യാംബു: സൗദിയിലെ വിവിധ മേഖലകളിൽ പൊടിക്കാറ്റും ചൂടുമുള്ള കാലാവസ്ഥ കുറച്ചുദിവസങ്ങൾകൂടി തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം. റിയാദ്, അൽഖസീം, നജ്‌റാൻ, വടക്കൻ, കിഴക്കൻ അതിർത്തി മേഖലകൾ എന്നിവിടങ്ങളിൽ പൊടിക്കാറ്റ് തുടരുമെന്നാണ് പ്രവചിക്കപ്പെടുന്നത്. തബൂക്ക്, അൽജൗഫ് തുടങ്ങിയ മേഖലകളിൽ ഭാഗികമായി അന്തരീക്ഷം മേഘാവൃതമായിരിക്കും.
മക്കയിലും ജിസാൻ തീരപ്രദേശങ്ങളിലും പുലർച്ച നേരിയ മൂടൽമഞ്ഞുള്ള കാലാവസ്ഥയായിരിക്കും കുറച്ചുദിവസങ്ങളിൽ പ്രകടമാകുക. ചെങ്കടലിലെ ഭൗമോപരിതല കാറ്റിന്‍റെ ചലനം വടക്ക്, മധ്യ മേഖലകളിൽ മണിക്കൂറിൽ 18 മുതൽ 38 വരെ കി.മീ. വേഗതയിലായിരിക്കും. പടിഞ്ഞാറൻ, തെക്കൻ ഭാഗങ്ങളിൽ മണിക്കൂറിൽ 15 മുതൽ 35 വരെ കി.മീ. വേഗത്തിലായിരിക്കും. ചെങ്കടലിൽ തിരമാലയുടെ ഉയരം ഒരുമീറ്റർ മുതൽ ഒന്നരമീറ്റർ വരെയാകും. അറേബ്യൻ ഉൾക്കടലിലെ ഉപരിതല കാറ്റിന്‍റെ ചലനം വടക്കുപടിഞ്ഞാറുനിന്ന് വടക്കോട്ട് 20 മുതൽ 40 വരെ കി.മീ. വേഗതയിലായിരിക്കുമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. പൊടിനിറഞ്ഞ അന്തരീക്ഷമുള്ള കാലാവസ്ഥയിൽ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത കൈക്കൊള്ളാൻ അധികൃതർ മുന്നറിയിപ്പ് നൽകി. സൗദിയുടെ ചില ഇടങ്ങളിൽ 40 കി.മീ. വേഗതയിൽ വെള്ളിയാഴ്ച പൊടിക്കാറ്റ് അടിച്ചുവീശിയതായി റിപ്പോർട്ടുണ്ട്. ചിലയിടങ്ങളിൽ ദൂരക്കാഴ്ച 500 മീറ്ററിലും കുറവായിരുന്നു. പൊടിക്കാറ്റിനൊപ്പം നല്ല ഉഷ്‌ണവും അനുഭവപ്പെട്ടപ്പോൾ പലയിടത്തും യാത്രക്കാർ ഏറെ പ്രയാസപ്പെട്ടതായും റിപ്പോർട്ടുണ്ട്. ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുമ്പോൾ കഴിയുന്നതും വാഹനങ്ങൾ നിരത്തിൽ ഇറക്കാതിരിക്കുന്നതാണ് നല്ലതെന്നും പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്‌ക് ധരിക്കാനും കണ്ണിൽ പൊടികയറാതിരിക്കാനും ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു. ദൂരക്കാഴ്ച കുറയുമ്പോൾ മറ്റുള്ള വാഹനങ്ങളുമായി മതിയായ അകലം പാലിച്ച് ഡ്രൈവിങ്ങിൽ കൂടുതൽ ശ്രദ്ധവേണം.
പൊടിക്കാറ്റുള്ള പ്രദേശങ്ങളിലെ കെട്ടിടങ്ങളിലെയും താമസസ്ഥലങ്ങളിലെയും വാതിലുകളും ജനലുകളും തുറന്നിടാതിരിക്കാനും ശ്രദ്ധിക്കണം. കാറ്റ് അടിച്ചുവീശുന്ന സമയത്ത് കുട്ടികൾ പുറത്തിറങ്ങാതിരിക്കാനും ബാൽക്കണികളിൽ ഇരിക്കുന്നത് ഒഴിവാക്കാനും രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കാനും ബന്ധപ്പെട്ടവർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.