റിറിയാദ്: ലോകപ്രശസ്ത കലാകാരന്മാരെയും അത്യാധുനിക സാങ്കേതികസൗകര്യങ്ങളോടെ വിനോദപരിപാടികളും അരങ്ങിലെത്തിച്ച് ഒക്ടോബറിൽ കൊടിയേറിയ റിയാദ് സീസൺ ആഘോഷം ആസ്വദിക്കാനെത്തിയവരുടെ എണ്ണം ഒരു കോടി കവിഞ്ഞു. കൃത്യമായ കണക്കനുസരിച്ച് 125 രാജ്യങ്ങളിൽനിന്നായി 1,10,00,845 പേരാണ് വിവിധ വേദികളിൽ അരങ്ങേറിയ കലാസാംസ്കാരിക പരിപാടികൾക്ക് സാക്ഷിയായത്. റിയാദ് നഗരവാസികളാണ് ഈ പ്രേക്ഷകരിൽ കൂടുതലും. രാജ്യത്തെ മറ്റു ഭാഗങ്ങളിൽനിന്ന് 16 ലക്ഷം പേരും വിദേശത്തുനിന്ന് 10 ലക്ഷം പേരും എത്തി. അമേരിക്കയിൽനിന്ന് 22,532, ബ്രിട്ടൻ 20,014, ഫ്രാൻസ് 8815, റഷ്യ 8227, കാനഡ 7332 എന്നിങ്ങനെയാണ് പ്രമുഖ രാജ്യങ്ങളിൽനിന്ന് വന്ന സന്ദർശകരുടെ കണക്ക്. ലോകത്തിന്റെ വിവിധ കോണുകളിൽനിന്ന് കലാകാരന്മാരും സന്ദർശകരും സീസൺ ആസ്വദിച്ചതായി സംഘാടകർ അറിയിച്ചു.
ബോളിവുഡ് താരങ്ങളായ സൽമാൻ ഖാനും ശിൽപ ഷെട്ടിയുമുൾപ്പെടെ ഇന്ത്യൻ കലാകാരന്മാരുടെ സംഘമെത്തി ഒരുക്കിയ താരനിശ റിയാദ് സീസൺ ആഘോഷത്തിന് ഇന്ത്യൻ പൊലിമ നൽകി. സൗദിയിലെ ഇന്ത്യക്കാരെ സീസൺ ആഘോഷത്തിലേക്ക് ആകർഷിക്കാൻ ഇത് കാരണമായി. 10 അന്താരാഷ്ട്ര എക്സിബിഷനുകൾ, 350ലധികം തിയറ്റർ പ്രദർശനങ്ങൾ, അന്താരാഷ്ട്ര വാഹനപ്രദർശനവും ലേലവും, നൂറു കണക്കിന് ഇലക്ട്രോണിക് ഗെയിമുകളും ബന്ധപ്പെട്ട മത്സരങ്ങളും, ലോകപ്രശസ്ത ഭക്ഷണ ബ്രാൻഡുകളുടെയും കഫേകളുടെയും ഭക്ഷണശാലകൾ തുടങ്ങി എല്ലാ പ്രായക്കാരുടെയും അഭിരുചിക്കനുസരിച്ച് പാകപ്പെടുത്തിയതായിരുന്നു എല്ലാ വേദികളും. ലോകപ്രശസ്ത റാപ്പർ പിറ്റ്ബുളും അറബ് സംഗീതജ്ഞരായ അമർ ദിയാബും മുഹമ്മദ് അബ്ദുവും നാൻസി അജറാമും അവതരിപ്പിച്ച സംഗീത രാവുകൾ ആസ്വാദകർക്ക് മറക്കാനാകാത്ത അനുഭവമാണ് സമ്മാനിച്ചത്.
റിയാദ് സിറ്റി ബോളീവാർഡ്, ഒയാസീസ്, ദ ഗ്രേവ്സ്, റിയാദ് വിന്റർ വണ്ടർലാൻഡ്, റിയാദ് ഫ്രന്റ് തുടങ്ങിയ വേദകളിലാണ് ഏറ്റവും കൂടുതൽ സന്ദർശകരും പ്രേക്ഷകരുമെത്തിയത്. ഇതിൽതന്നെ ബോളീവാർഡ് സിറ്റിയിലാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടതും. കഴിഞ്ഞ നാലുമാസമായി ഇവിടെ ഉത്സവാന്തരീക്ഷമാണ്. കോവിഡിന്റെ ഒമിക്രോൺ വകഭേദം വർഷാരംഭത്തിൽ ചെറുതായൊന്ന് ഭയപ്പെടുത്തിയെങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാക്കി ആഴ്ചകൾക്കകംതന്നെ വൈറസിനെ വരുതിയിലാക്കിയതിനാൽ സീസൺ ആഘോഷത്തെ അത്ര കാര്യമായി ബാധിച്ചില്ല. 14 വേദികളിലായി 54 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 7500 പരിപാടികളാണ് ഈ സീസണിൽ അരങ്ങേറുന്നത്. സീസണുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്കും നടത്തിപ്പിനുമായി 1255 കമ്പനികളുടെ സഹകരണത്തോടെ ഒന്നര ലക്ഷം പേർക്ക് തൊഴിലവസരം നൽകിയതായും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.