റിയാദ്: ഇന്ത്യ ജനാധിപത്യ പരമാധികാര റിപ്പബ്ലിക്കായതിെൻറ 72ാം വാർഷികദിനം സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹം ആഘോഷിച്ചു. ദേശഭക്തി ഗീതങ്ങളുടെ പശ്ചാത്തലത്തില്‍ റിയാദിലെ ഇന്ത്യന്‍ എംബസി അങ്കണത്തിൽ പ്രൗഢോജ്ജ്വല ചടങ്ങിൽ പ്രവാസി ഇന്ത്യൻ സാമൂഹിക പ്രതിനിധികൾ പെങ്കടുത്തു. കോവിഡ് സാഹചര്യത്തിൽ സമൂഹ അകലം പാലിച്ച് നടത്തിയ പരിപാടിയിൽ മുൻകൂട്ടി ക്ഷണിച്ച പരിമിത എണ്ണം ആളുകൾ മാത്രമേ പെങ്കടുത്തുള്ളൂ. രാവിലെ ഒമ്പതിന് അംബാസഡർ ഡോ. ഒൗസാഫ് സഇൗദ് ദേശീയപതാക ഉയർത്തി. തുടർന്ന് ഒരു മണിക്കൂര്‍ നീണ്ട ചടങ്ങില്‍ അംബാസഡര്‍ രാഷ്ട്രപതിയുടെ പ്രസംഗം വായിച്ചു. വന്ദേഭാരത് മിഷനിലൂടെ കോവിഡ് പ്രതിസന്ധിക്കിടെ സൗദി അറേബ്യയില്‍നിന്ന് മൂന്നുലക്ഷം ഇന്ത്യന്‍ പൗരന്മാരെ നാട്ടിലെത്തിക്കാന്‍ എംബസിക്ക് സാധിച്ചതായും അംബാസഡർ പറഞ്ഞു.
റിയാദിലെ ഇന്ത്യന്‍ മിഷെൻറ ചരിത്രത്തില്‍ ആദ്യമാണ് ഇത്രയും ആളുകളെ നാട്ടിലെത്തിച്ചത്. ഈ പ്രക്രിയയില്‍ സഹായഹസ്തം നല്കിയ എല്ലാ ഇന്ത്യന്‍ സംഘടനകള്‍ക്കും വളൻറിയര്‍മാര്‍ക്കും അംബാസഡര്‍ നന്ദി പറഞ്ഞു. പ്രവാസികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി ശ്രദ്ധ ചെലുത്തിയ സൗദി ഭരണാധികാരി സല്മാന് രാജാവ്, കിരീടാവകാശി അമീർ മുഹമ്മദ് ബിന്‍ സല്മാന് എന്നിവരോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. സുരക്ഷ, പ്രതിരോധ സഹകരണം, ഊർജം, ഭക്ഷ്യ സുരക്ഷ, സാമ്പത്തികം, ആരോഗ്യം, സാങ്കേതികവിദ്യ, സാംസ്കാരികം എന്നീ രംഗങ്ങളില്‍ ഇന്ത്യയും സൗദിയും തമ്മിൽ പരസ്പര സഹകരണം ശക്തമാണെന്നും അംബാസഡര്‍ പറഞ്ഞു. ശേഷം ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ നടന്നു. ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി അസീം അന്‍വര്‍ ചടങ്ങ് നിയന്ത്രിച്ചു.സാമൂഹിക പ്രവര്‍ത്തകനും പ്രവാസി ഭാരത് സമ്മാന്‍ ജേതാവുമായ ശിഹാബ് കൊട്ടുകാടിെൻറ നേതൃത്വത്തില്‍ രക്തദാന കാമ്പയിനും എംബസി അങ്കണത്തില്‍ നടന്നു.
മൂന്നു ഘട്ടമായാണ് ഇത്തവണ ഇന്ത്യൻ എംബസി റിപ്പബ്ലിക് ദിനം ആഘോഷിച്ചത്. റിയാദിലെ ഫൈസലിയ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സൗദി, ഇന്ത്യന്‍ ബിസിനസ് പ്രമുഖര്‍ പങ്കെടുത്തു. ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലെ കള്‍ച്ചറല്‍ പാലസില്‍ നടന്ന അത്താഴവിരുന്നിൽ റിയാദ് മേയര്‍ ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് അല്അയ്യാഫും പ്രമുഖരും സംബന്ധിച്ചു. ഇന്തോ-സൗദി ബന്ധം വിളിച്ചോതുന്ന ഫോട്ടോ പ്രദര്‍ശനവും ഇതോടനുബന്ധിച്ച് നടന്നു.
റിയാദ്: ഇന്ത്യയുടെ 72ാം റിപ്പബ്ലിക് ദിനാഘോഷവേളയിൽ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ആശംസകൾ നേർന്നു. ഇന്ത്യക്കാർക്ക് അഭിവൃദ്ധിയും ഐശ്വര്യവുമുണ്ടാകട്ടെയെന്ന് സൽമാൻ രാജാവ് ആശംസിച്ചു. ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയച്ച സന്ദേശത്തിൽ ഇരുവരും ഇന്ത്യയിലെ ജനങ്ങൾക്ക് സ്നേഹവും സന്തോഷവും കൈമാറി.
ജിദ്ദ: രാജ്യത്തിെൻറ 72ാമത് റിപ്പബ്ലിക്ദിനാഘോഷത്തോട് അനുബന്ധിച്ച് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ ആക്ടിങ് കോൺസൽ ജനറൽ വൈ. സാബിർ പതാകയുയർത്തി. ദേശീയഗാന ആലാപനത്തോടെ ആരംഭിച്ച ചടങ്ങിൽ പ്രസിഡൻറിെൻറ സന്ദേശം അദ്ദേഹം വായിച്ചു.
കോവിഡ് നിയന്ത്രണങ്ങൾ കാരണം കോൺസുലേറ്റിൽനിന്നുള്ള കുറച്ച് ഉദ്യോഗസ്ഥരും ഇന്ത്യൻ സമൂഹത്തിൽനിന്നും മുൻകൂട്ടി രജിസ്റ്റർ ചെയ്ത പരിമിതമായ ആളുകളും മാത്രമേ ചടങ്ങിൽ പങ്കെടുത്തുള്ളൂ.
ആഘോഷത്തോട് അനുബന്ധിച്ച് കേക്ക് മുറിച്ചു വിതരണം ചെയ്തു. വിവിധ മത്സരങ്ങളിൽ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. വൈകീട്ട് ജിദ്ദ പാർക്ക് ഹയാത്ത് ഹോട്ടലിൽ കോൺസുലേറ്റ് ഒരുക്കിയ വിരുന്നിൽ സൗദി ഉന്നത ഉദ്യോഗസ്ഥരും വിവിധ രാജ്യങ്ങളിൽനിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥരും ഇന്ത്യൻ സമൂഹത്തിൽനിന്ന് ക്ഷണിക്കപ്പെട്ട പ്രമുഖരും പങ്കെടുത്തു.ഇന്ത്യൻ സംസ്കാരം വിളിച്ചോതുന്ന വിവിധ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.