ജുബൈൽ: സൗദി ഡോക്ടർമാരെ ഫെലോഷിപ് പ്രോഗ്രാമുകളിലും നഴ്സിങ്ങിലും പരിശീലിപ്പിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം വിദേശ രാജ്യങ്ങളുമായി 17 കരാറുകളിൽ ഒപ്പുവെച്ചു. ഈ പങ്കാളിത്തം ലോകമെമ്പാടുമുള്ള മികച്ച മെഡിക്കൽ സ്ഥാപനങ്ങളിൽ സൗദി ഡോക്ടർമാരെ പരിശീലിപ്പിക്കുകയും യോഗ്യത നേടുകയും അവരുടെ പ്രഫഷനൽ കഴിവുകൾ വികസിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.
ഹെൽത്ത് കേഡറുകളുടെ കഴിവുകൾ മെച്ചപ്പെടുത്താനും ആരോഗ്യ സ്പെഷലൈസേഷൻ മേഖലയിൽ അന്താരാഷ്ട്രതലത്തിൽ ലഭ്യമായ പരിശീലന അവസരങ്ങൾ വിപുലപ്പെടുത്താനും പങ്കാളിത്തം ലക്ഷ്യമിടുന്നു.
മന്ത്രാലയത്തിൽനിന്നുള്ള ഒരു പ്രതിനിധിസംഘം പല യൂറോപ്യൻ രാജ്യങ്ങളിലും ഔദ്യോഗിക സന്ദർശനങ്ങൾ നടത്തുകയും സൗദി ഡോക്ടർമാർക്കായി മൊത്തം 255 സീറ്റുകൾ ഉറപ്പാക്കുകയും ചെയ്തു. ജർമനിയിൽ 130, സ്വീഡനിൽ 50, റിപ്പബ്ലിക് ഓഫ് അയർലൻഡിൽ 75 എന്നിങ്ങനെയാണ് പരിശീലനം നൽകുക.
അനസ്തേഷ്യോളജി, കാർഡിയാക് സർജറി, അഡൽറ്റ് നെഫ്രോളജി, ന്യൂറോ സർജറി, പീഡിയാട്രിക് സർജറി, റെസ്പിറേറ്ററി മെഡിസിൻ, റേഡിയേഷൻ ഓങ്കോളജി, വാസ്കുലർ സർജറി, ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി എന്നീ സ്പെഷാലിറ്റികൾ പരിശീലനത്തിൽ ഉൾപ്പെടുന്നു.
സൗദി വിദ്യാഭ്യാസ ഉപമന്ത്രി ഡോ. മുഹമ്മദ് ബിൻ അഹമ്മദ് അൽ സുദൈരിയുടെ സാന്നിധ്യത്തിൽ ജർമനിയിലെ സൗദി അറേബ്യയുടെ എംബസിയുടെ ആക്ടിങ് ഷർഷെ ദഫേ മുഹമ്മദ് അൽ ദവാസ്, സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കോളർഷിപ്പുകൾക്കുള്ള ഡെപ്യൂട്ടി മന്ത്രി ഡോ. അമൽ ബിൻത് അബ്ദുൽ ഹമീദ് ഷുഖൈർ എന്നിവർ ഉൾപ്പെടെ അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സർവകലാശാലകളുടെയും മേധാവികൾ ചടങ്ങിൽ സംബന്ധിച്ചു.
ജർമനിയിലെ ഏറ്റവും പഴക്കം ചെന്ന സർവകലാശാലകളിലൊന്നായ ഫ്രെഡറിക്-അലക്സാണ്ടർ-യൂനിവേഴ്സിറ്റി എർലാംഗൻ-നൂൺബെർഗിനെ പ്രതിനിധാനം ചെയ്യുന്ന പ്രഫസർ കൈ-ഇംഗോ വോയ്ഗോട്ട്, ഗവേഷണത്തിലും വിദ്യാഭ്യാസത്തിലും രാജ്യത്തെ സർവകലാശാലകളുമായുള്ള സഹകരണം ശക്തിപ്പെടുത്തുമെന്ന് അറിയിച്ചു.
മ്യൂണിക്കിലെ സാങ്കേതിക സർവകലാശാലയും മ്യൂണിക്കിലെ ലുഡ്വിഗ് മാക്സിമിലിയൻ സർവകലാശാലയും ഉൾപ്പെടെയുള്ള മറ്റു ജർമൻ സർവകലാശാലകളിൽ നിന്നുള്ള പ്രതിനിധികൾ രാജ്യവുമായുള്ള സഹകരണം വളർത്തിയെടുക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ചു. വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.