റിയാദ്: കലയെ ചരിത്രവും ഭാവിയുമായി ബന്ധിപ്പിക്കുന്ന ‘റിയാദ് ആർട്ട്’ പരിപാടിയുടെ ഭാഗമായി പലതരം വർണപ്രകാശങ്ങൾകൊണ്ട് നഗരകേന്ദ്രങ്ങളിൽ വെളിച്ച വിസ്മയമൊരുക്കുന്ന നാലാമത് ‘നൂർ അൽ റിയാദ്’ നവംബർ 28ന് ആരംഭിക്കും. 17 ദിവസം നീളുന്ന ആഘോഷം നഗരത്തിലെ മൂന്ന് ഭാഗങ്ങളെ കേന്ദ്രീകരിച്ചാണ് അരങ്ങേറുക.
ബത്ഹക്ക് സമീപം മുറബ്ബയിലെ കിങ് അബ്ദുൽ അസീസ് ഹിസ്റ്ററിക്കൽ സെന്റർ, നഗരപ്രാന്തത്തിലെ താഴ്വരയായ വാദി ഹനീഫ, ദറഇയിലെ ജാക്സ് ഡിസ്ട്രിക്ട് എന്നിവിടങ്ങളിലാണ് പരിപാടികൾ അരങ്ങേറുന്നത്. ശിൽപശാലകൾ, കലയെ സംബന്ധിച്ച ഡയലോഗ് സെഷനുകൾ, സാമൂഹിക പങ്കാളിത്ത പരിപാടി എന്നിവക്ക് പുറമെ കലാസൃഷ്ടികളും നൂർ അൽറിയാദ് ആഘോഷത്തെ സർഗാത്മകമാക്കും.
തലസ്ഥാന നഗരത്തിെൻറ ചരിത്രപരവും സാംസ്കാരികവുമായ മൂല്യങ്ങളെ പ്രതിഫലിപ്പിക്കാനാണ് ചരിത്ര സ്ഥലങ്ങൾ തന്നെ ആഘോഷവേദിയാക്കിയതെന്ന് സംഘാടകർ അറിയിച്ചു. റിയാദിലെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക കേന്ദ്രവും മൂന്നാം സൗദി രാഷ്ട്രത്തിെൻറ ഭരണസിരാകേന്ദ്രവുമായിരുന്നു എന്നതിനാൽ ചരിത്രത്തിൽ സുപ്രധാന സ്ഥാനവുമുള്ള സ്ഥാപനമാണ് റിയാദ് നാഷനൽ മ്യൂസിയം വളപ്പിനോട് ചേർന്നുള്ള കിങ് അബ്ദുൽ അസീസ് ഹിസ്റ്ററിക്കൽ സെന്റർ.
രാജ്യം ചരിത്രവും ആധികാരികതയും പ്രതിഫലിപ്പിക്കുന്ന മ്യൂസിയങ്ങൾ ഉൾപ്പെടെ ഈ കേന്ദ്രത്തിൽ പ്രവർത്തിക്കുന്നു. നഗരത്തിന് ചുറ്റും ജലമൊഴുക്കിനാലും പച്ചപ്പിനാലും സമൃദ്ധമായ താഴ്വരയായി അന്തരീക്ഷത്തിന് ഉർവരത പകരുന്ന ‘വാദി ഹനീഫ’ റിയാദ് നഗരത്തിെൻറ ഒരു പ്രതീകം കൂടിയാണ്.
അതിെൻറ ഭൂപ്രകൃതി ലൈറ്റ് ഷോകൾക്കും ഔട്ട്ഡോർ ആർട്ടുകൾക്കും അനുയോജ്യമാണ്. സൗന്ദര്യാത്മക മാനത്തോടെ പ്രകൃതിദത്തമായ അന്തരീക്ഷത്തിൽ കലാസൃഷ്ടികളോട് സംവദിക്കാൻ സന്ദർശകരെ പ്രാപ്തരാക്കുന്നതാണ് ഈ വേദി. ആർട്ട് ഗാലറികൾ, ആർട്ട് സ്റ്റുഡിയോകൾ, സാംസ്കാരിക പ്രോജക്ടുകൾ എന്നിവയാൽ നിറഞ്ഞ സ്ഥലമാണ് ജാക്സ് ഡിസ്ട്രിക്ട്. ഡിസംബർ 14 ന് അവസാനിക്കുന്ന ആഘോഷത്തെക്കുറിച്ച് വിശദമായി വിവരിക്കുന്ന ഗൈഡുകളോടൊപ്പമുള്ള ടൂറുകളും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.