ഖമീസ് മുശൈത്ത്: ജീവിതം ദൈവപ്രീതി ലക്ഷ്യമാക്കി ജീവിക്കാനാണ് ഖുർആൻ മനുഷ്യ സമൂഹത്തോടാവശ്യപ്പെടുന്നതെന്നും അതുവഴി പ്രത്യാശാപൂർണവും സമാധാനപരവുമായ ജീവിതം മനുഷ്യന് സാധ്യമാകുന്നുവെന്നും സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി തൻസീർ ലത്തീഫ് അഭിപ്രായപ്പെട്ടു. 'ഖുർആൻ പഠിക്കാം; ജീവിത വിജയം നേടാം' എന്ന പേരിൽ തനിമ അസീർ സംഘടിപ്പിച്ച കാമ്പയിനിൻന്റെ ഭാഗമായി 'ഖുർആനും ഉമ്മത്തും' എന്ന വിഷയമവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരാശയിൽനിന്നും ഭയത്തിൽനിന്നുമുള്ള മോചനമാണ് ഖുർആൻ പഠനത്തോടെ മനുഷ്യന് നേടിയെടുക്കാൻ കഴിയുക. ജീവിതം ദൈവത്തിനു സമർപ്പിക്കുമ്പോൾ തന്നെ തന്റെ സഹോദരന്മാരോടും പ്രപഞ്ചത്തോടും സഹജീവികളോടുമുള്ള ബാധ്യതകളും കടമകളും നിർവഹിക്കണമെന്നു ഖുർആൻ കല്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഖുർആൻ പഠനം മനുഷ്യ മനസ്സിന് ആനന്ദവും സമാധാനവും നൽകുന്നുവെന്നും ഖുർആൻ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്യുന്നവരാവണം വിശ്വാസികളെന്നും അസീർ കിങ് ഖാലിദ് യൂനിവേഴ്സിറ്റി പ്രൊഫസർ ഡോ. അഹ്മദ് സലീൽ ആശംസ പ്രസംഗം നടത്തിക്കൊണ്ട് പറഞ്ഞു.
ഖമീസ് ന്യൂ സനാഇയ്യ അൽഹുദ മദ്രസയിൽ നടന്ന പൊതുസമ്മേളനത്തിൽ കബീർ ജമാൽ കൊല്ലം അധ്യക്ഷത വഹിച്ചു. അബ്ദുൽ റഹീം കരുനാഗപ്പിള്ളി സ്വാഗതവും മുഹമ്മദ് ഫാറൂഖ് നന്ദിയും പറഞ്ഞു. ഹിദായത്തുള്ള തിരുവനന്തപുരം ഖുർആനിൽ നിന്നവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.