റിയാദ്: നീണ്ട ഇടവേളക്കുശേഷം ഇന്ത്യയുമായുള്ള യാത്രാവിലക്ക് സൗദി അറേബ്യ നീക്കിയത് എല്ലാ തുറകളിലുമുള്ള പ്രവാസികൾക്ക് ആശ്വാസവും ആഹ്ലാദവും പകരും. സാധാരണ നിലയിലേക്ക് ജീവിതം മടങ്ങുമെന്ന പ്രതീക്ഷയും നൽകുന്നു. വിമാനവിലക്കുൾെപ്പടെയുള്ള പ്രതിസന്ധിയിൽ സൗദി പ്രവാസികൾ അകപ്പെട്ടപ്പോൾ കുരുങ്ങിപ്പോയത് പ്രവാസി മാത്രമല്ല, നാട്ടിലെ വൻകിട സംരംഭകർ മുതൽ ദിവസക്കൂലിക്ക് പണിയെടുക്കുന്നവർ വരെയാണ്. നിർമാണപ്രവർത്തനങ്ങൾ, വസ്ത്ര, വാഹന വിപണികൾ, വിവാഹവേദികൾ ഉൾെപ്പടെ വിവിധ മേഖലകളെ സൗദി യാത്രാപ്രതിസന്ധി സാരമായി ബാധിച്ചിരുന്നു. വ്യോമഗതാഗതം സാധാരണ നിലയിലാകുന്നതോടെ നാടും സൗദിയും ഒരുപോലെ സജീവമാകും.
ഡിസംബർ ഒന്നു മുതൽ വിമാനം പറന്നിറങ്ങുന്നതോടെ കോവിഡിന് മുമ്പുണ്ടായിരുന്ന സാമ്പത്തികവും സാംസ്കാരികവുമായ ഉണർവിലേക്ക് പ്രവാസി സമൂഹവും തിരിച്ചെത്തും. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷമായി പ്രവാസി സംഘടനകളുടെ സാംസ്കാരിക, രാഷ്ട്രീയ, കലാവേദികൾ സജീവമായിരുന്നില്ല, ഒറ്റപ്പെട്ട പരിപാടികൾ ഓൺലൈനിൽ നടന്നതൊഴിച്ചാൽ.
വരുംദിവസങ്ങളിൽ സൗദിയിലെ സാംസ്കാരികവേദികൾ മുമ്പത്തെപോലെ സജീവമാകും. അതിനൊരുങ്ങുകയാണ് പ്രവാസി സംഘടന പ്രവർത്തകർ. ഹോട്ടൽഹാളുകളിലും ഇസ്തിറാഹകളിലും നിശ്ചിത ആളുകളെയേ പ്രവേശിപ്പിക്കാൻ പാടുള്ളൂ എന്നതും സാമൂഹിക അകലം ഉൾെപ്പടെയുള്ള പ്രോട്ടോകോൾ പാലിക്കാതെ പരിപാടി സംഘടിപ്പിച്ചാൽ വലിയ തുക പിഴയായി നൽകേണ്ടിവരുമെന്നതുമാണ് ജനബാഹുല്യമുള്ള പരിപാടികൾക്ക് സംഘടനകൾ ഇതുവരെ മുതിരാതിരിക്കാൻ കാരണം. എന്നാൽ, നിയമത്തിൽവന്ന പുതിയ ഇളവനുസരിച്ച് ഒരേസമയം ഹാളുകളിൽ ഇത്ര പേരേ പ്രവേശിക്കാവൂ എന്ന് നിബന്ധനയില്ല. ഹാളിെൻറ ശേഷിക്കനുസരിച്ച് ആളുകളെ പ്രവേശിപ്പിക്കാം. സാമൂഹിക അകലവും ആവശ്യമില്ല. ഈ ആനുകൂല്യം നിശ്ചലമായ പൊതുവേദികൾ സജീവമാകാൻ വഴിയൊരുക്കും.
കല, രാഷ്ട്രീയ രംഗങ്ങളിൽ അതത് കാലങ്ങളിൽ തിളങ്ങിനിൽക്കുന്ന സെലിബ്രിറ്റികളെ നാട്ടിൽനിന്ന് സന്ദർശക വിസയിൽ കൊണ്ടുവന്നാണ് സാംസ്കാരിക സംഘടനകൾ പരിപാടികൾ സംഘടിപ്പിക്കാറ്. എന്നാൽ, സൗദിയിൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഇതിനെല്ലാം പൂട്ടുവീണു. വിമാന സർവിസ് പുനരാരംഭിക്കുമെന്ന ആഭ്യന്തര മന്ത്രാലയത്തിെൻറ അറിയിപ്പ് വന്നതോടെ ഇനി രാഷ്ട്രീയരംഗത്തെയും സിനിമാരംഗത്തയെയും സെലിബ്രിറ്റികളെ പങ്കെടുപ്പിച്ച് പരിപാടികൾ അരങ്ങേറും.
വിമാന സർവിസ് നിലച്ചതോടെ നാട്ടിൽ കുടുങ്ങിപ്പോയവരിൽ സംഘടന നേതാക്കളും പ്രവർത്തകരുമുണ്ട്. അവരുടെ അസാന്നിധ്യവും വലിയ പരിപാടികൾ സംഘടിപ്പിക്കാൻ തടസ്സമായിരുന്നു. തടസ്സങ്ങളെല്ലാം നീങ്ങി പുതുവർഷത്തോടെ പൂർണമായും കാര്യങ്ങൾ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംഘടനകൾക്ക് പരിപാടികൾ സംഘടിപ്പിക്കുന്നതിനും ജീവകാരുണ്യപ്രവർത്തനത്തിനുള്ള ഫണ്ട് കണ്ടെത്താനും വിപണിയും വ്യവസായ മേഖലയും സജീവമാകണം. വലിയതുക ചെലവ് വരുന്ന പരിപാടികൾ സ്പോൺസർമാരില്ലാതെ അരങ്ങിലെത്തിക്കുക അസാധ്യമാണ്. കഴിഞ്ഞ ഒന്നര വർഷമായി വ്യാപാര മേഖല വലിയ പ്രതിസന്ധി നേരിട്ടിരുന്നതിനാൽ പരിപാടികൾ സ്പോൺസർ ചെയ്യുന്നതിൽ സ്ഥാപന ഉടമകൾ പിറകോട്ടായിരുന്നു. വിമാന സർവിസ് ആരംഭിക്കുന്നതോടെ സൗദി വിപണി വീണ്ടും സജീവമാകും. നീണ്ട ഇടവേളക്കുശേഷം സൗദിയിലെത്തുന്നവരിലേക്ക് ഉൽപന്നവും സ്ഥാപനവും പരിചയപ്പെടുത്തേണ്ട നിർബന്ധിത അവസ്ഥയുള്ളതിനാൽ സ്ഥാപനങ്ങളും നിർമാണ കമ്പനികളും രംഗത്തിറങ്ങും.
പരസ്യരംഗവും ഉണർവ് നേടും. സൗദി ഉൾെപ്പടെ ഗൾഫ്നാടുകളിലെ കൂടുതൽ സംഘടനകളുടെയും പ്രധാന പ്രവർത്തന മേഖല ജീവകാരുണ്യമാണ്. ഈ രംഗത്ത് കഴിഞ്ഞ ഒന്നര വർഷമായി സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് ഇവർ കാഴ്ചവെച്ചത്. കോവിഡിെൻറ തുടക്കത്തിൽ നിരവധിയാളുകളാണ് ചികിത്സക്കായി ആശുപത്രിയിലെത്താനും മരുന്നിനും ബുദ്ധിമുട്ടിയത്. ഈ ഘട്ടങ്ങളിലെല്ലാം പ്രയാസമനുഭവിച്ചവരെ സഹായിക്കുന്ന കാര്യത്തിൽ സംഘടനകൾ മത്സരബുദ്ധിയോടെയാണ് പ്രവർത്തിച്ചത്.
സൗദിയിൽ ലോക്ഡൗൺ സമയത്ത് താമസസ്ഥലത്ത് ഭക്ഷണവും മരുന്നും എത്തിക്കുന്നതിന് വ്യാപാരസ്ഥാപനങ്ങളും സുമനസ്സുകളും സന്നദ്ധത അറിയിച്ചപ്പോൾ ആവശ്യക്കാരിലേക്ക് അതെത്തിക്കാൻ ദുരന്ത നിവാരണ സേനയെപോലെ ചിട്ടയായി പ്രവർത്തിച്ച് മലയാളികൾ ഉൾെപ്പടെയുള്ള നിരാശ്രയർക്ക് ആശ്രയമായത് പ്രവാസി സംഘടനകളാണ്.
വരുംദിവസങ്ങളിൽ നിശ്ചലമാകാത്ത ജീവകാരുണ്യപ്രവർത്തങ്ങളോടൊപ്പം കലാസാംസ്കാരിക വേദികളും സജീവമായി തുടങ്ങും. കളിയും കാര്യവുമായി വേദികൾ സജീവമായി തുടങ്ങുന്നതോടെ പ്രവാസത്തിെൻറ സമ്മർദച്ചുഴിയിൽപെട്ട് മാനസികാരോഗ്യം തകരാറിലാകുന്നവരുടെ എണ്ണത്തിലും വലിയ കുറവുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.