റിയാദ്: തിങ്ങിനിറഞ്ഞ സദസിന് മുന്നിൽ റിയാദ് സീസൺ ആഘോഷത്തിലെ ആദ്യ നാടകം അരങ്ങേറി. 'സലാം മുറബ്ബ' എന്ന ഹാസ്യ നാടകമാണ് അവതരിപ്പിച്ചത്. ബോളിവാർഡ് സിറ്റി സോണിലെ ബക്കർ അൽഷെദി തിയേറ്ററിൽ അരങ്ങേറിയ നാടകത്തിെൻറ ആദ്യ പ്രദർശനത്തിലേക്കുള്ള ടിക്കറ്റുകൾ കുറഞ്ഞ സമയത്തിനുള്ളിലാണ് മുഴുവൻ വിറ്റുപോയത്. തുടർച്ചയായി അഞ്ചുദിവസമാണ് ഈ നാടകം അരങ്ങേറുന്നത്. എല്ലാ ദിവസവും രാത്രി ഒമ്പത് മുതൽ 12 വരെയാണ് നാടകാവതരണം.
ആയിരത്തോളം പ്രേക്ഷകർക്കാണ് ഇരിപ്പിടം ഒരുക്കിയിട്ടുള്ളത്. പ്രമുഖ ഈജിപ്ഷ്യൻ നടൻ മുഹമ്മദ് ഹെനഡിയാണ് നാടകത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ വർഷത്തെ റിയാദ് സീസൺ ആഘോഷത്തിലെ പ്രധാന ഹാസ്യ പരിപാടികളിലൊന്നാണ് ഈ നാടകം. സെയ്യിദ് എന്ന ഗായകൻ പ്രശസ്തിക്കും പണത്തിനും സ്നേഹിക്കുന്ന പെണ്ണിനെ വിവാഹം കഴിക്കാനും നടത്തുന്ന പോരാട്ടമാണ് നാടകത്തിെൻറ ഇതിവൃത്തം. ഹെനഡിയെ കൂടാതെ അയ്തൻ അമീർ, മുഹമ്മദ് തർവാത്, മുഹമ്മദ് മഹമൂദ്, മിർന നൂർ അൽദീൻ എന്നിവരും നാടകത്തിൽ വേഷമിടുന്നു. ഖാലിദ് ജലാലാണ് നാടകത്തിെൻറ രചനയും സംവിധാനവും നിർവഹിച്ചത്. നാടകത്തിെൻറ റിഹേഴ്സൽ മൂന്ന് മാസം മുമ്പാണ് തുടങ്ങിയത്. അരങ്ങിൽ അവതരിപ്പിക്കുന്നതിന് മുമ്പ് നിരവധി റിഹേഴ്സലുകൾ നടത്തിയതായി സംഘാടകർ പറഞ്ഞു.
ബോളിവാർഡ് സിറ്റിയുടെയും ഈ നാടകത്തിെൻറയും തയാറെടുപ്പുകൾ തുടങ്ങിയത് പോലെ യാദൃശ്ചികമായി തന്നെ നാടകത്തിെൻറ ആദ്യ അവതരണവും സിറ്റിയുടെ ഉദ്ഘാടനവും ഒരുമിച്ചതായത് കൗതുകമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.