ദമ്മാം: ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള സംഘ്പരിവാർ സർക്കാറിന്റെ നീക്കത്തെ ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളടക്കമുള്ളവർ ഒറ്റക്കെട്ടായി നേരിടമെന്നും ഇന്ത്യയിലെ ബഹുസ്വര സമൂഹത്തിൽ വംശീയമായി ചേരിതിരിവുണ്ടാക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണിതെന്നും പ്രവാസി വെൽഫെയർ ദമ്മാം റീജനൽ കമ്മിറ്റി സംഘടിപ്പിച്ച ടേബിൾ ടോക്കിൽ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രവർത്തകർ അഭിപ്രായപ്പെട്ടു.
ഭരണഘടനാ മൂല്യങ്ങളായ മതേതരത്വവും ബഹുസ്വരതയും നിലനിൽക്കണമെങ്കിൽ വൈവിധ്യങ്ങളെ അംഗീകരിക്കണം.
രാജ്യത്ത് നിലവിൽ വ്യത്യസ്ത സിവിൽ കോഡുകൾ പിന്തുടരുന്ന നൂറുകണക്കിന് ജനവിഭാഗങ്ങളുണ്ട്. ഇതില്ലാതാക്കി വർണാശ്രമ വ്യവസ്ഥക്ക് കീഴിലേക്ക് രാജ്യത്തെ കൊണ്ടുവരാനുള്ള നീക്കം മതേതരസമൂഹം തള്ളിക്കളയുമെന്നും വിഷയം അവതരിപ്പിച്ച ഈസ്റ്റേൺ പ്രോവിൻസ് വൈസ് പ്രസിഡൻറ് മുഹ്സിൻ ആറ്റശ്ശേരി പറഞ്ഞു.
2024ൽ ബി.ജെ.പി ഭരണകൂടത്തെ അധികാരത്തിൽനിന്ന് പുറത്താക്കാൻ പ്രതിപക്ഷനിര ഐക്യപ്പെട്ടുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ ഏകീകൃത സിവിൽകോഡ് മുന്നോട്ട് വെക്കുന്നത് ആ ഐക്യത്തെ തുരങ്കംവെക്കാനുള്ള തന്ത്രമാണെന്നും ഈ ഗൂഢതന്ത്രം തിരിച്ചറിയാനുള്ള വിവേകം എല്ലാ പ്രതിപക്ഷ പാർട്ടികളും പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2019ൽ സവർണസംവരണം കൊണ്ടുവന്നാണ് പ്രതിപക്ഷ നിരയിലെ ഐക്യം ബി.ജെ.പി തകർത്തത്.
അതിന്റെ ദുരന്തഫലം രാജ്യം ഇന്ന് അനുഭവിക്കുകയാണ്. ഏതെങ്കിലും ഒരു മതവിഭാഗത്തെ മാത്രം ബാധിക്കുന്ന പ്രശ്നമായി ഏകീകൃത സിവിൽ കോഡിനെ കാണാനാകില്ല.
രാജ്യത്തിന്റെ ഫെഡറലിസവും അതുവഴിയുള്ള പരസ്പര സഹകരണവും തകർക്കാനുള്ള നീക്കമാണ് ഇതെന്നുകണ്ട് പ്രവാസലോകത്ത് നിന്നുള്ള ശക്തമായ പ്രതിഷേധങ്ങളും ഉയർന്ന് വരണമെന്നും റീജനൽ കമ്മിറ്റി പ്രസിഡൻറ് റഹീം തീരൂർക്കാട് പറഞ്ഞു. മഹമൂദ് പൂക്കാട് (കെ.എം.സി.സി.), റസാഖ് ആലുംപടി (വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റി അംഗം), മുഷാൽ തഞ്ചേരി (സൗദി മലയാളി സമാജം), മുഹമ്മദ് റഫീഖ് (തനിമ), ബൈജു കുട്ടനാട്, ഡോ. ജൗഷിദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
റഊഫ് ചാവക്കാട് സ്വാഗതവും ബിജു പൂതകുളം നന്ദിയും പറഞ്ഞു. ജമാൽ കൊടിയത്തൂർ, ആഷിഫ് കൊല്ലം, ജമാൽ പയ്യന്നൂർ, സലീം കണ്ണൂർ, ഷമീം, അബ്ദുല്ല സൈഫുദ്ദീൻ, തൻസീം കണ്ണൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.