ജിദ്ദ: ദന്ത ഡോക്ടർ, ഫാർമസിസ്റ്റ് ജോലികളിലേർപ്പെടുന്ന സ്വദേശികൾക്ക് മിനിമം ശമ്പളം 7,000 റിയാൽ ആയി നിശ്ചയിച്ചു. ദന്തൽ, ഫാർമസി തസ്തികകളിലെ സ്വദേശിവത്കരണ മാർഗരേഖകളിൽ വരുത്തിയ ഭേദഗതിയിലൂടെയാണ് മിനിമം ശമ്പളം നിശ്ചയിച്ചത്. സൗദി മാനവ വിഭവശേഷി മന്ത്രി എൻജി. അഹ്മ്മദ് ബിൻ സുലൈമാൻ അൽരാജിഹി ആണ് ഭേദഗതിക്ക് അംഗീകാരം നൽകിയത്. 2022 ഏപ്രിൽ 11 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. ശേഷം ഈ തസ്തികകളിൽ നിയമിക്കപ്പെടുന്ന സൗദി പൗരന്മാർക്ക് മിനിമം ശമ്പളം 7,000 റിയാൽ ശമ്പളം നൽകിയാലേ സ്വദേശിവത്കരണ ഗണത്തിൽ ആ നിയമനത്തെ കണക്കാക്കുകയുള്ളൂ.
സ്വദേശികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും കൂടുതൽ തൊഴിലവസരങ്ങൾ നൽകാനും തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തം ഉയർത്താനുമാണ് തീരുമാനത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. ദന്തൽ ജോലികൾ സ്വദേശിവത്കരിക്കാൻ നടപടിക്രമ മാർഗനിർദേശത്തിൽ പറഞ്ഞിരിക്കുന്ന തീരുമാനങ്ങൾ മൂന്നോ അതിലധികമോ ദന്തൽ ഡോക്ടർമാർ ജോലി ചെയ്യുന്ന സൗദിയിലെ എല്ലാ സ്വകാര്യ മേഖല സ്ഥാപനങ്ങൾക്കും ബാധകമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഫാർമസി തൊഴിൽ സ്വദേശിവത്കരിക്കുന്നതിനുള്ള തീരുമാനങ്ങൾ അഞ്ച് അല്ലെങ്കിൽ അതിൽ കൂടുതൽ ഫാർമസിക്യൂട്ടിക്കൽ ജോലിക്കാരുള്ള മുഴുവൻ സ്ഥാപനങ്ങൾക്കും ബാധകമാണ്. ദന്ത ഡോക്ടർ, ഫാർമസിസ്റ്റ് ജോലികളിലേർപ്പെടുന്നവർ സൗദി ഹെൽത്ത് സ്പെഷ്യാലിറ്റി കമീഷനിൽ നിന്ന് പ്രഫഷനൽ അക്രഡിറ്റേഷൻ നേടേണ്ടതുണ്ട്. കമീഷെൻറ അംഗീകാരമില്ലാത്ത ദന്തഡോക്ടർമാരെയും ഫാർമസിസ്റ്റുകളെയും സ്വദേശിവത്കരണ അനുപാതത്തിൽ കണക്കാക്കുകയില്ല. തീരുമാനം സംബന്ധിച്ച വിശദമായ വിവരങ്ങൾ മന്ത്രാലയം പുറപ്പെടുവിച്ച നടപടിക്രമ മാർഗനിർദേശങ്ങളുടെ ലിങ്കിൽ പ്രവേശിച്ചാൽ അറിയാവുന്നതാണെന്നും മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.