ചക്കുള്ള തടസ്സങ്ങളെ ഒഴിവാക്കുക, നിർമാണസ്ഥലത്തെ സുരക്ഷ ഉറപ്പാക്കുക, നാശനഷ്ടങ്ങൾ ഒഴിവാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പിഴകൾ ഒഴിവാക്കുന്നതിന് തീരുമാനം പാലിക്കേണ്ടതിന്റെ ആവശ്യകത മുനിസിപ്പാലിറ്റിയുടെ ഔദ്യോഗികവക്താവ് ഒസാമ സൈത്തൂനി പറഞ്ഞു.
സെപ്റ്റംബർ 27ന് തീരുമാനം പ്രാബല്യത്തിൽ വന്നു. നിർമാണത്തിലിരിക്കുന്ന സാധാരണ കെട്ടിടങ്ങൾക്കുള്ള പ്രതിരോധ മുൻകരുതൽ നടപടിയുടെ ഭാഗമാണിത്. ഇത് കെട്ടിടങ്ങളുടെയും ചുറ്റുമുള്ള സ്ഥലങ്ങളുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നു. നിർമാണസമയത്ത് കെട്ടിടങ്ങൾ മറയ്ക്കാൻ മുനിസിപ്പാലിറ്റി നിരവധി സാങ്കേതികമാനദണ്ഡങ്ങളും സവിശേഷതകളും വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും വക്താവ് പറഞ്ഞു.
നെയ്ത വലകൾ ഉപയോഗിച്ചായിരിക്കണം കെട്ടിടങ്ങൾ പൂർണമായി മറയ്ക്കേണ്ടത്. നിലവിലുള്ള നിയമപ്രകാരം സ്കഫോൾഡുകൾ സ്ഥാപിക്കുമ്പോൾ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കണം. അതിൽ പതിവ് അറ്റകുറ്റപ്പണികളും കേടായഭാഗങ്ങൾ ഇടക്കിടെ നന്നാക്കലും നടത്തണം. റോഡുകൾക്ക് സമീപം അത് ഉപയോഗിക്കുമ്പോൾ കർശന സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കണം. നിർമാണസ്ഥലവും തൊഴിലാളികളെയും വഴിയാത്രക്കാരെയും സംരക്ഷിക്കുന്നതിനാണിത്. നഗരങ്ങളിലെ കാഴ്ചാഭംഗിക്ക് കേടുവരുത്തുന്ന ഇത്തരം തടസ്സങ്ങൾ ഇല്ലാതാക്കലും പുതിയ നിയമത്തിന്റെ ലക്ഷ്യങ്ങളിലുൾപ്പെടുന്നുവെന്നും വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.