ജിദ്ദ: മക്ക ഹറമിലെ പ്രധാന കവാടങ്ങളുടെ ബോർഡിൽ ക്യൂ.ആർ കോഡ് പതിച്ചു. സന്ദർശകർക്ക് പള്ളിയുടെ പ്രധാന കവാടങ്ങളുടെ പ്രത്യേകതകളും അവയുടെ പേരുകളും ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് കാണാനും മനസ്സിലാക്കാനും ഇതിലൂടെ സാധിക്കും.
ഹറമിലെത്തുന്നവർക്ക് പ്രധാന വാതിലുകൾ പരിചയപ്പെടുത്തുകയും അവയിലൂടെ സേവനങ്ങൾ നൽകുകയുമാണ് ബാർകോഡിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹറം സേവനകാര്യ അണ്ടർ സെക്രട്ടറി മുഹമ്മദ് അൽജാബിരി പറഞ്ഞു.
ക്യൂ.ആർ കോഡ് പതിച്ച വാതിലിനെയും അതിന്റെ പേരിന്റെ കാരണത്തെയും കുറിച്ചുള്ള വിവരങ്ങൾ ബാർകോഡിലൂടെ കാണാനാകും. കിങ് അബ്ദുൽ അസീസ് ഗേറ്റിനടുത്ത് സ്ഥാപിച്ച നെയിംബോർഡിലാണ് ആദ്യം ക്യൂ.ആർ കോഡ് സ്ഥാപിച്ചിരിക്കുന്നത്.
അത് സ്കാൻ ചെയ്താൽ വാതിലിനെക്കുറിച്ചുള്ള വിവരങ്ങളും ഇരുഹറമുകളുടെ സേവനത്തിൽ രാജ്യസ്ഥാപകനായ അബ്ദുൽ അസീസ് രാജാവ് നൽകിയ സേവനങ്ങളും സ്ഥലപരമായ മാർഗനിർദേശങ്ങളും കാണാൻ സാധിക്കും.
ഹറമിലെത്തുന്ന തീർഥാടകർക്കും സന്ദർശകർക്കും നൽകുന്ന സേവനങ്ങൾ സ്മാർട്ട് സാങ്കേതികവിദ്യ ഉപയോഗിച്ച് കൂടുതൽ മികച്ചതാക്കണമെന്ന ഇരുഹറം കാര്യാലയ മേധാവിയുടെ നിർദേശങ്ങൾക്ക് അനുസൃതമായാണ് ഈ സംവിധാനം ഒരുക്കിയതെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.