ദമ്മാം: മതനിരപേക്ഷ മാനവികതയിൽ അധിഷ്ഠിതമായ പ്രത്യയശാസ്ത്രമായി ഇസ്ലാമിനെ പ്രവാചകൻ ലോകത്തിന് പരിചയപെടുത്തിയെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. തനിമ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഒരുമാസമായി നടന്ന 'പ്രവാചകെൻറ വഴിയും വെളിച്ചവും' സന്ദേശ പ്രചാരണത്തിെൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാനവികതയും അചഞ്ചലമായ ഏകദൈവ വിശ്വാസവും സമൂഹത്തിൽ പ്രചരിപ്പിക്കുക വഴി അനീതിക്കും അക്രമത്തിനും അന്ധവിശ്വാസങ്ങൾക്കുമെതിരെ ഉജ്ജ്വലമായ പോരാട്ടമാണ് പ്രവാചകൻ കാഴ്ചവെച്ചത്. 14 നൂറ്റാണ്ടുകൾക്കപ്പുറത്ത് അന്ധകാര നിബിഡമായിരുന്ന അറേബ്യൻ ജനതയെ ഒരു പരിഷ്‌കൃത സമൂഹമായി പരിവർത്തനം ചെയ്തു എന്ന സാമൂഹ്യ വിപ്ലവമാണ് അദ്ദേഹം സാധിച്ചത്.
23 വർഷക്കാലത്തെ പ്രവാചകത്വ ജീവിതത്തിലൂടെ ചൊരിഞ്ഞ പ്രകാശം ഇന്നും എത്രയോ പ്രസക്തമാണ്. പ്രവാചകനെ കുറിച്ചും ഇസ്ലാമിനെ സംബന്ധിച്ചുമുള്ള ബോധം പൊതുസമൂഹത്തിൽ വളർത്തികൊണ്ടുവരുക എന്നത് വളരെ പ്രധാനപ്പെട്ട ചുമതലയാണ്.
ലോകത്തിെൻറ വിവിധ കേന്ദ്രങ്ങളിൽ പ്രവാചകനെ സംബന്ധച്ച് തെറ്റിദ്ധാരണ പരത്തുന്ന ബോധപൂർവമായ പ്രവർത്തനങ്ങൾ നടന്നുവരുന്നു. 200 കോടിയോളം വരുന്ന വിശ്വാസി സമൂഹം ഇന്ന് ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നു. പ്രവാചകനിലൂടെ ലോകത്തിന് ലഭിച്ച പ്രകാശം വിശ്വമാനവികതയുടേതായിരുന്നു.
സാമ്പത്തികവും സാമൂഹികവുമായ നീതിയെന്ന ഖുർആനിലെ നിയമം സ്വജീവിതത്തിലൂടെ അദ്ദേഹം പ്രയോഗവത്കരിച്ചു. പ്രത്യയശാസ്ത്രവും പ്രയോഗവും ഒരുപോലെ കൊണ്ടുപോകാൻ പ്രവാചക ജീവിതത്തിന് കഴിഞ്ഞു. ആധുനിക കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വൈരുധ്യം പ്രത്യയശാസ്ത്രവും പ്രവൃത്തിയും തമ്മിലെ പൊരുത്തമില്ലായ്മയാണ്.
വിടവാങ്ങൽ പ്രസംഗത്തിൽ പ്രവാചകൻ പലിശരഹിത സാമ്പത്തികക്രമം നിയമവത്കരിക്കുകയായിരുന്നു. ഉള്ളവൻ ഇല്ലാത്തവന് നൽകണമെന്ന സാമ്പത്തിക നീതിയുടെ പ്രത്യശാസ്ത്രമണ് ഇസ്ലാമിക ജീവിതചര്യ. മക്കയിൽ ബാങ്ക് വിളിക്കാൻ നീഗ്രോ വിഭാഗത്തിലെ യുവാവിനെ നിശ്ചയിക്കുമ്പോൾ മനുഷ്യർക്കിടയിൽ വിഭാഗീയതയില്ലെന്ന വലിയൊരു സാമൂഹിക നീതിയാണ് അദ്ദേഹം നടപ്പാക്കിയത്.
പ്രവാചക ജീവിതവും ഖുർആനുമാണ് അദ്ദേഹം പിൻതലമുറക്ക് കൈമാറി പോയത്. ഇവ പിൻപറ്റി മൂല്യബോധത്തോട് ജീവിക്കുന്നവനാണ് ദൈവത്തിന് ഏറ്റവും അടുത്തവനെന്നും അദ്ദേഹം പറഞ്ഞു. തനിമ കേന്ദ്ര പ്രസിഡൻറ് കെ.എം. ബഷീർ അധ്യക്ഷത വഹിച്ചു. ഡോ. ആർ. യൂസുഫ് പ്രഭാഷണം നടത്തി. പിന്നണി ഗായിക റോഷ്‌നി സുരേഷ് സംസാരിച്ചു. മലർവാടി അണിയൊച്ചൊരുക്കിയ 'സ്പർശം' ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു. നൂഹ ഷബീർ ഖിറാഅത്ത് നടത്തി. തനിമ ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡൻറ് ഉമർ ഫാറൂഖ് സ്വാഗതവും സന്ദേശ പ്രചാരണ കൺവീനർ താജുദ്ദീൻ ഓമശ്ശേരി നന്ദിയും പറഞ്ഞു. റയ്യാൻ മൂസ അവതാരകനായിരുന്നു.
റിയാദ്: മനുഷ്യനെ സ്നേഹിക്കാൻ പഠിക്കുക എന്ന വലിയ സന്ദേശമാണ് പ്രവാചകൻ നിർവഹിച്ചതെന്ന് നിയുക്ത ശബരിമല മേൽശാന്തി ബ്രഹ്മശ്രീ വി.കെ. ജയരാജ് പോറ്റി പറഞ്ഞു. തനിമ സംഘടിപ്പിച്ച പ്രവാകെൻറ വഴിയും വെളിച്ചവും സന്ദേശ പ്രചാരണ സമാപന പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
നബിയുടെ സന്ദേശം വിശ്വം മുഴുവൻ പരക്കേണ്ടതാണ്. പ്രവാചകെൻറയും ശാസ്താവിെൻറയും സന്ദേശം ഒന്നാണ്. വാവരുടെ പള്ളിയിൽ പോയ ശേഷമാണ് ഭക്തർ മലചവിട്ടുന്നത്. ആളുകളെ പേടിപ്പിക്കാനുള്ള മാർഗമല്ല ദൈവം. നമ്മുടെ സന്തോഷത്തിലും ദുഃഖത്തിലും ആശ്രയിക്കാവുന്ന ശക്തിയാണ് ദൈവമെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ സന്തോഷത്തിലും ദുഃഖത്തിലും അഭയമായിട്ടാണ് ആരാധനാ കേന്ദ്രങ്ങളെ നാം ഉൾക്കൊള്ളുന്നത്. കോവിഡ് മഹാമാരി വേഗം മാറട്ടെ എന്ന് പ്രത്യേകമായി പ്രാർഥിച്ചുകൊണ്ടാണ് അദ്ദേഹം സംസാരം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.