ജിദ്ദ: വിദേശ ഉംറ തീർഥാടകരെ സ്വീകരിക്കുന്നതിെൻറ മുന്നോടിയായി തീർഥാടകരും വിദേശ ഉംറ ഏജൻസികളും സൗദിയിലെ ഉംറ സേവന സ്ഥാപനങ്ങളും പാലിക്കേണ്ട നിബന്ധനകൾ സൗദി ഹജ്ജ് ഉംറ മന്ത്രാലയം നിർണയിച്ചു.തീർഥാടകരുടെ പ്രായപരിധി 18നും 50നുമിടയിലായിരിക്കണം, കോവിഡ് മുക്തനാണെന്ന് തെളിയിക്കുന്ന സൗദി അംഗീകൃത ലാബിൽ നിന്നുള്ള പി.സി.ആർ സർട്ടിഫിക്കറ്റ് സമർപ്പിക്കണം, അത് 72 മണിക്കൂറിനുള്ളിലുള്ളതാകണം, ഒാരോ തീർഥാടകനും നിശ്ചിത ഷെഡ്യൂളനുസരിച്ച് മടക്കയാത്ര ബുക്കിങ് ഉറപ്പുവരുത്തണം, ഉംറ നിർവഹിക്കാനും മസ്ജിദുൽ ഹറാമിൽ നമസ്കരിക്കാനും മസ്ജിദുന്നബവി സന്ദർശിക്കാനും റൗദയിൽ വെച്ച് നമസ്കരിക്കാനും 'ഇഅ്തമർനാ' ആപ്പിൽ മുൻകൂട്ടി ബുക്കിങ് നടത്തണം എന്നിവയാണ് പ്രധാന നിബന്ധനകൾ.
ഹറം, താമസ കേന്ദ്രം, മീഖാത്ത് എന്നിവക്കിടയിലെ യാത്ര, ആരോഗ്യ ഇൻഷുറൻസ്, ഒാരോ സംഘത്തിനും ഗൈഡ്, പ്രവേശന കവാടത്തിനും താമസ കേന്ദ്രത്തിനുമിടയിലെ യാത്ര, സൗദിയിലെത്തിയ ഉടനെ മൂന്നു ദിവസത്തെ ക്വാറൻറീൻ താമസം എന്നിവ ഒാരോ തീർഥാടകനും നൽകുന്ന സേവന പാക്കേജിൽ നിർബന്ധിതമായും പാലിക്കേണ്ട കാര്യങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം തീർഥാടകർക്ക് ആരോഗ്യ മുൻകരുതൽ സംബന്ധിച്ച് ബോധവത്കരണം നൽകേണ്ടത് ഉംറ സേവന സ്ഥാപനങ്ങളുടെയും വിദേശ ഏജൻസികളുടെയും ഉത്തരവാദിത്തമാണ്.
ഉംറ സംവിധാനത്തിൽ രേഖപ്പെടുത്തുന്ന മുഴുവൻ വിവരങ്ങളും സത്യസന്ധമാണെന്ന് ഏജൻസികൾ ഉറപ്പാക്കണം.പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് ടിക്കറ്റ്, താമസ സ്ഥലം എന്നിവ സംബന്ധിച്ച വിവരങ്ങൾ ഉംറ സംവിധാനത്തിൽ വ്യക്തമായി രേഖപ്പെടുത്തണം. രാജ്യത്ത് പ്രവേശിച്ചശേഷം മൂന്നുദിവസം താമസകേന്ദ്രങ്ങളിൽ ക്വാറൻറീനിൽ കഴിയേണ്ടിവരുമെന്ന് തീർഥാടകരെ മൂൻകൂട്ടി അറിയിക്കണം. ചുരുങ്ങിയത് 50 പേരടങ്ങുന്ന സംഘമായി തിരിക്കണം. ഒാരോ സംഘത്തിനും ഗൈഡുണ്ടാകണം. വിമാനയാത്ര, താമസം, സൗദിക്കകത്തെ യാത്ര എന്നിവക്ക് ഇഅ്തമർനാ ആപ്പിലെ ബുക്കിങ് സമയക്രമമനുസരിച്ച് ഏകീകൃത പ്ലാൻ തയാറാക്കണം. താമസം, യാത്ര, ഫീൽഡ് സേവനങ്ങൾ, ഇൻഷുറൻസ്, ഭക്ഷണം തുടങ്ങി ഉംറ പാക്കേജിലെ സേവനങ്ങൾ തീർഥാടകർക്ക് പൂർണമായും ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കൽ സൗദിയിലെ ഉംറ സേവന സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്. വീഴ്ചകളും പ്രശ്നങ്ങളുമുണ്ടായാൽ അത് പരിഹരിക്കാൻ ശ്രമിക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.