റിയാദ്: ബിസിനസ് വിസിറ്റ് വിസയിൽ സൗദി അറേബ്യയിലെത്തി കുടുങ്ങിയ രണ്ട് മലയാളികൾ സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനാൽ നാടണഞ്ഞു. രണ്ട് വർഷം മുമ്പാണ് രണ്ട് മലപ്പുറം മഞ്ചേരി സ്വദേശികൾ കച്ചവടാവശ്യാർഥം റിയാദിലെത്തിയത്. ഇവർ താമസത്തിനായി വാടകക്കെടുത്ത ഫ്ലാറ്റിെൻറ തൊട്ടടുത്ത ഫ്ലാറ്റ് പൊലീസ് റെയ്ഡ് ചെയ്യുന്നതിനിടയിൽ ഇവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ഒന്നര വർഷത്തോളം ജയിലിലായ ഇവരെ രക്ഷപ്പെടുത്തണമെന്ന് അഭ്യർഥിച്ച് നാട്ടിൽ കുടുംബങ്ങൾ ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ വളൻറിയറും റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാനുമായ സിദ്ദീഖ് തുവ്വൂരിനെ ബന്ധപ്പെടുകയായിരുന്നു. ഇന്ത്യൻ എംബസിയിൽനിന്ന് അനുമതി പത്രം ലഭിക്കുകയും സി.െഎ.ഡി, പൊലീസ്, ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, കോടതി, ജയിൽ, ഡിപ്പോർട്ടേഷൻ സെൻറർ, പാസ്പോർട്ട് എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട് നടത്തിയ മോചന ശ്രമം വിജയം കണ്ടു. ഒന്നര വർഷത്തെ ജയിൽ വാസത്തിന് ശേഷം നിരപരാധിത്വം തെളിഞ്ഞ് സൗദി അഭിഭാഷകനായ ഉസാമ അൽഅംബറിെൻറ ജാമ്യത്തിലാണിവർ പുറത്തിറങ്ങിയത്. എംബസി ഉദ്യോഗസ്ഥൻ ഷറഫുദ്ദീൻ, കെ.വി. ബാബു മഞ്ചേരി, ഹാരിസ് തലാപ്പിൽ, മഹ്ബൂബ് കണ്ണൂർ, ശിഹാബ് പുത്തേഴത്ത് എന്നിവർ സിദ്ദീഖിനോടൊപ്പം വിവിധ ഘട്ടങ്ങളിൽ സഹായത്തിനുണ്ടായിരിന്നു.
വിസിറ്റ് വിസ കാലാവധി തീർന്നാൽ 15,000 റിയാൽ സാമ്പത്തിക പിഴയും നാടുകടത്തലുമാണ് ശിക്ഷ. ഇതിന് വേണ്ടി ഫിംഗർ പ്രിൻറ് എടുത്തെങ്കിലും ഡീപോർട്ടേഷൻ സെൻററിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി സിദ്ദീഖ് തുവ്വൂർ സംസാരിച്ച് നിരപരാധിത്വം ബോധ്യപ്പെടുത്തിയതാണ് ശിക്ഷയിൽനിന്ന് ഒഴിവാകാൻ തുണയായത്. വിസിറ്റ് വിസ തരപ്പെടുത്തി കൊടുക്കുന്ന ട്രാവൽ ഏജൻറുമാർ പലരും കച്ചവടമായിട്ടാണിതിനെ കാണുന്നതെന്ന് സിദ്ദീഖ് തുവ്വൂർ പറഞ്ഞു. വിസയുടെ സ്പോൺസർമാരുടെ ഓഫിസിനെ കുറിച്ചുള്ള വിവരങ്ങളൊന്നും വിസയിൽ വന്നവരുടെ കൈവശമില്ലാതിരുന്നതും വിനയായി. ട്രാവൽ ഏജൻറിനെ ബന്ധപ്പെട്ട് ചോദിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. വിസയിൽ കാണുന്ന ടെലിഫോൺ നമ്പർ പ്രവർത്തനരഹിതമായിരുന്നു.
സിദ്ദീഖ് പൊലീസുമായി ബന്ധപ്പെട്ട് പാസ്പോർട്ട് ഓഫിസിൽനിന്ന് ലഭിച്ച രേഖയിലെ സ്പോൺസറുടെ ഐഡി ഉപയോഗിച്ച് അവരുമായി സംസാരിക്കുകയായിരുന്നു. രണ്ടുപേർ ഒരു സ്പോൺസറുടെ കീഴിലും മറ്റൊരാൾ വേറെ സ്പോൺസറുടെ കീഴിലുമായിരുന്നു. സ്പോൺസറുടെ ഓഫിസിലുള്ള മാഹി സ്വദേശി ഗഫൂറുമായി ബന്ധപ്പെടാൻ കഴിഞ്ഞത് കാര്യങ്ങൾ എളുപ്പമാക്കി.
അദ്ദേഹത്തിെൻറ ഇടപെടൽ കാരണം മക്കയിലുള്ള സ്പോൺസർ സിദ്ദീഖിെൻറ പേരിൽ ആധികാരിക രേഖ നൽകാൻ തയാറായി. ഇതിലൂടെ അധികൃതരുമായി ബന്ധപ്പെട്ട് രണ്ടാഴ്ചത്തേക്ക് വിസിറ്റ് വിസ പുതുക്കാൻ കഴിഞ്ഞു. ഇതോടെ രണ്ടുപേരുടെയും നിയമക്കുരുക്കുകൾ മുഴുവൻ അഴിഞ്ഞു. വിസയെടുത്ത് സൗദിയിലേക്ക് വരുന്നവർ വാടകക്കെടുക്കുന്ന റൂമുകൾ സുരക്ഷിതമാണോ എന്ന് ഉറപ്പുവരുത്തുകയും വരുന്നതിനുമുമ്പ് ഇവിടത്തെ നിയമങ്ങൾ മനസ്സിലാക്കുകയും വേണമെന്ന് സാമൂഹിക പ്രവർത്തകർ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.