യാംബു: സൗദിയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) 2023ലെ ആദ്യ പാദത്തിൽ 3.8 ശതമാനം വളർച്ച കൈവരിച്ചതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. 2022ലെ ഒന്നാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ വളർച്ചയുടെ മികവാണ് പ്രകടമാകുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. എണ്ണയിനത്തിൽ 1.4 ശതമാനം മാത്രമാണ് വളർച്ച നേടിയതെങ്കിൽ എണ്ണയിതര മേഖലയിൽ 5.4 ശതമാനവും സർക്കാർ സേവന മേഖലയിൽ 4.9 ശതമാനവും വളർച്ച നേടി. ജി.ഡി.പി നാഷനൽ അക്കൗണ്ട്സ് പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ സമ്പദ്ഘടന ഇപ്പോഴും വളർച്ചയുടെ പാതയിലാണ്. എണ്ണ മേഖലയിലും പെട്രോളിതര മേഖലയിലും ഒരുപോലെ വളർച്ചയുടെ മികവ് രേഖപ്പെടുത്തി മുന്നേറുകയാണിപ്പോൾ. സാമ്പത്തിക വളർച്ചക്കായി എണ്ണയിതര മേഖലയിലും കാര്യമായ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള പദ്ധതികളും നയനിലപാടുകളും അധികൃതർ ആസൂത്രണപൂർവം എടുക്കുന്നത് ഏറെ ഫലം കണ്ടതായി സാമ്പത്തിക വിദഗ്ധരും വിലയിരുത്തുന്നു.
സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ വിഷൻ 2030 ലക്ഷ്യംവെക്കുന്ന സാമ്പത്തിക വളർച്ചക്ക് വേണ്ട പദ്ധതികൾ വിജയംകണ്ടുവരുകയാണ്. നിർമാണ, മൈനിങ് മേഖലകളും പോയവർഷം വമ്പിച്ച മുന്നേറ്റമാണ് പ്രകടമാക്കിയത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സാമൂഹികവും സാമ്പത്തികവുമായ മഹത്തായ തീരുമാനങ്ങളാണ് പുതിയ സാമ്പത്തിക നേട്ടത്തിന് ആക്കം കൂട്ടിയത്. സൗദി അറേബ്യയിലെ സ്ഥിതിവിവരക്കണക്കുകൾക്കും വിവരങ്ങൾക്കുമുള്ള ഒരേയൊരു ഔദ്യോഗിക റഫറൻസാണ് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ്.
രാജ്യത്തിന്റെ ‘സ്റ്റാറ്റിസ്റ്റിക്കൽ’ ജോലികളും സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ സാങ്കേതിക മേൽനോട്ടവും നടത്തുന്നത് ഈ അതോറിറ്റിയാണ്. ആവശ്യമായ ഫീൽഡ് സർവേകൾ രൂപകൽപന ചെയ്യുകയും സ്റ്റാറ്റിസ്റ്റിക്കൽ പഠനങ്ങളും ഗവേഷണങ്ങളും ഈ വകുപ്പ് നടത്തുന്നു. രാജ്യത്തിന്റെ വിവിധ ഡേറ്റയും വിവരങ്ങളും വിശകലനം ചെയ്താണ് സമ്പദ് വ്യവസ്ഥയുടെ വളർച്ചയുടെ റിപ്പോർട്ടുകൾ അതോറിറ്റി പുറത്തുവിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.