റിയാദ്: വ്യാഴാഴ്ച തുടങ്ങിയ സൗദി അറേബ്യയുടെ 93ാം ദേശീയ ദിനാഘോഷം രാജ്യമെങ്ങും തുടരുന്നു. ദേശീയദിനമായ ശനിയാഴ്ച നാടും നഗരവും ദേശീയ പതാകയോടെ ഹരിത ഓളങ്ങൾക്കൊപ്പം ആഘോഷത്തിമിർപ്പിലുയർന്നുപാറി. തലസ്ഥാനമായ റിയാദിലെ തെളിഞ്ഞ ആകാശത്തേക്ക് ഉയർന്നു പൊങ്ങിയ സൗദി വിമാനങ്ങൾ വർണപ്പൊടികൾകൊണ്ട് രാജ്യത്തിെൻറ പതാക വരച്ചു. സൂര്യൻ അസ്തമിച്ചതോടെ കരിവണ്ടുകളെ പോലെ മൂളി ഉയർന്നുപൊങ്ങിയ ഡ്രോണുകൾ മാനത്ത് വിരിയിച്ചത് സൗദിയുടെ ചരിത്രം. സൗദി അറേബ്യയുടെ സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിെൻറ ചിത്രമാണ് ആദ്യം തെളിഞ്ഞത്. സ്വദേശികളും വിദേശികളുമായ രാജ്യവാസികൾ ആർപ്പ് വിളികളോടെ മാനത്തുവിരിയുന്ന ചരിത്ര ചിത്രങ്ങളെ കൺകുളിർക്കെ കണ്ടു. സൽമാൻ രാജാവിെൻറ ചിത്രം തെളിഞ്ഞപ്പോൾ നിലക്കാത്ത കരഘോഷമാണ് അവരിൽനിന്നുയർന്നത്. പിന്നെ തെളിഞ്ഞത് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ ചിത്രം. ആവേശത്തിമിർപ്പിൽ മാനത്ത് പറക്കുന്ന ഡ്രോണുകളിലേക്കും വിമാനങ്ങളിലേക്കും എത്തുമാറുച്ചത്തിലാണ് കിരീടാവകാശിക്കു വേണ്ടി മുദ്രാവാക്യങ്ങളും അഭിവാദ്യങ്ങളും മുഴങ്ങിയത്. ‘ഞങ്ങളുടെ നായകരെ ഈ രാജ്യം ഇനിയും ഉയരങ്ങളിലെത്തിക്കുക’ എന്ന് ആർത്ത് പറഞ്ഞുകൊണ്ടിരുന്നു ആബാലവൃദ്ധം.
രാത്രി എട്ടോടെ റിയാദ് നഗരത്തിലെ പ്രധാന നിരത്തുകളെല്ലാം സ്വയമൊരുങ്ങിയെത്തിയ സൗദി യുവജനതയുടെ വാഹന ഘോഷയാത്രയാൽ നിറഞ്ഞുകവിഞ്ഞു. കൂറ്റൻ കൊടികൾ ഉയർത്തിയ വാഹനങ്ങളും വർണ വസ്ത്രങ്ങൾ അണിഞ്ഞ കുട്ടികളും നിരത്തിൽ വിസ്മയം തീർത്തു. നഗരഹൃദയത്തിലെ പ്രധാന ഹൈവേകളിൽ വാഹനങ്ങൾക്ക് മുകളിൽ കയറി നൃത്തംവെക്കുന്ന കൗമാരക്കാരും എല്ലാം കണ്ട് കൈയടിച്ചും സൗദിയുടെ പരമ്പരാഗത ചുവടുകൾ വെച്ച് അഭിവാദ്യം നൽകിയും മുതിർന്നവരും ആഘോഷത്തിന് പൊലിമയേറ്റി.
മിഴി ചിമ്മാതെ ദേശീയദിന രാവ് ആഘോഷിച്ചു വെളുപ്പിച്ചു ആബാലവൃദ്ധം. ഭാഷ അറിയാത്തവരെപോലും കീഴ്പ്പെടുത്തുന്ന ദേശീയ ഗാനവും ദേശീയത സ്ഫുരിക്കുന്ന മറ്റു പാട്ടുകളും അന്തരീക്ഷത്തിൽ നിലക്കാതെ ഒഴുകി കൊണ്ടിരുന്നു. ‘ഹദാ സൗദി ഫോക് ഫോക് (ഈ രാജ്യം ഉയരെ ഉയരെ) എന്നർഥം വരുന്ന ഗാനമാണ് ഏറ്റവും കൂടുതലായി എങ്ങും മുഴങ്ങിക്കൊണ്ടിരുന്നത്. വാഹനങ്ങളിൽനിന്നെല്ലാം അത്യുച്ചത്തിൽ പുറത്തേക്ക് ഒഴുകി അന്തരീക്ഷത്തിൽ ആവേശ തിരമാലകൾ തീർത്തു. കേൾക്കുന്നവർ കേൾക്കുന്നവർ ഏറ്റുപാടി...
റിയാദിലെ പ്രധാന വിനോദനഗരമായ ബോളീവാർഡിലേക്ക് ദേശീയ ദിന രാവ് പുലരും വരെ അണമുറിയാത്ത ജനമൊഴുക്കാണുണ്ടായത്. രാജ്യത്തിെൻറ വിവിധ പ്രവിശ്യകളിൽ നിന്നെത്തിയവർ സംഘം സംഘമായി ബോളീവാർഡിലെത്തി. വ്യത്യസ്തമായ വസ്ത്രധാരണം നടത്തിയും സംഘമായി നൃത്തച്ചുവട് വെച്ചും കവിത ചൊല്ലിയും ജനക്കൂട്ടത്തിൽ അവർ ശ്രദ്ധ നേടി. ചില കൂട്ടങ്ങൾ രാജ്യത്തിനും ഭരണാധികാരികൾക്കും അഭിവാദ്യങ്ങൾ അർപ്പിച്ചുള്ള മുദ്രാവാക്യങ്ങൾ മുഴക്കിയാണ് ബോളീവാർഡിൽ പ്രവേശിച്ചത്.
അവരെ എതിരേൽക്കാനും മുദ്രാവാക്യങ്ങൾ ഏറ്റുവിളിക്കാനും ആയിരങ്ങൾ കൂടെ ചേർന്നു. മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സജീവ പങ്കാളിത്വമുണ്ടായിരുന്നു എല്ലാ ആഘോഷ കേന്ദ്രങ്ങളിലും. യു.എ.ഇ, കുവൈത്ത്, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽനിന്ന് വാഹനവുമായി വന്നവർ ഇരു ദേശീയ പതാകകളും ചേർത്ത് കെട്ടി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇന്ത്യക്കാരുൾെപ്പടെയുള്ള വിദേശ സമൂഹവും ആഘോഷത്തിൽ പങ്കുചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.